Quantcast

കോച്ചിനെ ബലിയാടാക്കി കൈകഴുകാനാവുമോ ബ്ലാസ്റ്റേഴ്സ് മാനേജ്‍മെന്‍റിന്?

കോച്ചുമാർ അധികം വാഴാത്ത കേരള ബ്ലാസ്റ്റേഴ്‌സിൽ സ്റ്റാറേയുടെ വിധി എന്നോ എഴുതപ്പെട്ട് കഴിഞ്ഞതാണ്

MediaOne Logo

Web Desk

  • Published:

    17 Dec 2024 11:44 AM GMT

കോച്ചിനെ ബലിയാടാക്കി കൈകഴുകാനാവുമോ ബ്ലാസ്റ്റേഴ്സ് മാനേജ്‍മെന്‍റിന്?
X

''ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ക്ഷമയുടെ ആഴമെന്താണെന്ന് എനിക്ക് നന്നായറിയാം. മാനേജ്‌മെന്റിനെ ചോദ്യം ചെയ്ത് കൊണ്ടേയിരിക്കുക. തുറന്ന മനസോടെ നിങ്ങളോട് ആശയവിനിമയം നടത്താൻ ഞങ്ങൾ ഇവിടെത്തന്നെയുണ്ട്. അധികം വൈകാതെ തന്നെ ആ കിരീടം നമ്മുടെ ഷെൽഫിലെത്തും''- സീസണിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരധ്വാജ് പതിവു പല്ലവികൾ ആവർത്തിക്കുകയായിരുന്നു.

ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ക്ലബ്ബിന്റെ ഷെൽഫ് ഒരു പതിറ്റാണ്ടു കാലമായി ഒഴിഞ്ഞു കിടക്കുകയാണ്. പറയാൻ ഒരു ഡ്യൂറന്റ് കപ്പ് പോലും ഷെൽഫിലെത്തിക്കാൻ കഴിയാത്ത ടീം മാനേജ്‌മെന്റ് ഇപ്പോഴും ആരാധകരോട് ക്ഷമയോടെ കാത്തിരിക്കാൻ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നു.

തോൽവികൾ തുടർക്കഥയാവുമ്പോൾ പരിശീലകരുടെ തലയില്‍ ആ പാപഭാരം മുഴുവൻ കെട്ടിവച്ച് ഇനി അടുത്ത സീസണിൽ നോക്കാമെന്ന് പറയുന്ന പതിവുപല്ലവികൾ ഇനി തങ്ങൾക്ക് മുന്നിൽ വിലപ്പോവില്ലെന്ന് തുറന്നടിച്ച് കഴിഞ്ഞിരിക്കുന്നു മഞ്ഞപ്പട. മിഖായേൽ സ്റ്റാറേയെ പുറത്താക്കിയ ക്ലബ്ബിന്റെ നടപടിയോടുള്ള ആരാധകക്കൂട്ടായ്മയുടെ ഔദ്യോഗിക പ്രതികരണം ഇങ്ങനെയായിരുന്നു

''സ്വന്തം കഴിവുകേടുകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മാനേജ്‌മെന്റിന്റെ ചെപ്പടി വിദ്യയാണീ പെട്ടെന്നുള്ള പുറത്താക്കൽ. പരാജയങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാതെ ഒരു പരിശീലകനെ ബലിയാടാക്കി അവർ വീണ്ടും തടിയൂരിയിരിക്കുന്നു''

കോച്ചുമാർ അധികം വാഴാത്ത കേരള ബ്ലാസ്റ്റേഴ്‌സിൽ സ്റ്റാറേയുടെ വിധി എന്നോ എഴുതപ്പെട്ട് കഴിഞ്ഞതാണ്. ടീമിന്റെ മോശം പ്രകടനങ്ങളുടെ പേരിൽ കോച്ചുമാർ പുറത്താക്കപ്പെടുമ്പോൾ നിറകയ്യടികളോടെ അതിനെ സ്വീകരിക്കുകയും അടുത്തയാളെ പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന പരിപാടി തുടങ്ങിയിട്ട് വർഷമേറെയായി. ആരാധകരുടെ വികാരങ്ങളെ കച്ചവടക്കണ്ണോടെ മാത്രം കാണുന്ന മാനേജ്‌മെന്റിന്റെ ഈ കണ്ണിൽ പൊടിയിടലിനെ ഇക്കുറിയെന്നല്ല ഇനി ഒരിക്കലും അനുവദിച്ച് കൊടുക്കില്ലെന്നതിന്റെ തെളിവാണ് ഇന്നലെ സ്റ്റാറേയെ യാത്രയാക്കാനായി കൊച്ചി എയർപോർട്ടിലെത്തിയ ആരാധക വൃന്ദം.

ഇംഗ്ലീഷ് ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായിരുന്ന ഡേവിഡ് ജെയിംസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് സഹപരിശീലകനായിരുന്ന റെനെ മ്യുളസ്റ്റീൻ, എൽകോ ഷട്ടോരി, കിബെ വികുന, കോപ്പലാശാൻ, അങ്ങനെയങ്ങനെ എത്രയെത്ര പേരുകൾ. ഒടുവിൽ ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകനായ ഇവാൻ വുകുമാനോവിച്ച് വരെ കയറിക്കൂടി ബലിയാടുകളുടെ ആ നീണ്ട പട്ടികയിൽ.

''ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനമാണിത് എന്നറിയാം. പക്ഷെ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ടുള്ള പോക്കിന് അനിവാര്യമായ ഈ തീരുമാനം എടുത്തേ മതിയാവൂ. നന്ദി ഇവാൻ നൽകിയതിനെല്ലാം. ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുള്ള വുകുമാനോവിച്ചിന്റെ യാത്ര അവസാനിക്കുമ്പോൾ വികാരഭരിതനായിരുന്നു നിഖിൽ. ഇക്കുറി സ്റ്റാറെയെ പുറത്താക്കുമ്പോൾ അദ്ദേഹത്തിന്റെ നെടുനീളൻ ലേഖനമൊന്നും ആരും കണ്ടില്ല.

കുറച്ചധികം വർഷങ്ങളായി പ്ലേ ഓഫ് കളിച്ചാൽ തന്നെ ധാരാളം എന്ന മനമോഭാവത്തിലേക്കൊക്കെ ടീമിനെയും ആരാധകരെയും കൊണ്ടേത്തിച്ചിട്ടുണ്ട് മാനേജ്‌മെന്റ്. ഇക്കുറിയും അതിന് വലിയ മാറ്റങ്ങളൊന്നുമില്ല. 12 മത്സരങ്ങൾ. ജയിച്ചത് ആകെ മൂന്ന് കളികള്‍. ഏഴ് തോൽവികൾ. രണ്ട് സമനിലകൾ. കയ്യിലുണ്ടായിരുന്ന കളികളെ കളഞ്ഞു കുളിച്ചത് പല തവണ. ഇന്റിവിജ്വൽ എററുകൾ കൊണ്ട് മാത്രം കൈവിട്ട കളികളേറെ. മികച്ച കളി പുറത്തെടുത്തിട്ടും വഴങ്ങിയ ഗോളുകളുടെ എണ്ണം കൊണ്ട് മാത്രം നാണംകെട്ട തോൽവികൾ എന്ന് തലവാചകം എഴുതപ്പെട്ട മത്സരങ്ങൾ വരെയുണ്ട് അക്കൂട്ടത്തിൽ. ഇക്കുറി ഏറ്റവും കൂടുതൽ ഗോളുകൾ കൺസീഡ് ചെയ്ത ബഹുമതി മഞ്ഞപ്പടക്കാണെന്നത് മാനേജ്‌മെന്റിനെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്.

ഗോൾ വേട്ടക്കാരുടെ പട്ടികയിൽ 9 ഗോളുകളുമായി ജീസസ് ജിമിനസ് രണ്ടാം സ്ഥാനത്തുണ്ട്. നാല് ഗോളിന് വഴിയൊരുക്കി അസിസ്റ്റ് ലിസ്റ്റില്‍ നോഹ് സദോയിയും രണ്ടാമത്. എന്നാൽ പോയിന്റ് പട്ടികയിൽ 11 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥാനം മാത്രം പത്താമത്. ഫുട്‌ബോളിന്റെ ബാലപാഠങ്ങൾ അറിയുന്നൊരു ആരാധകന് എവിടെയാണ് നമുക്ക് പിഴക്കുന്നതെന്ന് മനസിലാക്കാൻ ഈ കണക്കുകളൊക്കെ ധാരാളമാണ്. സീസണിന്റെ തുടക്കത്തിൽ തന്നെ മഞ്ഞപ്പട ക്ലബ്ബിനെക്കുറിച്ച തങ്ങളുടെ ആശങ്കകൾ പരസ്യമാക്കിയതാണ്.

തങ്ങൾക്ക് ഹൃദയഭാരം അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു എന്ന് ആരാധകര്‍ പ്രതികരിച്ചു. അവ്യക്തമായ സ്ട്രാറ്റജികൾ..... അടിസ്ഥാന സൗകര്യങ്ങൾ, പുതിയ സൈനിങ്ങുകൾ, താരങ്ങളുടെ കൊഴിഞ്ഞു പോക്ക് എന്നിവയെ കുറിച്ചൊക്കെ അന്വേഷിക്കുമ്പോൾ മറുപടിയായി ലഭിക്കുന്ന നിശബ്ദത. ഇക്കാര്യത്തില്‍ തങ്ങൾ ഏറെ നിരാശരാണെന്നും ഈ പ്രശ്‌നങ്ങളെ വേഗത്തിലും ഫലപ്രദമായും പരിഹരിക്കാന്‍ ടീമിനാവണമെന്നും മഞ്ഞപ്പട ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.തങ്ങൾക്ക് ക്ലബ്ബിനോടുള്ള പ്രണയം പോലെ തന്നെ ക്ലബ്ബിന് ആരാധകരുടെ ലൊയാലിറ്റിയെ കുറിച്ചും ബോധമുണ്ടാവണമെന്ന് ആരാധകര്‍ തുറന്നടിച്ചു.

ഈ സീസണില്‍ ടീമിന്‍റെ ട്രാന്‍സ്ഫര്‍ പോളിസിയാണ് ആരാധകരെ ഏറെ ചൊടിപ്പിച്ചത്. മറ്റ് ക്ലബ്ബുകള്‍ വിദേശ താരങ്ങളെ വാങ്ങിക്കൂട്ടുമ്പോള്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളെ വിറ്റഴിക്കുന്ന തിരക്കിലായിരുന്നു. കഴിഞ്ഞ വർഷത്തെ പല പ്രധാന മുഖങ്ങളും പുതിയ സീസണിൽ മഞ്ഞക്കുപ്പായത്തില്‍ ഉണ്ടായിരുന്നില്ല. ദിമിത്രിയോസ് ഡയമന്റകോസ്, ജീക്‌സൻ സിങ്, മാർക്കോ ലെസ്‌കോവിച്, ഡെയ്സുകി സകായ്, ഫെഡോർ സെർണിച് അങ്ങനെയങ്ങനെ ടീം വിട്ട് പോയവര്‍ നിരവധി. ക്ലബ്ബ് തട്ടകത്തിലെത്തിച്ച വിദേശ താരങ്ങളാവട്ടെ മൂന്നേ മൂന്ന് പേര്‍ മാത്രം. നോഹ് സദോയി, അലക്സാണ്ട്രേ കോയെഫ്, ജീസസ് ജിമിനെസ്.

താരങ്ങളെ വിറ്റഴിച്ച പണം കീശയിലുണ്ട്. എന്നാല്‍ ടീം വിട്ട് പോയവര്‍ക്ക് നല്ല റീപ്ലേസ്‌മെന്‍റുകളോ നല്ല ബാക് അപ് ഓപ്ഷനുകളോ ഉണ്ടായില്ല. സീസണാരംഭിച്ചപ്പോള്‍ പ്രശ്നങ്ങളൊക്കെ മറനീക്കിപ്പുറത്ത് വന്നു. പ്രതിരോധത്തിലെ നിരന്തര പിഴവുകള്‍ ടീമിനെ തോല്‍വിയുടെ പടുകുഴികളിലേക്ക് തള്ളിയിട്ടു. അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്ന പന്തുകളെ എതിര്‍ സ്ട്രൈക്കര്‍മാരുടെ മുമ്പിലേക്ക് തട്ടിയിട്ടു കൊടുക്കുന്ന ഗോള്‍കീപ്പര്‍മാര്‍ ദുരന്ത കാഴ്ചകളായി. നോഹും ജീസസും പെപ്രയുമൊക്കെ മരിച്ച് കളിച്ചിട്ടും ഫലം ഒന്നു തന്നെയായിരുന്നു.

ബാംഗ്ലൂരിനെതിരെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വഴങ്ങിയ നാണംകെട്ട തോല്‍വി ആരാധകരുടെ മുറിവില്‍ ഉപ്പ് തേക്കുന്നതായി. ബ്ലാസ്റ്റേഴ്സിനെ പരിഹസിച്ച് മടുത്തെന്ന് വരെ ബംഗളൂരു എഫ്.സിയുടെ സോഷ്യല്‍ മീഡിയ അഡ്മിന്‍ പരസ്യമായി പ്രതികരിച്ചു. ആരാധകരുടെ വികാരങ്ങളെ വിറ്റു കാശാക്കാന്‍ മാത്രം ഇക്കാലമത്രയും ശ്രദ്ധ പുലര്‍ത്തിയ മാനേജ്മെന്‍റ് മോഹന്‍ ബഗാനടക്കമുള്ള ക്ലബ്ബുകളെ കണ്ട് പഠിക്കണം. ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന് ജയം പിടിച്ചെടുത്ത സന്തോഷത്തില്‍ ക്ലബ്ബ് ചെയര്‍മാന്‍ സഞ്ജീവ് ഗോയങ്ക ആരാധകര്‍ക്ക് നല്‍കിയ വലിയ ഓഫര്‍ അടുത്ത ഹോം മാച്ചിനായുള്ള ഫ്രീ എന്‍ട്രിയാണ്. കാശെണ്ണികൊടുത്ത് കളി കാണാന്‍ കാതങ്ങള്‍ താണ്ടി എത്തുന്ന ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് ഇപ്പോഴും നല്‍കുന്നത് കുറേ കണ്ണീരും കിനാവും മാത്രം.

TAGS :

Next Story