''രണ്ട് ക്യാച്ച് നഷ്ടപ്പെടുത്തിയിട്ടും ധോണിക്ക് അന്ന് മാൻ ഓഫ് ദ മാച്ച് നൽകി''; ആരോപണവുമായി മുൻ പാക് താരം
''മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ എനിക്കാണ് മാന്‍ ഓഫ് ദ മാച്ച് നല്‍കേണ്ടിയിരുന്നത്. എന്നാൽ ക്യാച്ച് നഷ്ടപ്പടുത്തിയതിന് ധോണിക്ക് അന്ന് പുരസ്കാരം കിട്ടി''
ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച നായകന്മാരിൽ ഒരാളാണ് മഹന്ദ്ര സിങ് ധോണി. ഇന്ത്യ മൂന്ന് ഐ.സി.സി ലോക കിരീടങ്ങൾ സ്വന്തമാക്കിയത് ധോണിയുടെ നായകത്വത്തിന് കീഴിലാണ്. കരിയറിൽ 351 ഏകദിനങ്ങളിൽ പാഡ് കെട്ടിയ ധോണി 10,073 റൺസ് കുറിച്ചിട്ടുണ്ട്. 321 ക്യാച്ചുകളും 123 സ്റ്റംബിങ്ങുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. എന്നാൽ ഏകദിനത്തിൽ 21 തവണ മാത്രമാണ് ധോണിക്ക് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ഏകദിനത്തിൽ ഏറ്റവുമധികം മാൻ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങൾ ലഭിച്ച താരങ്ങളുടെ പട്ടികയിൽ 33ാമനാണ് ധോണി.
ഇപ്പോഴിതാ ധോണിക്ക് കരിയറിൽ കിട്ടിയൊരു മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം അനർഹമായി ലഭിച്ചതാണെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് മുൻ പാക് താരം സഈദ് അജ്മല്‍. 2012 ൽ പാകിസ്താനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തനിക്ക് ലഭിക്കേണ്ട പുരസ്‌കാരമാണ് ധോണിക്ക് ലഭിച്ചത് എന്ന് അജ്മല്‍ പറഞ്ഞു.
''പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഞങ്ങൾ വിജയിച്ചു. അതിൽ രണ്ടിലും ഞാൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാം ഏകദിനത്തിൽ ഞാൻ അഞ്ച് വിക്കറ്റ് വീഴ്ത്തി. എന്നാൽ മത്സരത്തിൽ ഇന്ത്യ വിജയിച്ചു. കളിയിൽ വെറും 18 റൺസ് മാത്രമെടുത്ത ധോണിക്കാണ് അന്ന് മാൻ ഓഫ് ദ മാച്ച് നൽകിയത്. ആ മത്സരത്തിൽ ധോണി രണ്ട് ക്യാച്ചും നഷ്ടപ്പെടുത്തിയിരുന്നു. മാൻ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന്റെ അർഥമെന്താണ്. ഒരു മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ആൾക്കാണ് അത് കൊടുക്കേണ്ടത്. എന്നാൽ ക്യാച്ച് നഷ്ടപ്പടുത്തിയ ധോണിക്കാണ് അന്ന് മാൻ ഓഫ് ദ മാച്ച് കിട്ടിയത്''- അജ്മല്‍ പറഞ്ഞു.
നേരത്തേ 2011 ലോകകപ്പ് സെമിയിൽ സച്ചിന്റെ വിക്കറ്റുമായി ബന്ധപ്പെട്ടൊരു വിവാദത്തിനും അജ്മൽ തിരികൊളുത്തിയിരുന്നു. മത്സരത്തിൽ സച്ചിൻ 23 റൺസ് എടുത്ത് നിൽക്കേ സഈദ് അജ്മലിന്റെ പന്തിൽ എൽ.ബി.ഡബ്ല്യൂവിൽ കുടുങ്ങി. പാക് താരങ്ങൾ അപ്പീൽ ചെയ്തതും അമ്പയർ ഇയാൻ ഗൗൾഡ് വിക്കറ്റ് അനുവദിക്കുകയും ചെയ്തു. ഉടൻ സച്ചിൻ റിവ്യൂ വിളിച്ചു. റീപ്ലേയിൽ പന്ത് ലെഗ് സ്റ്റമ്പിന് പുറത്ത് കൂടെയാണ് പോയതെന്ന് വ്യക്തമായിരുന്നു. ഇതോടെ അമ്പയർ തീരുമാനം മാറ്റി. എന്നാൽ അന്ന് സച്ചിൻ ഔട്ടായിരുന്നു എന്നും സച്ചിനെ രക്ഷിക്കാനായി റീപ്ലേയിൽ രണ്ട് ഫ്രെയിമുകൾ മുറിച്ചു മാറ്റുകയായിരുന്നു എന്നും അജ്മൽ ആരോപിച്ചു.
Adjust Story Font
16