Quantcast

ക്രിസ്റ്റ്യാനോ മുതൽ എംബാപ്പെ വരെ; ബോസ്മാൻ റൂളിങ് തിരുത്തിയ ഫുട്‌ബോൾ ചരിത്രം

ഒരു കാലത്ത് ഫുട്‌ബോൾ താരങ്ങൾ തങ്ങളുടെ ക്ലബ്ബുകളിൽ അടിമകളെ പോലെയായിരുന്നു എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അധിക കാലമൊന്നും പുറകിലേക്ക് സഞ്ചരിക്കണ്ട

MediaOne Logo

Web Desk

  • Published:

    7 Sep 2024 11:03 AM GMT

ക്രിസ്റ്റ്യാനോ മുതൽ എംബാപ്പെ വരെ; ബോസ്മാൻ റൂളിങ് തിരുത്തിയ ഫുട്‌ബോൾ ചരിത്രം
X

റയൽ മാഡ്രിഡിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പേയുടെ പ്രതിവർഷ ശമ്പളം എത്രയാണ്? ഏകദേശം 290 കോടിയിലേറെ വരുമത്. 2024, ജൂൺ 3. സമകാലിക ഫുട്‌ബോളിലെ ഏറ്റവും വലിയ ട്രാൻസ്ഫറുകളിലൊന്ന് സംഭവിച്ചത് അന്നാണ്. ഫ്രഞ്ച് അതികായരായ പി.എസ്.ജിക്കൊപ്പം ഏഴ് വർഷം നീണ്ട ഫുട്‌ബോൾ സഞ്ചാരം അവസാനിപ്പിച്ച് കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നു. 2017 ൽ മൊണോക്കോയിൽ നിന്ന് 180 മില്യൺ യൂറോക്കാണ് പി.എസ്.ജി എംബാപ്പെയെ റാഞ്ചിയത്. അക്കാലത്ത് ഒരു കൗമാരക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ ട്രാൻസ്ഫർ തുകയായിരുന്നു അത്. എന്നാൽ 2024ൽ ക്ലബ്ബ് വിടുമ്പോൾ എംബാപ്പെ ഫ്രീ ഏജന്റാണ്.

സാധാരണ ഗതിയിൽ തങ്ങൾ വിൽക്കാൻ തീരുമാനിക്കുന്ന വമ്പൻ താരങ്ങളെ ക്ലബ്ബുകൾ കരാർ അവസാനിക്കും മുമ്പേ മറ്റു ടീമുകൾക്ക് വലിയ തുകക്ക് കൈമാറാറാണ് പതിവ്. താരങ്ങൾ ഫ്രീ ഏജന്റായാൽ ട്രാൻസ്ഫർ ഫീ ലഭിക്കില്ല എന്നത് തന്നെ ഇതിന് കാരണം. ഒരു കാലത്ത് ഫുട്‌ബോൾ താരങ്ങൾ തങ്ങളുടെ ക്ലബ്ബുകളിൽ അടിമകളെ പോലെയായിരുന്നു എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അധിക കാലമൊന്നും പുറകിലേക്ക് സഞ്ചരിക്കേണ്ട.

1990 കൾക്ക് മുമ്പ് താരങ്ങൾക്ക് തങ്ങളുടെ കരാർ അവസാനിച്ചാലും ക്ലബ്ബിന്‍റെ അനുമതിയില്ലാതെ ഫ്രീ ഏജന്റായി ടീം വിടാനാകുമായിരുന്നില്ല. കരാർ അവസാനിച്ച താരങ്ങളുടെ കൂടുമാറ്റത്തിനായി ക്ലബ്ബുകൾ വലിയ പ്രതിഫലത്തുക മറ്റ് ക്ലബ്ബുകളോട് ആവശ്യപ്പെട്ടു. ട്രാൻസ്ഫർ സംഭവിക്കുന്നത് വരെ വളരെ ചെറിയ വേതനത്തിന് താരങ്ങൾക്ക് ടീമുകൾക്കൊപ്പം തുടരേണ്ടി വന്നു. എന്നാൽ ഇതിന് മാറ്റം വന്നത് ബോസ്മാൻ റൂളിങ്ങോടെയാണ്.. എന്താണ് ബോസ്മാൻ റൂളിങ്? ഫുട്‌ബോൾ ചരിത്രത്തെ തന്നെ മാറ്റി മറിച്ച ആ നിയമത്തിന് പിന്നിൽ ആരായിരുന്നു.

ബെൽജിയൻ ക്ലബ്ബായിരുന്നു ആർ.എഫ്.സി ലിയേജിന്റെ താരമായിരുന്ന ജീൻ മാർക് ബോസ്മാൻ. 1988 ൽ ക്ലബ്ബിലെത്തിയ താരത്തിന്റെ കരാർ 1990 ൽ അവസാനിച്ചു. ഫ്രഞ്ച് ടീമായ ഡങ്കർക്കിലേക്ക് കൂടുമാറാനുള്ള പദ്ധതിയിലായിരുന്നു ബോസ്മാൻ. എഫ്.സി ലിയേജ് ഡങ്കർക്ക് മാനേജ്‌മെന്റിനോട് ട്രാൻസ്ഫർ സാധ്യമാകണമെങ്കിൽ വലിയൊരു തുക നൽകേണ്ടി വരും എന്നറിയിച്ചു. ഒപ്പം ബോസ്മാന്റെ പ്രതിഫലത്തുകയിൽ നിന്ന് 75 ശതമാനം വെട്ടിക്കുറക്കുകയും ചെയ്തു.

ഇത് തൊഴിൽ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് ബോസ്മാൻ ലക്‌സംബർഗിലെ യൂറോപ്പ്യൻ കോർട്ട് ഓഫ് ജസ്റ്റിസിൽ എഫ്.സി ലിയേജിനെതിരെ കേസ് ഫയൽ ചെയ്തു. എഫ്.സി ലിയേജും ബെൽജിയൻ ഫുട്‌ബോൾ അസോസിയേഷനും യുവേഫയുമൊക്കെ കോടതി കയറി. ഇതിനെ തുറന്ന് ലിയേജ് ബോസ്മാനെ ടീമില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എന്നാൽ ബോസ്മാൻ തന്റെ നിയമ പോരാട്ടങ്ങൾ തുടരാൻ തന്നെ തീരുമാനിച്ചു. അക്കാലത്ത് ഫ്രാൻസിലെ ലോവർ ഡിവിഷൻ ക്ലബ്ബുകളിലായിരുന്നു ബോസ്മാൻ പന്ത് തട്ടിയത്.

1995 ൽ ബോസ്മാന്റെ നിയമ പോരാട്ടങ്ങൾ ഫലം കണ്ടു. ബെൽജിയൻ താരത്തിന്റെ വാദം ശരിവച്ച കോടതി കരാർ അവസാനിച്ചാൽ ഒരു നിയന്ത്രണങ്ങളുമില്ലാതെ താരങ്ങളെ ക്ലബ്ബ് വിടാൻ അനുവദിക്കണമെന്ന നിയമം പാസാക്കി. ഒപ്പം ബോസ്മാന്റെ കൂടുമാറ്റം തടഞ്ഞുവച്ച ലിയേജ് താരത്തിന് ഭീമമായൊരു തുക പിഴയായി നൽകണമെന്നും കോടതി ഉത്തരവിട്ടു. ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ വലിയൊരു നാഴികക്കല്ലായിരുന്നു ഇത്. ബോസ്മാൻ റൂളിങ് എന്ന പേരിലാണ് പിന്നീട് ഇത് അറിയപ്പെട്ടത്.

പിൽക്കാലത്ത് ഫ്രീ ഏജന്റായി ടീം വിടുന്ന താരങ്ങളുടെ വേതനം ഭീമമായി വർധിക്കാൻ ഈ നിയമം കാരണമായി. ക്ലബ്ബുകൾക്ക് ട്രാൻസ്ഫർ ഫീസില്ലാതെ തന്നെ താരങ്ങളെ റാഞ്ചാനായെന്നതാണ് ബോസ്മാൻ റൂളിങ് മൂലമുണ്ടായ പ്രധാന ഗുണം. യൂറോപ്പ്യൻ ഫുട്‌ബോളിൽ പല വമ്പൻ ട്രാൻസ്ഫറുകളും സാധ്യമായത് ബോസ്മാൻ റൂളിങ്ങിന് ശേഷമായിരുന്നു.

അതിൽ ഏറ്റവും ശ്രദ്ധേയമായത് ഇംഗ്ലീഷ് താരം സോൾ കാമ്പലിന്റെ ആഴ്‌സണലിലേക്കുള്ള കൂടുമാറ്റമാണ്. 2021 ൽ കരാർ അവസാനിച്ച കാമ്പല്ലിനെ ടീമിൽ നിലനിർത്താൻ ടോട്ടനാം മാനേജ്‌മെന്റ് അതിയായി ആഗ്രഹിച്ചു. ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഫലത്തുകയാണ് ക്ലബ്ബ് കാംപലിന് മുന്നിൽ വച്ചത്. എന്നാൽ താരം ക്ലബ്ബ് വിടാനാണ് തീരുമാനമെടുത്തത്. നിരവധി ക്ലബ്ബുകൾ കാമ്പലിനായി അക്കാലത്ത് വലവിരിച്ചിരുന്നെങ്കിലും ടോട്ടനാമിന്റെ ചിരവൈരികളായ ആഴ്‌സണലിലേക്ക് ചേക്കേറാനായിരുന്നു കാമ്പലിന്റെ തീരുമാനം. ഇത് ആരാധകരെ ഞെട്ടിച്ചു. ടോട്ടനാമിലായിരിക്കേ താനൊരിക്കലും ഗണ്ണേഴ്‌സ് ജഴ്‌സിയണിയില്ലെന്ന് കാമ്പലൊരിക്കൽ പറഞ്ഞിരുന്നു. കാമ്പലിന്റെ കൂടുമാറ്റം ടോട്ടനാം ആരാധകരെ ഏറെ ചൊടിപ്പിച്ചു. പലരും അയാളെ ജൂതാസെന്ന് വിളിച്ചാക്ഷേപിച്ചു.

2001 ആഴ്‌സണിലേക്ക് ചേക്കേറിയ ശേഷം ഒരു ലക്ഷം പൗണ്ടാണ് കാമ്പൽ പ്രതിവാരം സമ്പാദിച്ചത്. അതിന് മുമ്പൊന്നും അത്രയും വലിയ പ്രതിഫലം ഒരു താരത്തിനും ലഭിച്ചിരുന്നില്ല. ബോസ്മാൻ റൂളിങ്ങിന് ശേഷമാണ് ഫുട്‌ബോൾ ലോകത്ത് ഏജന്റുമാരുടെ ഉദയമുണ്ടായത്. താരങ്ങളും ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകളിൽ ഇടനിലക്കാരായി ഏജന്റുമാർ പിൽക്കാലത്ത് വർത്തിച്ചു. പല ട്രാൻസ്ഫറുകളും കോടികൾ കടന്നു പോയത് ഏജന്റുമാർ നടത്തിയ ട്രാൻസ്ഫർ ടോക്കുകൾ വഴിയാണ്. ബാഴ്‌സലോണയിൽ നിന്ന് റയൽ മാഡ്രിഡിലേക്കുള്ള ലൂയിസ് ഫിഗോയുടെ വിശ്വ വിഖ്യാതമായ കൂടുമാറ്റത്തിന് ചരടുവലിച്ച ജോസേ വീഗ, സ്‌പോർട്ടിങ് ലിസ്ബണിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റം സാധ്യമാക്കിയ ജോർജ് മെൻഡിസ് തുടങ്ങിയവരൊക്കെ ക്ലബ്ബുകളുടെ ചരിത്രം പോലും മാറ്റി മറിച്ച ട്രാൻസ്ഫറുകളിലെ പ്രധാന കണ്ണികളായി.

TAGS :

Next Story