Quantcast

'കുറച്ചെങ്കിലും കളിച്ചെങ്കിലേ ടീമിലേക്ക് പരിഗണിക്കൂ'; കിഷനോട് ദ്രാവിഡ്

''കിഷന്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച് തിരിച്ചുവരണമെന്ന് പറഞ്ഞിട്ടില്ല''

MediaOne Logo

Web Desk

  • Published:

    6 Feb 2024 10:46 AM GMT

രാഹുല്‍ ദ്രാവിഡ്, ഇഷാന്‍ കിഷന്‍
X

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കിടെ വിശ്രമം ആവശ്യപ്പെട്ട് ടീമില്‍നിന്ന് പോയതാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. അതിനു ശേഷം താരത്തെ സംബന്ധിച്ച് വലിയ വിവരങ്ങളൊന്നുമില്ല. ടീമിനോടൊപ്പമുള്ള നിരന്തരമായ യാത്രകളും, അവസരമില്ലായ്മയും മൂലമുള്ള മാനസിക സംഘര്‍ഷവുമാണ്, വിട്ടുനില്‍ക്കാനുള്ള കാരണമായി ഇഷാന്‍ പറയുന്നത്. ഇതോടെ ബി.സി.സി.ഐ. വിശ്രമമനുവദിച്ചു.

എന്നാല്‍ കിഷന്‍ നേരെ പോയത് ദുബായില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍. ബി.സി.സി.ഐയെ ചൊടിപ്പിക്കാന്‍ ഇത് ധാരാളമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് താരത്തെ ഒഴിവാക്കിയതോടെ നടപടി എന്ന നിലയിലേക്ക് കാര്യങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടു.

അച്ചടക്ക നടപടി അല്ലെന്നും, ഫിറ്റ്നസും ഫോമും തെളിയിച്ച് തിരിച്ചുവരാവുന്നതേയുള്ളൂവെന്നും, പരിശീലകന്‍ ദ്രാവിഡ് വ്യക്തമാക്കിയതോടെ, കിഷനും ടീം മാനേജ്‌മെന്റും തമ്മില്‍ വലിയ പ്രശ്നങ്ങളില്ലെന്ന് തെളിഞ്ഞു. എന്നാല്‍ ആഭ്യന്തര മത്സരങ്ങളിലും കിഷനെ കാണാതായതോടെ വീണ്ടും ചര്‍ച്ചകളായി. എന്തോ പ്രശ്നമുണ്ടെന്നും താരത്തെ ഇനി ടീമിലേക്ക് പരിഗണിക്കില്ലെന്നുമൊക്കെയാണ് പറയപ്പെടുന്നത്.

ഇപ്പോള്‍ കിഷന്റെ കാര്യത്തില്‍ വീണ്ടും അഭിപ്രായം പറഞ്ഞിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. കുറച്ച് ക്രിക്കറ്റ് കളിച്ചെങ്കില്‍ മാത്രമേ ദേശീയ ടീമിലേക്ക് പരിഗണിക്കൂ എന്നാണ് ദ്രാവിഡ് പറയുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷമായിരുന്നു ദ്രാവിഡ് ഇക്കാര്യം വ്യക്തമാക്കിയത്.

കിഷന്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച് തിരിച്ചുവരണമെന്ന് പറഞ്ഞിട്ടില്ല. കുറച്ച് ക്രിക്കറ്റ് കളിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. അദ്ദേഹത്തിനത് തിരഞ്ഞെടുക്കാം. താരത്തിന്റെ മേല്‍ ഒരു സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്നും ദ്രാവിഡ് പറഞ്ഞു.

ഞങ്ങൾ കിഷനുമായി ബന്ധപ്പെട്ടിരുന്നു. ഇതുവരെ ശരിയായി ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ടില്ല അതിനാല്‍ മടങ്ങിവരവിനെക്കുറിച്ച് ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

അഭ്യന്തര മത്സരങ്ങളിലൂടെ അല്ലാതെ, പിന്നെ എങ്ങനെ ക്രിക്കറ്റ് കളിച്ചാണ് കിഷൻ മടങ്ങിവരേണ്ടത്, എന്ന് ദ്രാവിഡ് വ്യക്തമായിപ്പറയുന്നില്ല. ഈ സീസണിൽ ജാര്‍ഖണ്ഡിന് വേണ്ടി ഒരു രഞ്ജി മത്സരത്തില്‍ പോലും കിഷന്‍ കളിച്ചിട്ടില്ല. ഇതുവരെ അഞ്ച് മത്സരങ്ങളാണ് പൂര്‍ത്തിയായത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനും അറിവൊന്നുമില്ല.

പ്ലെയിങ് ഇലവനിൽ ഇടംനേടുന്നത് കുറവാണെങ്കിലും കഴിഞ്ഞ കുറച്ച് വർഷമായി ഇന്ത്യയുടെ മൂന്ന് ഫോർമാറ്റിലെയും സജീവ സാന്നിധ്യമായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററായ കിഷൻ. 2021 മധ്യത്തിലാണ് കിഷൻ ഇന്ത്യൻ ടീമിൽ സജീവമാകുന്നത്. ഇതുവരെ ഇന്ത്യക്കായി 27 ഏകദിനങ്ങളും 32 ടി20കളും രണ്ട് ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പർമാരായി എസ്. ഭരത്, ധ്രുവ് ജുറെൽ എന്നിവരെയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് ഇന്ത്യ പരിഗണിച്ചത്.

TAGS :

Next Story