'ഫോഗട്ട് മരിച്ച് പോകുമെന്ന് ഭയന്നു'; കോച്ചിന്റെ വൈകാരിക കുറിപ്പ്, ചർച്ചയായതോടെ പിൻവലിച്ചു
'അർധ രാത്രി മുതൽ പുലർച്ചെ വരെ വിനേഷ് കാർഡിയോ മെഷീനുകളിൽ കഠിന പരീശീലനം തുടർന്നു'
ഒളിമ്പിക്സ് ഗുസ്തി ഫൈനലിന് തൊട്ട് മുമ്പ് ഭാരം കുറക്കാൻ വിനേഷ് ഫോഗട്ട് നടത്തിയ കഠിന പ്രയത്‌നങ്ങളെ കുറിച്ച് മനസ്സ് തുറന്ന് കോച്ച് വോളർ അകോസ്. ഒരുവേള വിനേഷ് മരിച്ച് പോവുമെന്ന് വരെ കരുതിയതായി കോച്ച് കുറിച്ചു. പോസ്റ്റ് ചർച്ചയായതോടെ പിൻവലിച്ചു.
'സെമിക്ക് ശേഷം 2.7 കിലോഗ്രാം ഭാരം ഫോഗട്ടിന്റെ ശരീരത്തിൽ വർധിച്ചു. ഒരു മണിക്കൂർ 20 മിനിറ്റ് നേരം അവള്‍ നിര്‍ത്താതെ പരിശീലിച്ചു. പക്ഷെ ഒന്നരക്കിലോ ഭാരം അപ്പോഴും ബാക്കിയുണ്ടായിരുന്നു. 50 മിനിറ്റ് നീണ്ട സോനാ ബാത്തിന് ശേഷം അവളുടെ ശരീരത്തിൽ നിന്ന് ഒരു തുള്ളി വിയർപ്പ് പോലും പൊടിഞ്ഞില്ല. അർധ രാത്രി മുതൽ പുലർച്ച വരെ വിനേഷ് കാർഡിയോ മെഷീനുകളിൽ കഠിന പരീശീലനം തുടർന്നു.
കുറഞ്ഞ വിശ്രമം മാത്രമാണ് അവൾ എടുത്ത് കൊണ്ടിരുന്നത്. ഇതിനിടെ ഫോഗട്ട് തളർന്ന് വീണു. അവളെ എഴുന്നേൽപ്പിക്കാൻ ഞങ്ങൾ ഏറെ പണിപ്പെട്ടു. പിന്നീട് ഒരു മണിക്കൂർ കൂടെ സോനാ ബാത്തിലേർപ്പെട്ടു. ഈ സംഭവം നാടകീയമാക്കാൻ ഞാൻ ബോധപൂർവം എഴുതുകയല്ല. ഒരുവേള അവൾ മരിച്ച് പോയാലോ എന്ന് പോലും ഞാൻ കരുതി- കോച്ച് കുറിച്ചു. പിന്നീട് പോസ്റ്റ് വാർത്തയായതോടെ പിൻവലിച്ചു.
പാരീസ് ഒളിമ്പിക്സ് ഗുസ്തിയിൽ അയോഗ്യത കൽപ്പിച്ചത് ചോദ്യംചെയ്ത് വെള്ളി മെഡൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വനിതാ ഗുസ്തിയിൽ 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിനു തൊട്ടുമുമ്പാണ് അയോഗ്യയാക്കിയത്. നിശ്ചിത ഭാരത്തിനും 100 ഗ്രാം അധിക ഭാരമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അയോഗ്യത കൽപ്പിച്ചത്. ഭാരം കുറയ്ക്കാൻ സമയം വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. ഇതോടെയാണ് വിനേഷ് ഫോഗട്ട് രാജ്യാന്തര തർക്ക പരിഹാര കോടതിയെ സമീപിച്ചത്. ഫൈനലിന് തലേന്ന് ഭാരപരിശോധനയിൽ വിജയിച്ച ശേഷം 3 മത്സരങ്ങൾ വിജയിച്ച് ഫൈനലിനു യോഗ്യത നേടിയ തനിക്ക് സംയുക്ത വെള്ളി മെഡൽ നൽകണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്റെ ആവശ്യം.
ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രം സൃഷ്ടിച്ച്, മണിക്കൂറുകൾക്കകമാണ് താരം ഭാരപരിശോധനയിൽ പരാജയപ്പെട്ടത്. ഗുസ്തിയിലെ അന്താരാഷ്ട്ര ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേൾഡ് റസ്ലിങ്ങും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായിരുന്നു എതിർകക്ഷികൾ. നിയമം നിയമമാണെന്നും ആർക്കു വേണ്ടിയും അതു മാറ്റാൻ സാധിക്കില്ലെന്നും രണ്ടു സംഘടനകളുടേയും നേതൃത്വം നിലപാടെടുത്തു.
Adjust Story Font
16