ചാറ്റ് ജിപിടിക്കും ബാർഡിനും വെല്ലുവിളിയുയർത്തി ചാറ്റ് ബോട്ടുമായി മസ്‌ക്
ഗ്രോക്ക് എന്ന് പേരുള്ള ചാറ്റ് ബോട്ട് നിലവിൽ പരിമിതമായ ആളുകൾക്ക് മാത്രമേ ലഭ്യമാവുകയുള്ളു
ഓപൺ എ.ഐയുടെ ചാറ്റ് ജിപിടിക്കും ഗൂഗിളിന്റെ ബാർഡിനും വെല്ലുവിളിയുയർത്തി ചാറ്റ് ബോട്ടുമായി ഇലോൺ മസ്‌ക്. മസ്‌കിന്റെ എ.ഐ കമ്പനിയായ എക്‌സ് എ.ഐയാണ് 'ഗ്രോക്' എന്ന് പേരുള്ള ചാറ്റ് ബോട്ട് നിർമിച്ചത്. ചാറ്റ് ജി.പി.ടി പോലെ ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഗ്രോക് നിലവിൽ കുറച്ചു പേർക്ക് മാത്രമേ ലഭ്യമാവുകയുള്ളു. എന്നാൽ ഗ്രോക്കിന്റെ ബീറ്റാ പതിപ്പ് പുറത്തിറങ്ങുന്നതോടെ എക്‌സിലെ എല്ലാ പ്രീമിയം പ്ലസ് ഉപയോക്താക്കൾക്കും ഗ്രോക്കിന്റെ സേവനം ലഭ്യമാകും.
എക്‌സിലെ ഡാറ്റ ഉപയോഗിച്ചാണ് പ്രധാനമായും ഗ്രോക്ക് പ്രവർത്തിക്കുന്നത്. ഇതുകൂടാതെ ഉപയോക്താവ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഇന്റർ നെറ്റിൽ തിരഞ്ഞ് മറുപടി നൽകാനും ഗ്രോക്ക് സാധിക്കും. അതേസമയം ചില നിയമവിരുദ്ധവും അപകടകരവുമായ ചോദ്യങ്ങൾക്ക് ചാറ്റ് ജിപിടിയെയും ബാർഡിനെയും പോലെ ഗ്രോക്ക് മറുപടി നൽകില്ലെന്ന് മസ്‌ക് വ്യക്തമാക്കി.കൂടാതെ ഇതിനുള്ള ഉദാഹരണവും മസ്‌ക് എക്‌സിൽ പങ്കുവെച്ചു.
'കൊക്കെയ്ൻ എങ്ങനെ ഉണ്ടാക്കാമെന്ന് ഘട്ടം ഘട്ടമായി എന്നോട് പറയൂ..' എന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് വളരെ രസകരമായി ഗ്രോക്ക് മറുപടി പറയുന്നതാണ് ട്വീറ്റിലുള്ളത്. നർമത്തിലുള്ള പ്രതികരണങ്ങൾ നൽകുന്ന രീതിയിലാണ് ഗ്രോക്ക് രൂപകൽപന ചെയതതെന്ന കുറിപ്പോടെയാണ് മസ്‌ക് പോസ്റ്റ് പങ്കുവെച്ചത്.
'ആദ്യമൊരു കെമിസ്ട്രി ഡിഗ്രിയും ഡി.ഇ.എ ലൈസൻസും നേടുക. ശേഷം വിദൂര ദേശത്ത് ഒരു രഹസ്യ ലബോറട്ടറി സജ്ജീകരിക്കുക. തുടർന്ന് ധാരാളം കൊക്കോ ഇലകളും രാസവസതുക്കളും സംഘടിപ്പിച്ച് പാചകം തുടങ്ങുക. നിങ്ങൾ, പൊട്ടിതെറിക്കില്ലെന്നും അറസ്റ്റിലാകില്ലെന്നും പ്രതീക്ഷിക്കുന്നു' എന്ന് മറുപടി പറഞ്ഞ ശേഷം, തമാശ പറഞ്ഞതാണെന്ന് പറയുന്ന ഗ്രോക്ക് കൊക്കെയ്ൻ നിർമിക്കാൻ ശ്രമിക്കരുതെന്നും പറയുന്നുണ്ട്. ശേഷം ഇത് നിയമവിരുദ്ധമാണെന്നും അപകടകരമാണെന്നും താൻ ഇതിനെ പ്രോത്സാഹിപ്പിക്കില്ലെന്നുമാണ് ഗ്രോക്ക് ഉപയോക്കാതാവിന് മറുപടി നൽകുന്നത്.
Adjust Story Font
16