ഓൻസ് ജബീർ: വിംബിൾഡൺ പ്രീ ക്വാർട്ടറിലെത്തുന്ന ആദ്യ അറബ് വനിത
2020 ഫ്രഞ്ച് ഓപ്പൺ ജേതാവ് ഇഗ സ്വിയാറ്റെക് ആണ് അടുത്ത മത്സരത്തിൽ ഓൻസ് ജബീറിന്റെ എതിരാളി.
വിംബിൾഡൺ ടെന്നീസ് ടൂർണമെന്റിന്റെ അവസാന പതിനാറിലെത്തുന്ന ആദ്യ അറബ് വനിതയായി തുനീഷ്യൻ താരം ഓൻസ് ജബീർ. ഇന്നലെ നടന്ന മത്സരത്തിൽ 2017 ലെ ചാമ്പ്യനായിരുന്ന ഗാർബെയ്‌ൻ മുഗുറുസയോട് ആദ്യ സെറ്റിൽ പിന്നിട്ട് നിന്ന ഇവർ രണ്ട് മണിക്കൂർ 26 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിൽ വിജയിക്കുകയായിരുന്നു. സ്‌കോർ 5-7, 6-3, 6-2
രണ്ടാം റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം വീനസ് വില്യംസിനെയും ഈ 26 കാരി തോൽപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ജേതാവ് ഇഗ സ്വിയാറ്റെക് ആണ് അടുത്ത മത്സരത്തിൽ ഇവരുടെ എതിരാളി.
"അവൾ അതിർവരമ്പുകൾ തകർത്ത് മുന്നേറുകയാണ്. അവൾ ചെയ്യുന്നതെന്തും അവരുടെ രാജ്യത്ത് ആദ്യമായി ചെയ്യുകയാണ് അവർ. ഞാനുൾപ്പെടെ ഒരുപാട് പേർക്ക് പ്രചോദനമാണ് അവൾ" - ഓൻസ് ജബീറിനെ കുറിച്ച് വീനസ് വില്യംസിന്റെ വാക്കുകൾ.
Unbelievable 🤯#Wimbledon | @Ons_Jabeur pic.twitter.com/oS0sEDhX87
— Wimbledon (@Wimbledon) July 2, 2021
മുഗുറുസയുമായുള്ള മത്സരത്തിന്റെ അവസാനത്തോടെ അവർക്ക് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്നു. " എനിക്ക് വയറ്റിൽ ഒരു മുഴയുണ്ട്. കുറച്ചു കാലമായി ഇത് തുടരുന്നു. ഇതിന്റെ പ്രയാസങ്ങൾ എന്നെ വല്ലാതെ അലട്ടുന്നു. ചിലപ്പോഴൊക്കെ ഞാൻ വെള്ളം കുടിക്കുമ്പോൾ അത് കടന്നു പോകില്ല.അങ്ങിനെയാണ് എനിക്ക് രോഗം വരുന്നത്" - മത്സര ശേഷമുള്ള പത്രസമ്മേളനത്തിൽ അവർ പറഞ്ഞു.
2020 ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിലെത്തിയ അവർ രണ്ട് തവണ ഫ്രഞ്ച് ഓപ്പണിന്റെ അവസാന പതിനാറിലെത്തുകയും ഇപ്പോൾ വിംബിൾഡണിന്റെ അവസാന പതിനാറിലുമെത്തി.
തന്റെ കരിയറിലെ ഏറ്റവും മികച്ച ദിനമായിരുന്നു വെള്ളിയാഴ്ച്ചയെന്ന് പറഞ്ഞ അവർ അറബ് ജനതക്ക് ഈ നേട്ടം നൽകുന്ന പ്രചോദനം വലുതാണെന്നും പറഞ്ഞു. " അറബ് ജനതയിലൊരുപാട് പേർ എന്നെ കാണുകയും പിന്തുണക്കുകയും ചെയ്യുന്നു. ഒരുപാട് പേരിൽ നിന്ന് നിരവധി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഈ യാത്ര ഇവിടെ അവസാനിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇത് തുടരേണ്ടതുണ്ട്." - അവർ പറഞ്ഞു.
Adjust Story Font
16