പുൽകോർട്ടിനെ ത്രസിപ്പിച്ച മാന്ത്രികന് തോൽവിയോടെ മടക്കം
ലേവർ കപ്പ് ഡബിൾസിൽ നദാലിനൊപ്പം ഇറങ്ങിയ ഫെഡററിനെ ടിയാഫോ-ജാക്ക് സോക് സഖ്യമാണ് തോൽപ്പിച്ചത്
ലണ്ടൻ: ടെന്നീസ് ഇതിഹാസം റോജർ ഫെഡററിന് അവസാന മത്സരത്തിൽ തോൽവിയോടെ മടക്കം. ലേവർ കപ്പ് ഡബിൾസിൽ നദാലിനൊപ്പം ഇറങ്ങിയ ഫെഡററിനെ ടിയാഫോ-ജാക്ക് സോക് സഖ്യമാണ് തോൽപ്പിച്ചത്.
24 വർഷം നീണ്ടു നിന്ന ഐതിഹാസിക കരിയറിന് ദി ഒ ടു അരീനയിൽ തിരശീല വീണു. ലേവർ കപ്പ് ഡബിൾസിൽ നദാലിനൊപ്പമാണ് ഫെഡക്‌സ് അവസാന മത്സരത്തിനിറങ്ങിയത്. ഇരുവരും ചേർന്ന് ആദ്യ സെറ്റിൽ എതിരാളികളെ അനായാസം മറികടന്നു.
എന്നാൽ, രണ്ടാം സെറ്റ് മത്സരത്തിൽ ടിയാഫോയും ജാക്ക് സോക്‌സും പൊരുതി കളിച്ചു. രണ്ട് വട്ടം ഗെയിം പോയിന്റ് നേടിയിട്ടും ഫെഡറർ-നദാൽ സഖ്യം സെറ്റ് കൈവിട്ടു. നിർണായകമായ അവസാന സെറ്റിൽ ശക്തമായ പോരട്ടമാണ് ഇരു ടീമുകളും പുറത്തെടുത്തത്.പരിക്കിന്റെ അവഷശതകൾ അവസാന സെറ്റിൽ ഫെഡററിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചു. ഒടുവിൽ ടിയാഫോയും ജാക്ക് സോക്‌സും വിജയം കൊണ്ട് പുൽ കോർട്ടിന്റെ രാജാവിന് വിട ചൊല്ലി.
24 വർഷങ്ങൾ നീണ്ടു നിന്ന കരിയറിൽ 103 കിരീടങ്ങളും 20 ഗ്രാൻഡ് സ്ലാമുകളും നേടി ഫെഡറർ എന്ന ഇതിഹാസം മടങ്ങുമ്പോൾ നഷ്ടമാകുന്നത് ടെന്നിസിലെ ക്ലാസിക് ടച്ചാണ്. 24 വർഷങ്ങൾ 24 മണിക്കൂറുകൾ പോലെ കടന്ന് പോയി എന്ന ഫെഡററിന്റെ കുറിപ്പിലെ വരികൾ പോലെ.
Adjust Story Font
16