Quantcast

അവാര്‍ഡെത്തിയത് ഡ്രോണ്‍ ക്യാമറയില്‍; തരംഗമായി ബെസ്റ്റ് ഫീല്‍ഡര്‍ പുരസ്കാരം

ലോകകപ്പിൽ ഓരോ മത്സരം കഴിയും തോറും വലിയ സർപ്രസൈുകളാണ് ഇന്ത്യൻ ക്യാമ്പിൽ മികച്ച ഫീൽഡറെയും കാത്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-10-24 10:42:33.0

Published:

24 Oct 2023 6:56 AM GMT

അവാര്‍ഡെത്തിയത് ഡ്രോണ്‍ ക്യാമറയില്‍; തരംഗമായി ബെസ്റ്റ് ഫീല്‍ഡര്‍ പുരസ്കാരം
X

‍ഇന്നിനി അവാർഡ് പ്രഖ്യാപനം മൈതാനത്ത് വച്ച്. ഫീൽഡിങ് കോച്ച് ടി.ദിലീപ് ഇന്ത്യൻ താരങ്ങളേയും കൂട്ടി ഗ്രൗണ്ടിലേക്കിറങ്ങി. ഒരു ഡ്രോൺക്യാമറ താരങ്ങള്‍ക്കിടയിലേക്ക് പറന്നിറങ്ങി. അതിലൊരാളുടെ ചിത്രം തൂക്കിയിരുന്നു.

ലോകകപ്പിൽ ഓരോ മത്സരം കഴിയും തോറും വലിയ സർപ്രസൈുകളാണ് ഇന്ത്യൻ ക്യാമ്പിൽ മികച്ച ഫീൽഡറെയും കാത്തിരിക്കുന്നത്. വിജയിക്ക് ലഭിക്കുന്നത് ഒരു മെഡലാണെങ്കിൽ പോലും അവാർഡ് പ്രഖ്യാപന രീതിയിലെ വ്യത്യസ്തത കൊണ്ട് ഇതിനോടകം ടി.ദിലീപും ഈ പുരസ്‌കാരവും ആരാധകര്‍ക്കിടയില്‍ തരംഗമായിക്കഴിഞ്ഞു.

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ക്യാച്ചെടുത്ത ശേഷം ബൗണ്ടറി ലൈന് അരികിൽ നിന്നിരുന്ന ദിലീപിനെ നോക്കി മെഡൽ കഴുത്തിലണിയുന്ന രീതിയിൽ ആംഗ്യം കാണിച്ച രവീന്ദ്ര ജഡേജയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നേരത്തേ വൈറലായിരുന്നു. കഴിഞ്ഞ ദിവസം കോൺവേയെ മനോഹരമായൊരു ക്യാച്ചിലൂടെ പുറത്താക്കി ശ്രേയസ് അയ്യരും ഇതേ ആംഗ്യം കാണിച്ചു. കിവീസിനെതിരായ മത്സരത്തിൽ മുഹമ്മദ് സിറാജും വിരാട് കോഹ്ലിയുമൊക്കെ ഫീൽഡിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അതിനാല്‍ ഇക്കുറി പുരസ്കാരം ആര്‍ക്കാണെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍.

''ചില പിഴവുകൾ നമുക്ക് സംഭവിച്ചു. എന്നിരുന്നാലും ധരംശാലയിലെ കടുപ്പമേറിയ സാഹചര്യത്തില്‍ നമ്മള്‍ ഫീല്‍ഡിങ്ങില്‍ മികച്ചു നിന്നു. കോഹ്ലിയും സിറാജും അയ്യരും മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ഇനി അവാര്‍ഡ് പ്രഖ്യാപനം.''- ടി.ദിലീപ് ഇതുപറഞ്ഞവസാനിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ആകാംക്ഷയോടെ ടി.വി സ്ക്രീനിലേക്ക് കണ്ണും നട്ടിരുന്നു. സാധാരണ ടി.വി സ്‌ക്രീനിലുടെയാണ് വിജയിയെ പ്രഖ്യാപിച്ചിരുന്നത്. ഇക്കുറി ദിലീപ് ഒരൽപ്പം കടന്ന് വലിയൊരു വ്യത്യസ്തത കണ്ടെത്തി.

താരങ്ങളോട് മൈതാനത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഒരു ഡ്രോൺ കാമറ ആകാശത്തപ്പോള്‍ പറക്കുന്നുണ്ടായിരുന്നു. അതില്‍ ഒരുതാരത്തിന്‍റെ ചിത്രം തൂക്കിയിട്ടിരുന്നു. താരങ്ങള്‍ ഇരട്ടിയാവേശത്തിലായി. ഒടുക്കം അത് അവര്‍ക്കിടയിലേക്ക് പറന്നിറങ്ങി. ആരാധകര്‍ പ്രതീക്ഷിച്ചത് പോലെ ഡെവോണ്‍ കോണ്‍വേയെ പുറത്താക്കാന്‍ പറന്നു ക്യാച്ചെടുത്ത ശ്രേയസ് അയ്യര്‍ക്ക് തന്നെയായിരുന്നു പുരസ്കാരം. സഹതാരങ്ങള്‍ അയ്യരെ പൊതിയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. അടുത്ത മത്സരത്തിലെ മികച്ച ഫീല്‍ഡര്‍ക്ക് ദിലീപ് ഒരുക്കി വക്കുന്ന സര്‍പ്രൈസ് എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.


TAGS :

Next Story