''സച്ചിൻ ഔട്ടായിരുന്നു, പക്ഷെ അയാളെ രക്ഷിക്കാനായി രണ്ട് ഫ്രെയിമുകൾ മുറിച്ചു മാറ്റി''; ഗുരുതര ആരോപണവുമായി പാക് താരം
2011 ലോകകപ്പ് സെമിയിൽ സച്ചിന്റെ വിക്കറ്റുമായി ബന്ധപ്പെട്ടൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് അന്നത്തെ പാക് ടീം അംഗമായിരുന്ന സഈദ് അജ്മൽ
2011 ലോകകപ്പ് ഇന്ത്യയുടെ എക്കാലത്തേയും അവിസ്മരണീയ ലോകകപ്പാണ്. രണ്ടരപ്പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ വിശ്വകിരീടത്തിൽ മുത്തമിട്ടത് ആ വര്‍ഷമാണ്. സെമിയിൽ ചിരവൈരികളായ പാകിസ്താനെ തകർത്തായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശം.
85 റണ്‍സെടുത്ത ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്‍റെ മികവിലാണ് ഇന്ത്യ അന്ന് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. മത്സരത്തില്‍ സച്ചിനെ വീഴ്ത്താനുള്ള നിരവധി അവസരങ്ങള്‍ പാക് താരങ്ങള്‍ നഷ്ടപ്പെടുത്തിക്കളഞ്ഞിരുന്നു. ഇപ്പോഴിതാ സെമിയിൽ സച്ചിന്റെ വിക്കറ്റുമായി ബന്ധപ്പെട്ടൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് അന്നത്തെ പാക് ടീം അംഗമായിരുന്ന സഈദ് അജ്മൽ.
മത്സരത്തിൽ സച്ചിൻ 23 റൺസ് എടുത്ത് നിൽക്കേ സഈദ് അജ്മലിന്റെ പന്തിൽ എൽ.ബി.ഡബ്ല്യൂവിൽ കുടുങ്ങി. പാക് താരങ്ങൾ അപ്പീൽ ചെയ്തതും അമ്പയർ ഇയാൻ ഗൗൾഡ് വിക്കറ്റ് അനുവദിക്കുകയും ചെയ്തു. ഉടൻ സച്ചിൻ റിവ്യൂ വിളിച്ചു. റീപ്ലേയിൽ പന്ത് ലെഗ് സ്റ്റമ്പിന് പുറത്ത് കൂടെയാണ് പോയതെന്ന് വ്യക്തമായിരുന്നു. ഇതോടെ അമ്പയർ തീരുമാനം മാറ്റി.
എന്നാൽ അന്ന് സച്ചിൻ ഔട്ടായിരുന്നു എന്നും സച്ചിനെ രക്ഷിക്കാനായി റീപ്ലേയിൽ രണ്ട് ഫ്രെയിമുകൾ മുറിച്ചു മാറ്റുകയായിരുന്നു എന്നും അജ്മൽ ആരോപിച്ചു.
''2011 ലോകകകപ്പിൽ സച്ചിന്റെ ഔട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിങ്ങൾക്ക് ഓർമയുണ്ടാവുമല്ലോ..അത് വിക്കറ്റാണെന്നാണ് തന്നെയാണ് ഞാനും അമ്പയറും ഉറച്ചു വിശ്വസിക്കുന്നത്. സച്ചിനെ രക്ഷിക്കാനായി പന്ത് സ്റ്റമ്പിൽ പതിക്കുന്ന ദൃശ്യങ്ങൾ ഒഴിവാക്കുകയായിരുന്നു. ഇതിനായി രണ്ട് ഫ്രെയിമുകളാണ് മുറിച്ച് മാറ്റിയത്. അല്ലെങ്കിൽ പന്ത് കൃത്യമായി മിഡിൽ സ്റ്റംബിൽ പതിക്കുമായിരുന്നു''- അജ്മൽ പറഞ്ഞു.
Adjust Story Font
16