ഗൂഗിള്‍ യുഗം അവസാനിക്കുന്നോ? സെര്‍ച്ച് ജി.പി.ടി പ്രഖ്യാപിച്ച് ഓപണ്‍ എ.ഐ
ഓപണ്‍ എ.ഐയുടെ സെര്‍ച്ച് ജി.പി.ടി ഓണ്‍ലൈന്‍ സെര്‍ച്ചിങ്ങിലെ ഗൂഗിളിന്റെ ആധിപത്യം തകര്‍ക്കുമെന്നാണ് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നത്

വാഷിങ്ടണ്‍: എ.ഐ സെര്‍ച്ചിങ്ങില്‍ തരംഗം സൃഷ്ടിച്ച ചാറ്റ് ജി.പി.ടിക്കു ശേഷം വമ്പന്‍ നീക്കവുമായി ഓപണ്‍ എ.എ. സെര്‍ച്ച് ജി.പി.ടി എന്ന പേരില്‍ പുതിയ സെര്‍ച്ച് എന്‍ജിന്‍ ലോഞ്ചിങ്ങിനൊരുങ്ങുകയാണ് യു.എസ് കമ്പനി. ഓണ്‍ലൈന്‍ സെര്‍ച്ചിങ്ങിലെ ഗൂഗിളിന്റെ ആധിപത്യം തകര്‍ക്കാന്‍ പോകുന്ന നീക്കമായാണ് ഇതിനെ സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
അതിവേഗത്തില്‍ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള സെര്‍ച്ച് എന്‍ജിനാണു വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ഓപണ്‍ എ.ഐ ബ്ലോഗ് പോസ്റ്റില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ സെര്‍ച്ച് ജി.പി.ടിയുടെ മാതൃകാരൂപം പുറത്തുവിടുകയും ചെയ്തിട്ടുണ്ട് കമ്പനി. ഓണ്‍ലൈന്‍ ലോകത്ത് ലഭ്യമായ വിവരങ്ങളെ എ.ഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള പുത്തന്‍ ഫീച്ചറുകളുമായാണ് സെര്‍ച്ച് എന്‍ജിന്‍ ഒരുങ്ങുന്നതെന്ന് പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്. സെര്‍ച്ച് എന്‍ജിന്റെ പ്രോട്ടോടൈപ്പ് പരീക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ സൈന്‍ അപ്പ് ചെയ്ത് വെയ്റ്റിങ് ലിസ്റ്റില്‍ കാത്തിരിക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
നിലവില്‍ ഏതാനും യൂസര്‍മാര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും മാത്രമാണ് സെര്‍ച്ച് ജി.പി.ടി പ്രോട്ടോടൈപ്പ് ലഭ്യമാക്കിയിട്ടുള്ളത്. 10,000 പേര്‍ക്കാണ് ഇപ്പോള്‍ ഇത് ആക്‌സെസ് ചെയ്യാനാകുക എന്നാണ് ടെക്‌നോളജി വെബ്‌പോര്‍ട്ടലായ 'ദി വെര്‍ജ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. സമ്പൂര്‍ണമായ ലോഞ്ചിങ്ങിനു മുന്നോടിയായി ഉപയോക്താക്കളുടെ അഭിപ്രായം തേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയില്‍ സെര്‍ച്ച് ജി.പി.ടി ഫീച്ചറുകള്‍ ചാറ്റ് ജി.പി.ടിയുമായി സംയോജിപ്പിക്കാനും പദ്ധതിയിടുന്നുണ്ടെന്നും ഓപണ്‍ എ.ഐ വക്താവ് കൈല വുഡ് വെര്‍ജിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പ്രസക്തവും കൃത്യവുമായ വിവരങ്ങളായിരിക്കും സെര്‍ച്ചിങ്ങില്‍ ലഭിക്കുക എന്നാണ് കമ്പനി അവകാശപ്പെടുന്നത്. റിസല്‍റ്റ് ലഭിച്ചാലും അനുബന്ധ ചോദ്യങ്ങള്‍ ഉയര്‍ത്താനുള്ള ഫീച്ചറുകളും സെര്‍ച്ച് എന്‍ജിനുണ്ട്. വിഷ്യല്‍ ആന്‍സേഴ്‌സ് എന്ന പേരില്‍ വിഡിയോ ഫലങ്ങള്‍ ലഭിക്കുന്ന ഫീച്ചറുകളുമുണ്ടെന്നും ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സെര്‍ച്ച് ജി.പി.ടിയുടെ മാതൃകാരൂപങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. 'എന്താണു താങ്കള്‍ തിരയുന്നത്?' എന്ന് യൂസറോട് ചോദിക്കുന്ന ചാറ്റ്‌ബോക്‌സിന്റെ ചിത്രങ്ങള്‍ അതിലൊന്നാണ്. എങ്ങനെയാണ് സെര്‍ച്ചിങ്ങിന് ഉത്തരങ്ങള്‍ ലഭിക്കുകയെന്നു കാണിക്കുന്ന ഉദാഹരണങ്ങളും പുറത്തുവിട്ടിട്ടുണ്ട്. നോര്‍ത്ത് കരോലിനയിലെ ബൂണില്‍ ആഗസ്റ്റില്‍ നടക്കുന്ന സംഗീത ആഘോഷങ്ങള്‍ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഇതില്‍ കാണിക്കുന്നത്. വെറും ലിങ്കുകള്‍ നല്‍കുകയല്ല സെര്‍ച്ച് എന്‍ജിന്‍ ചെയ്യുക. ഓരോ ലിങ്കിനൊപ്പവും ഉള്ളടക്കത്തിന്റെ സംക്ഷിപ്ത രൂപവും നല്‍കിയിരിക്കും. ഇതു വായിച്ചു പ്രസക്തമെന്നു തോന്നുന്ന ലിങ്കുകള്‍ മാത്രം തുറന്നുനോക്കിയാല്‍ മതിയെന്ന ആശ്വാസം ഉപയോക്താക്കള്‍ക്കുണ്ടാകും. ഇതോടൊപ്പമാണ് അനുബന്ധ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരവും നല്‍കുന്നത്.
മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എന്‍ജിനായ ബിങ് നിലവില്‍ എ.ഐയുമായി സംയോജിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഗൂഗിളിന്റെ അപ്രമാദിത്തം തകര്‍ക്കാന്‍ കഴിയുന്ന തരത്തില്‍ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ഫീച്ചറുകളൊന്നും ഇതിനകത്തില്ല. എന്നാല്‍, സെര്‍ച്ച് ജി.പി.ടിയുടെ വരവ് ഗൂഗിളിന് ശരിക്കുമൊരു വെല്ലുവിളിയാകുമെന്നാണ് ടെക് വിദഗ്ധരെല്ലാം വിലയിരുത്തുന്നത്. ഇതെല്ലാം മുന്‍കൂട്ടിക്കണ്ട് ഗൂഗിള്‍ നിലവില്‍ തന്നെ സെര്‍ച്ച് എന്‍ജിനുമായി എ.ഐ സംയോജിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഉപയോക്താക്കളുടെ ഗൂഗിള്‍ തിരച്ചിലിനു നല്‍കുന്ന മറുപടികളില്‍ എ.ഐ ഓവര്‍വ്യൂ എന്ന പേരിലുള്ള ഒരു ഫീച്ചറും ഇപ്പോള്‍ കാണാം. ഗൂഗിളിന്റെ തന്നെ സെര്‍ച്ച് ലാബുമായി ചേര്‍ന്നാണ് എ.ഐ സഹായത്താല്‍ നല്‍കുന്ന ഉത്തരം ഓരോ ചോദ്യങ്ങളുടെയും മറുപടിയായി ആദ്യം നല്‍കുന്നത്.
Summary: OpenAI enters Google-dominated search market with SearchGPT
Adjust Story Font
16