Quantcast

ബുംറയെ ഒളിപ്പിച്ചു വച്ചതാണോ? ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് രൂക്ഷ വിമര്‍ശനം

'ടീമിലെ ഏറ്റവും മികച്ച ബോളര്‍ ബുംറയാണ്. എന്നിട്ടും 13 ഓവര്‍ പിന്നിടുമ്പോള്‍ അയാള്‍ക്ക് എറിയാന്‍ കിട്ടിയത് ഒരോവര്‍ മാത്രം'

MediaOne Logo

Web Desk

  • Updated:

    2024-03-28 06:55:29.0

Published:

28 March 2024 6:46 AM GMT

ബുംറയെ ഒളിപ്പിച്ചു വച്ചതാണോ? ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് രൂക്ഷ വിമര്‍ശനം
X

'ഒരു കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങുന്ന ടീമിലെ മറ്റെല്ലാ ബാറ്റര്‍മാരും 200 ന് മുകളില്‍ സ്‌ട്രൈക്ക് റൈറ്റില്‍ കളിക്കുമ്പോള്‍ ക്യാപ്റ്റന്‍ മാത്രം 120 സ്‌ട്രൈക്ക് റൈറ്റില്‍ കളിക്കുക. ഹര്‍ദികിന് ഇതെങ്ങനെ കഴിയുന്നു' മുംബൈ ഹൈദരാബാദ് മത്സരത്തിന് ശേഷം മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ എക്സില്‍ ഇങ്ങനെ കുറിച്ചു.

17 വര്‍ഷത്തെ ഐ.പി.എല്‍ ചരിത്രം കണ്ട ഏറ്റവും വലിയ റണ്‍മല ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ പിറക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ മൈതാനത്ത് നിസ്സഹായനായിരുന്നു. വാളെടുത്തവരൊക്കെ വെളിച്ചപ്പാടായപ്പോള്‍ പന്തെടുത്ത മുംബൈ ബോളര്‍മാരെല്ലാം കണക്കിന് തല്ല് വാങ്ങിക്കൂട്ടി. മുംബൈ ഈ സീസണില്‍ ഏറെ കൊട്ടിഘോഷങ്ങളോടെ അവതരിപ്പിച്ച ദക്ഷിണാഫ്രിക്കയുടെ 'യങ് സെന്‍സേഷന്‍' ക്വെന മഫാക നാലോവറില്‍ വാങ്ങിക്കൂട്ടിയത് 66 റണ്‍സ്. തന്റെ ആദ്യ ഓവറില്‍ വെറും ഏഴ് റണ്‍സ് വഴങ്ങിയ മഫാക പിന്നീടെറിഞ്ഞ മൂന്നോവറിലാണ് 59 റണ്‍സ് വാങ്ങിയതെന്നോര്‍ക്കണം.

ജെറാള്‍ഡ് കോയറ്റ്സിക്കും കിട്ടി കണക്കിന്. നാലോവറില്‍ കോയറ്റ്‌സി വഴങ്ങിയത് 57 റണ്‍സാണ്. ക്യാപ്റ്റന്‍ പാണ്ഡ്യക്ക് 46. രണ്ടോവര്‍ വീതമെറിഞ്ഞ ചൗളക്കും മുളാനിക്കും 30 ലേറെ. നാലോവറില്‍ 36 റണ്‍സ് വഴങ്ങിയ ബുംറ മാത്രമാണ് പത്തില്‍ താഴെ എക്കോണമിയില്‍ പന്തെറിഞ്ഞ ഏക ബോളര്‍..

മുംബൈക്ക് പിഴച്ചതെവിടെയാണ്? ക്യാപ്റ്റന്‍സിയില്‍ മാത്രമാണെന്ന് ഒരേ സ്വരത്തില്‍ പറയുന്നു മുന്‍ താരങ്ങളും ആരാധകരും. പത്തോവര്‍ കഴിയുമ്പോഴേക്കും മുഴുവന്‍ മുംബൈ ബോളര്‍മാരേയും ഹൈദരാബാദ് ബാറ്റര്‍മാര്‍ തല്ലിപ്പതം വരുത്തിയപ്പോഴും ബുംറക്ക് ഒരോവര്‍ മാത്രം കൊടുത്ത് 'മാറ്റി വച്ചിരിക്കുകയായിരുന്നു' പാണ്ഡ്യ. പത്തോവറില്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡ് 150 കടന്നു. ബുംറക്ക് അടുത്ത ഓവര്‍ കൊടുക്കാന്‍ എന്നിട്ടും മൂന്നോവര്‍ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും ഹൈദരാബാദ് സ്‌കോര്‍ 200 നോടടുത്തിരുന്നു. നിരവധി പേരാണ് ഹര്‍ദികിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്തത്. ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞതിങ്ങനെ.

'ടീമിലെ ഏറ്റവും മികച്ച ബോളര്‍ ബുംറയാണ്. എന്നിട്ടും 13 ഓവര്‍ പിന്നിടുമ്പോള്‍ അയാള്‍ക്ക് എറിയാന്‍ കിട്ടിയത് ഒരോവര്‍ മാത്രം. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ബാറ്റ് ചെയ്ത സമയം ബുംറക്ക് ഒരോവര്‍ കൊടുത്തിരുന്നെങ്കില്‍ ഹൈദരാബാദിനെ 250 റണ്‍സില്‍ പിടിച്ചു കെട്ടാമായിരുന്നു. മറ്റ് ബോളര്‍മാരെ ദയനീയമായി ഹൈദരാബാദ് ബാറ്റര്‍മാര്‍ തല്ലിപ്പരത്തുമ്പോള്‍ ബുംറക്ക് പന്ത് കൊടുക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാക്കാനേ കഴിയുന്നില്ല. സാധാരണ ക്യാപ്റ്റന്‍സിയില്‍ കവിഞ്ഞ് മറ്റൊന്നും ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ ഞാന്‍ കാണുന്നില്ല'. മോശം ക്യാപ്റ്റന്‍സിയെന്നാണ് ഇതേ കാര്യം ചൂണ്ടിക്കാണിച്ച് ഇര്‍ഫാന്‍റെ സഹോദരനും മുന്‍ ഇന്ത്യന്‍ താരവുമായിരുന്ന യൂസുഫ് പത്താന്‍ കുറിച്ചത്.

മുന്‍ ഓസീസ് ബോളറും ഹൈദരാബാദ് കോച്ചുമായിരുന്ന ടോം മൂഡിയും പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ രൂക്ഷമായി വിമര്‍ശിച്ചു. 'കളിയില്‍ ഹൈദരാബാദ് ബാറ്റര്‍മാര്‍ സര്‍വാധിപത്യം പുലര്‍ത്തി മുന്നേറുന്ന ഘട്ടത്തില്‍ നിങ്ങളുടെ ബെസ്റ്റ് ബോളര്‍ ആകെ എറിഞ്ഞത് ഒരോവര്‍ മാത്രം. ബുംറ എവിടെയാണ്?' മൂഡി ചോദിച്ചു.

മറുപടി ബാറ്റിങ്ങില്‍ മുംബൈ അതേ നാണയത്തിലാണ് തിരിച്ചടിച്ച് തുടങ്ങിയത്. എന്നാല്‍ അവസാന ഓവറുകളില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ പാണ്ഡ്യയടക്കമുള്ളവര്‍ക്ക് സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കാനായില്ല. 20 പന്ത് നേരിട്ട പാണ്ഡ്യ വെറും 24 റണ്‍സെടുത്താണ് മടങ്ങിയത്. പത്താനമടക്കമുള്ളവര്‍ പാണ്ഡ്യയുടെ ബാറ്റിങ്ങിനേയും രൂക്ഷമായി വിമര്‍‌ശിച്ചു. 'ഹര്‍ദിക് പാണ്ഡ്യ നല്ലൊരു ഫിനിഷറാണ്. അദ്ദേഹം മുംബൈയെ പെട്ടെന്ന് തന്നെ ഫിനിഷ് ചെയ്തോളും' എന്നാണ് ഒരാരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ടോസ് മുതല്‍ ഗാലറിയില്‍ മുഴങ്ങിക്കേട്ട രോഹിത് വിളികള്‍. മോശം തീരുമാനങ്ങള്‍.. ഹൈദരാബാദുയര്‍ത്തിയ റണ്‍മല... അങ്ങനെയങ്ങനെയങ്ങനെ.. പാണ്ഡ്യയുടെ കഷ്ടകാലം ഈ അടുത്ത കാലത്തൊന്നും തീരുമെന്ന് തോന്നുന്നില്ല.

ഒരുഘട്ടത്തില്‍ പോലും മുംബൈ ബൗളര്‍മാര്‍ക്ക് അവസരം നല്‍കാതെ തുടരെ പന്ത് ഗാലറിയിലെത്തിച്ച ഹൈദരാബാദ് ബാറ്റര്‍മാര്‍ കാണികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ബാറ്റിങ് വെടിക്കെട്ടാണ് ഒരുക്കിയത്. തുടക്കം മുതല്‍ അവസാനം വരെ തകര്‍ത്തടിച്ച ആതിഥേയരുടെ റണ്ണൊഴുക്ക് തടഞ്ഞു നിര്‍ത്താന്‍ ഒരുഘട്ടത്തില്‍പോലും ഹര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമായില്ല.

ഹൈദരാബാദിനായി ആദ്യമത്സരം കളിക്കുന്ന ആസ്‌ത്രേലിയന്‍താരം ട്രാവിസ് ഹെഡ്ഡാണ് വെടികെട്ടിന് തിരികൊളുത്തിയത്. സ്‌കോര്‍ 45ല്‍ നില്‍ക്കെ മയങ്ക് അഗര്‍വാളിനെ നഷ്ടമായെങ്കിലും പിന്നീട് ക്രീസിലൊരുമിച്ച അഭിഷേക് ശര്‍മ്മ-ട്രാവിസ് ഹെഡ്ഡ് കൂട്ടുകെട്ട് റണ്‍റേറ്റ് കുത്തനെ ഉയര്‍ത്തി. 24 പന്തില്‍ 62 റണ്‍സില്‍ നില്‍ക്കെ ട്രാവിസ് ഹെഡിനെ കോയെറ്റ്സി പുറത്താക്കി. എന്നാല്‍ റണ്‍റേറ്റ് കുറയാതെ ആക്രമിച്ചു കളിച്ച അഭിഷേക് ശര്‍മ്മ ടോപ് ഗിയറിലായി. വെറും 16 പന്തിലാണ് അഭിഷേക് അര്‍‍ധ ശതകം കുറിച്ചത്. ഒടുവില്‍ പീയുഷ് ചൗളയുടെ പന്തില്‍ 63ല്‍ നില്‍ക്കെ താരം മടങ്ങിയെങ്കിലും ക്ലാസനും മാര്‍ക്രവും ചേര്‍ന്ന് സ്‌കോര്‍ 200 കടത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങുകയായിരുന്നു ക്ലാസന്‍. ഏഴ് സിക്‌സറും നാല് ബൗണ്ടറിയും സഹിതം 80 റണ്‍സാണ് ക്ലാസന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്. അപ്പോഴേക്കും ഐ.പി.എല്‍ ചരിത്രത്തിലെ റണ്‍ റെക്കോര്‍ഡുകള്‍ പലതും കടപുഴകിയിരുന്നു.


TAGS :

Next Story