''അഫ്രീദി ബുംറയെ കണ്ടു പഠിക്കണം''; രൂക്ഷവിമര്‍ശനവുമായി പാക് ഇതിഹാസം
'' അച്ചടക്കമില്ലാത്ത ഡെലിവറികളാണ് അവന്‍റേത്. വിക്കറ്റ് നേടാനാണ് അവൻ കൂടുതലും ശ്രമിക്കുന്നത്''
shaheen afridi
ലോകകപ്പില്‍ ഇന്ത്യക്കെതിരായ പാകിസ്താന്‍റെ തോല്‍വിക്ക് പിറകേ നിരവധി ഇതിഹാസ താരങ്ങളാണ് പാക് ടീമിനെതിരെ വിമര്‍ശനമുയര്‍ത്തി രംഗത്തു വന്നത്. പേരു കേട്ട പാക് ബോളിങ് ഡിപ്പാര്‍ട്ടമെന്‍റിനെ ഇന്ത്യന്‍ താരങ്ങള്‍ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന കാഴ്ചയാണ് മൊട്ടേരയിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരാധകര്‍ കണ്ടത്. വെറും 30.3 ഓവറിലാണ് പാകിസ്താന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം ഇന്ത്യ മറികടന്നത്. ഇന്ത്യക്ക് ചെറിയൊരു വെല്ലുവിളി സൃഷ്ടിക്കാന്‍ പോലും ഷഹീന്‍ അഫ്രീദി അടക്കമുള്ള പാക് ബോളര്‍മാര്‍ക്ക് കഴിഞ്ഞില്ല.
മത്സരത്തില്‍ ആറോവറില്‍ 36 റണ്‍സ് വഴങ്ങി അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഇന്ത്യക്ക് അത് വലിയ വെല്ലുവിളിയായില്ല. മത്സരത്തില്‍ കമന്‍ററിക്കിടെ രവി ശാസ്ത്രി ഷഹീന്‍ അഫ്രീദി ഊതി വീര്‍പ്പിച്ചത് പോലെ അത്ര വലിയ സംഭവമൊന്നുമല്ലെന്ന് പറഞ്ഞത് പിന്നീട് വലിയ വാര്‍ത്തയായിരുന്നു.
'ഷഹീൻ അഫ്രീദി വസീം അക്രമൊന്നുമല്ല. കൊട്ടിഘോഷിക്കുന്നത് പോലെ അത്ര വലിയ സംഭവമൊന്നുമല്ല അയാൾ. ന്യൂബോളിൽ വിക്കറ്റ് നേടുന്ന ഒരാൾ. മികച്ചൊരു ബോളർ. അത്രയും മതി.'' കമന്‍ററിക്കിടെ രവി ശാസ്ത്രി പറഞ്ഞത് ഇങ്ങനെയാണ്.
ഇപ്പോഴിതാ പാക് ഇതിഹാസ താരം വഖാര്‍ യൂനുസ് ഷഹീന്‍ അഫ്രീദിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അഫ്രീദി ഇന്ത്യന്‍ ബോളര്‍ ജസ്പ്രീത് ബുംറയെ കണ്ട് പഠിക്കണമെന്നാണ് വഖാര്‍ പറയുന്നത്.
''അഫ്രീദിയുടെ ഫിറ്റ്‌നസിൽ പ്രശ്‌നങ്ങളുണ്ടോ എന്ന കാര്യം എനിക്കറിയില്ല. അവന്റെ ബോളിങ്ങിലെ ലിങ്ക് നഷ്ടപ്പെടാനുള്ള പ്രധാന കാരണം അച്ചടക്കമില്ലാത്ത ഡെലിവറികളാണ്. വിക്കറ്റ് നേടാനാണ് അവൻ കൂടുതലും ശ്രമിക്കുന്നത്. യോർക്കറുകൾ വീണ്ടും വീണ്ടും എറിയാൻ ശ്രമിക്കുമ്പോൾ ബാറ്റർ അത് മനസ്സിലാക്കുകയും അതിന് തയ്യാറായി നിൽക്കുകയും ചെയ്യുന്നു. ബോളിങ്ങിലെ അച്ചടക്കം എന്താണെന്ന് അഫ്രീദി ബുംറയെ കണ്ട് പഠിക്കട്ടെ''- വഖാര്‍ പറഞ്ഞു.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലും അഫ്രീദി വിരാട് കോഹ്ലിയടക്കമുള്ള താരങ്ങളുടെ തല്ല് വാങ്ങിക്കൂട്ടിയിരുന്നു. 10 ഓവര്‍ എറിഞ്ഞ താരം 7.9 എക്കോണമിയില്‍ അന്ന് 79 റൺസാണ് വിട്ട് കൊടുത്തത്. മത്സരത്തിൽ ആകെ കിട്ടിയതാകട്ടെ ഒരു വിക്കറ്റും.
സൂപ്പർ ഫോര്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ടീം ഇന്ത്യക്ക് വലിയ മുന്നറിയിപ്പ് നല്‍കിയായിരുന്നു അഫ്രീദി ഏഷ്യാ കപ്പ് വാര്‍ത്തകളില്‍ നിറഞ്ഞത്. “ഇന്ത്യയുമായുള്ള മത്സരങ്ങളൊക്കെയും എനിക്ക് വളരെ സ്പെഷ്യലാണ്. അണ്ടർ-16 തലം മുതല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തെ വളരെ ആവേശകരമായാണ് നോക്കിക്കണ്ടിരുന്ന ആളാണ് ഞാന്‍. ഇന്ത്യക്കെതിരെ എന്‍റെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല... ഇതുവെറും തുടക്കം മാത്രമാണ്. മികച്ചത് ഇനി വരാൻ പോകുന്നതേയുള്ളൂ.”- ആദ്യ മത്സരത്തിലെ നാല് വിക്കറ്റ് നേട്ടത്തിന്‍റെ കൂടി ആവേശത്തിലായിരുന്നു അഫ്രീദിയുടെ വീമ്പു പറച്ചില്‍. എന്നാല്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യന്‍ താരങ്ങള്‍ അഫ്രീദിയുടെ വായടപ്പിച്ചു.
Adjust Story Font
16