'സഞ്ജു ചെയ്തത് നിയമവിരുദ്ധം'; അമ്പയറോട് കയർത്ത് ഗാംഗുലിയും പോണ്ടിങ്ങും
ഗാംഗുലിയും പോണ്ടിങ്ങും അമ്പയര്‍മാരോട് കയര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
ഒരു ഘട്ടത്തിൽ തോൽവി മുന്നിൽക്കണ്ട് നിൽക്കേ വീരോചിതമായൊരു തിരിച്ച് വരവിലൂടെയാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെ തകർത്തത്. 12 റൺസിന്റെ ജയമാണ് രാജസ്ഥാൻ കുറിച്ചത്. തകർച്ചയുടെ വക്കിൽ നിന്ന് ടീമിനെ ഒറ്റക്ക് തോളിലേറ്റിയ റിയാൻ പരാഗായിരുന്നു കളിയിലെ താരം.
മത്സരത്തിനിടയിൽ അരങ്ങേറിയൊരു സംഭവം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയാണ്. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസന്റെ നിയമവിരുദ്ധമായൊരു നടപടിയെ ചോദ്യം ചെയ്ത ഡൽഹി കോച്ച് പോണ്ടിങ്ങും ഡയറക്ടർ സൗരവ് ഗാംഗുലിയുമാണ് വാർത്തകളിൽ നിറയുന്നത്.
മൂന്ന് വിദേശ താരങ്ങളുമായാണ് രാജസ്ഥാൻ കളിയാരംഭിച്ചത്. ജോസ് ബട്‌ലറും ഷിംറോൺ ഹിറ്റ്‌മെയറും ട്രെന്റ് ബോൾട്ടുമായിരുന്നു അവർ. ബോളിങ്ങില്‍ നാന്ദ്രേ ബർഗറിനെ ഇംപാക്ട് പ്ലെയറായി കളത്തിലിറക്കാനും തീരുമാനിച്ചു. എന്നാൽ ഇതിനൊപ്പം റോവ്മാൻ പവലിനെ സബ്സ്റ്റിറ്റിയൂട്ട് ഫീൽഡറായി കൊണ്ടുവരിക കൂടി ചെയ്തു സഞ്ജു. ഇതോടെ മൈതാനത്ത് അഞ്ച് വിദേശ താരങ്ങളായി. ഐ.പി.എല്‍ നിയമ പ്രകാരം നാലില്‍ അധികം വിദേശ താരങ്ങളെ ഒരേ സമയം ക്യാപ്റ്റന്‍മാര്‍ക്ക് കളത്തിലിറക്കാനാവില്ല. സഞ്ജുവിന്റെ നടപടിയെ ചോദ്യം ചെയ്ത് ഗാംഗുലിയും പോണ്ടിങ്ങും രംഗത്തെത്തി.
ഇത് ശ്രദ്ധയിൽ പെടാതിരുന്ന അമ്പയർമാർ സഞ്ജുവിനോട് ഇക്കാര്യം സൂചിപ്പിക്കുകയും ഒരു വിദേശ താരത്തെ ഫീൽഡിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സഞ്ജു പവലിനെ പിൻവലിക്കുകയായിരുന്നു. ഗാംഗുലിയും പോണ്ടിങ്ങും അമ്പയര്‍മാരോട് കയര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അവസാന ഓവർവരെ നീണ്ട ആവേശപ്പോരിനൊടുവിലാണ് ഡൽഹിയെ തോൽപിച്ച് രാജസ്ഥാൻ റോയൽസ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. റോയൽസിന്റെ 186 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിയുടെ പോരാട്ടം 173 റൺസിൽ അവസാനിച്ചു. അവസാന ഓവറിൽ 17 റൺസ് വേണ്ടിയിരുന്ന ഡൽഹിക്ക് ആവേശ് ഖാൻ എറിഞ്ഞ ഓവറിൽ നാല് റൺസ് മാത്രമാണ് നേടാനായത്. ഡൽഹി നിരയിൽ 23 പന്തിൽ 44 റൺസുമായി ട്രിസ്റ്റൺ സ്റ്റബ്‌സ് ടോപ് സ്‌കോററായി. ജയത്തോടെ പോയന്റ് പട്ടികയിൽ റോയൽസ് രണ്ടാംസ്ഥാനത്തെത്തി.
Adjust Story Font
16