'സയണിസ്റ്റ് വിരുദ്ധ പോസ്റ്റുകള്‍ അനുവദിക്കില്ല'; നയംമാറ്റം പരസ്യമാക്കി മെറ്റ
സയണിസ്റ്റുകളാണു ലോകം ഭരിക്കുന്നതും മാധ്യമങ്ങളെ നിയന്ത്രിക്കുന്നതുമെന്നൊക്കെ പറഞ്ഞ് പോസ്റ്റിട്ടാലും പണികിട്ടുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്
വാഷിങ്ടണ്‍: സയണിസ്റ്റ് വിമര്‍ശനത്തില്‍ നയംമാറ്റം പരസ്യമാക്കി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം മാതൃകമ്പനിയായ മെറ്റ. ഇനി മുതല്‍ സയണിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള പോസ്റ്റുകള്‍ വിലക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി. സയണിസ്റ്റുകള്‍ക്കെതിരായ വിമര്‍ശം എന്ന മറവില്‍ ജൂതന്മാരെയും ഇസ്രായേലികളെയും ആക്രമിക്കുന്നത് അനുവദിക്കില്ലെന്നാണു വിശദീകരണം.
കമ്പനിയുടെ വിദ്വേഷ പ്രസംഗ നയത്തില്‍ പുതിയ ഭേദഗതി വരുത്തിയ വിവരം മെറ്റ പോളിസി ഫോറം ആണ് ബ്ലോഗ് പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. സയണിസ്റ്റ് എന്ന് പ്രയോഗിച്ച, അധിക്ഷേപസ്വരത്തിലുള്ള പോസ്റ്റുകളെല്ലാം നീക്കം ചെയ്യുമെന്നതാണു പ്രധാന മാറ്റം. ജൂതരെയും ഇസ്രായേലികളെയും അമാനവീകരിക്കുകയും ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും അവരുടെ നിലനില്‍പ്പ് നിഷേധിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കെതിരെയായിരിക്കും നടപടിയെന്നും വിശദീകരണമുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്‌സ് ഉള്‍പ്പെടെയുള്ള മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം പുതിയ ഭേദഗതി ബാധകമാകും.
പ്രത്യക്ഷത്തില്‍ രാഷ്ട്രീയ പ്രസ്ഥാനത്തെ കുറിച്ചുള്ള വിലയിരുത്തലുകളല്ലാത്ത, സെമിറ്റിക് വിരുദ്ധ വാര്‍പ്പുമാതൃകകള്‍ പിന്തുടരുകയോ ഭീഷണിസ്വരം ഉയര്‍ത്തുകയോ ചെയ്യുന്ന സയണിസ്റ്റ് വിരുദ്ധ പോസ്റ്റുകളെല്ലാം നീക്കംചെയ്യുമെന്ന് മെറ്റ പോളിസി ഫോറം പോസ്റ്റില്‍ പറയുന്നു. സയണിസ്റ്റുകള്‍ക്കെതിരായ ആക്രമണമെന്ന മറവില്‍ ജൂതന്മാര്‍ക്കും ഇസ്രായേലികള്‍ക്കുമെതിരായ ഹിംസകള്‍ക്കെതിരെയെല്ലാം നടപടിയുണ്ടാകും. പ്രത്യേക സംരക്ഷണ പരിധിയിലുള്ള മത, വംശീയ, ദേശീയ സ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്കെതിരെയുള്ള പോസ്റ്റുകള്‍ നീക്കംചെയ്യുമെന്നത് മെറ്റയുടെ പൊതുനയമാണെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പദോദ്പത്തിയുടെയും പ്രയോഗത്തിന്റെയും പശ്ചാത്തലത്തിന്റെയുമെല്ലാം അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടുന്ന, പല അടരുകളിലുള്ള അര്‍ഥങ്ങളുള്ള വാക്കാണ് സയണിസ്റ്റ് എന്ന് മെറ്റ കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. മെറ്റ നയം പ്രകാരം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സംരക്ഷിത വിഭാഗമല്ല. പൊതുവെ ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അനുയായികളെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിക്കാറുള്ളത്. എന്നാല്‍, ജൂത-ഇസ്രായേല്‍ ജനതയെ സൂചിപ്പിക്കാനും ഇത് ഉപയോഗിക്കാറുണ്ട്. കമ്പനിയുടെ വിദ്വേഷ പ്രസംഗ നയം അനുസരിച്ച് ഇവര്‍ സംരക്ഷിത വിഭാഗമാണെന്നും കുറിപ്പില്‍ പറയുന്നു.
പശ്ചിമേഷ്യ, ആഫ്രിക്ക, ഇസ്രായേല്‍, വടക്കനമേരിക്ക, യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള 145ഓളം സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളുമായും അക്കാദമിക പണ്ഡിതരുമായും കൂടിയാലോചിച്ചാണ് ഇക്കാര്യത്തില്‍ ഒരു നയം രൂപീകരിച്ചിരിക്കുന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്. രാഷ്ട്രമീമാംസാ പണ്ഡിതര്‍, ചരിത്രകാരന്മാര്‍, നിയമവിദഗ്ധര്‍, ഡിജിറ്റല്‍-പൗരാവകാശ സംഘങ്ങള്‍, ആവിഷ്‌ക്കാര സ്വാതന്ത്ര്യ വക്താക്കള്‍, മനുഷ്യാവകാശ വിദഗ്ധര്‍ എന്നിവരുമായെല്ലാം ആലോചിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
ജൂതരെയും ഇസ്രായേലികളെയും ഉദ്ദേശിച്ചുള്ള സയണിസ്റ്റ് പ്രയോഗം, സെമിറ്റിക് വിരുദ്ധ ആലങ്കാരിക പ്രയോഗങ്ങള്‍ എന്നിവയെല്ലാം നീക്കം ചെയ്യും. 'ഇന്ന് ജൂതന്മാരുടെ പെസഹ ആഘോഷമാണ്, സയണിസ്റ്റുകളെ എനിക്ക് വെറുപ്പാണെ'ന്ന് പറഞ്ഞൊരു പോസ്റ്റിട്ടാല്‍ നടപടിയുണ്ടാകുമെന്നാണ് ഉദാഹരണം നിരത്തി മെറ്റ വിശദീകരണം. സയണിസ്റ്റുകളാണു ലോകം ഭരിക്കുന്നതെന്നോ, മാധ്യമങ്ങളെ നിയന്ത്രിക്കുന്നതെന്നോ ഒക്കെ പറഞ്ഞ് പോസ്റ്റിട്ടാലും പണികിട്ടും. കീടങ്ങളോടും പന്നികളോടും മാലിന്യങ്ങളോടും ഉപമിച്ചുള്ള പ്രയോഗങ്ങള്‍, കായികമായുള്ള ആക്രമണത്തിനുള്ള ആഹ്വാനം, രോഗികളാണെന്ന അധിക്ഷേപം, നിലനില്‍പ്പിനെ ചോദ്യംചെയ്യല്‍ ഇതെല്ലാം നടപടികള്‍ക്കുള്ള ന്യായങ്ങളാണെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നു വര്‍ഷമായി ഇതുമായി ബന്ധപ്പെട്ടുള്ള ഗവേഷണം നടക്കുന്നുണ്ടെന്നാണ് മെറ്റ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് നീല്‍ പോട്ട്‌സ് ബ്ലൂംബെര്‍ഗിനോട് പ്രതികരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയിലാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറയുന്നു. മെറ്റയുടെ നയരൂപീകരണത്തില്‍ സജീവ പങ്കാളികളായ വേള്‍ഡ് ജ്യൂയിഷ് കോണ്‍ഗ്രസ്(ഡബ്ല്യു.ജെ.സി) പുതിയ നയംമാറ്റത്തെ സ്വാഗതം ചെയ്തു രംഗത്തെത്തിയിട്ടുണ്ട്. ജൂതന്മാര്‍ക്കെതിരായ വിദ്വേഷത്തിനുള്ള മറയാക്കി സയണിസത്തെ ഉപയോഗിക്കുന്നവര്‍ക്കെതിരെയുള്ള ശക്തമായ നടപടിയാണ് മെറ്റ സ്വീകരിച്ചിരിക്കുന്നതെന്നാണ് ഡബ്ല്യു.ജെ.സി അധ്യക്ഷന്‍ റൊണാള്‍ഡ് എസ്. ലൗഡര്‍ പ്രതികരിച്ചത്.
Summary: Meta expands hate speech policy to remove posts targeting 'Zionists'
Adjust Story Font
16