മസ്‌കിന്റെ 'ഗ്രോക്ക്' എ.ഐ ചാറ്റ് ബോട്ട് അടുത്താഴ്ച മുതൽ ലഭ്യമാകും
എക്‌സിലും വെബ്ബിലും ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിച്ച ഗ്രോക്കിന് ചിത്രങ്ങളും ശബ്ദവും തിരിച്ചറിയാനാകും
ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് എ.ഐ വികസിപ്പിച്ച എ.ഐ ചാറ്റ് ബോട്ട് ഗ്രോക്ക് അടുത്താഴ്ച മുതൽ എക്‌സ് പ്രീമിയം പ്ലസ് വരിക്കാർക്ക് ലഭ്യമാവും. ഓപൺ എ.ഐയുടെ ചാറ്റ് ജിപിടിക്കും ഗൂഗിളിന്റെ ബാർഡിനോടും കിട പിടിക്കുന്ന രീതിയിലാണ് ഗ്രോക്ക് ഒരുക്കിയിട്ടുള്ളത്. ഗൂഗിൾ, ഓപ്പൺ എ.ഐ, ഡീപ്പ് മൈന്റ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാരാണ് ഗ്രോക്ക് നിർമിച്ചത്. തമാശയും ആക്ഷേപഹാസ്യവും കലർന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് ഗ്രോക്ക് നൽകുക. കൂടാതെ ഗ്രോക്കിന് സ്വയം ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് വിവരങ്ങൾ കണ്ടെത്താനും സാധിക്കും.
എക്‌സിലും വെബ്ബിലും ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിച്ച ഗ്രോക്കിന് ചിത്രങ്ങളും ശബ്ദവും തിരിച്ചറിയാനാകും. നിലവിൽ ഈ സംവിധാനങ്ങൾ ചാറ്റ് ജിപിടിയുടെ പെയ്ഡ് വേർഷനിൽ ലഭ്യമാണ്. അതേസമയം പുതിയ ഫീച്ചർ എത്തുന്നതോടെ പ്രീമിയം വരിക്കാരുടെ എണ്ണം വർധിപ്പിക്കാനാകുമെന്നാണ് എക്‌സിന്റെ കണക്കുകൂട്ടൽ.
നിലവിൽ മൂന്നുതരം എക്‌സ് പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളാണുള്ളത്. ബേസിക് സബ്‌സ്‌ക്രിപ്ഷനിൽ പരസ്യങ്ങളുണ്ടാകും. അതേസമയം ട്വീറ്റ് എഡിറ്റ് ഫീച്ചർ പോലുള്ള സൗകര്യങ്ങൾ ലഭിക്കും. പകുതിയോളം പരസ്യങ്ങൾ ഒഴിവാക്കിയാണ് എക്‌സ് പ്രീമിയം പ്ലാൻ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ അവതരിപ്പിച്ച പ്രീമിയം പ്ലസിൽ പരസ്യങ്ങൾ തീരെയുണ്ടാവില്ല. ഇതിനോടൊപ്പം ഒരു ക്രിയേറ്റർ ഹബ്ബും ലഭ്യമാകും.
Adjust Story Font
16