Quantcast

'കിളി പോകുന്നു'; ഇന്ന് രാത്രി ട്വിറ്റർ മുഖം മാറും

ട്വിറ്റർ ഏറ്റെടുത്ത ശേഷം മസ്‌ക് നടത്തുന്ന ഏറ്റവും വലിയ പരിഷ്‌കാരമാണിത്

MediaOne Logo

Web Desk

  • Updated:

    2023-07-23 06:45:01.0

Published:

23 July 2023 6:32 AM GMT

കിളി പോകുന്നു; ഇന്ന് രാത്രി ട്വിറ്റർ മുഖം മാറും
X

കാലിഫോർണിയ: മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിന്റെ റീബ്രാൻഡിങ് പ്രഖ്യാപിച്ച് ഉടമ ഇലോൺ മസ്‌ക്. ചിരപരിചിതമായ 'നീലക്കിളി' ലോഗോയും ബ്രാന്‍ഡും പരിഷ്‌കരിക്കുമെന്ന് മസ്‌ക് അറിയിച്ചു. 'ഉടൻ നമ്മൾ ട്വിറ്റർ ബ്രാൻഡിനോട്, ക്രമേണ എല്ലാ കിളികളോടും വിട ചൊല്ലും' എന്നാണ് മസ്‌കിന്റെ ട്വീറ്റ്. ഞായറാഴ്ച രാത്രിയാണ് റീ ബ്രാൻഡിങ്.

കഴിഞ്ഞ വർഷം ട്വിറ്റർ ഏറ്റെടുത്ത ശേഷം മസ്‌ക് നടത്തുന്ന ഏറ്റവും വലിയ പരിഷ്‌കാരമാണിത്. നിലവിൽ സ്വതന്ത്ര കമ്പനിയല്ല ട്വിറ്റർ. ഈയിടെ രൂപവത്കരിച്ച എക്‌സ് കോർപറേഷൻ എന്ന സ്ഥാപനത്തിൽ ട്വിറ്റർ ലയിച്ചിരുന്നു. ഇതു സൂചിപ്പിക്കും വിധം എക്‌സ് (X) എന്ന ലോഗോ ആയിരിക്കും പകരം വരിക എന്നാണ് റിപ്പോർട്ട്. ഇതിനെ ബലപ്പെടുത്തുന്ന ഒരു ട്വീറ്റും മസ്‌ക് പങ്കുവച്ചിട്ടുണ്ട്.



X എന്ന അക്ഷരത്തോടുള്ള മസ്‌കിന്റെ ഭ്രമം വിഖ്യാതമാണ്. ട്വിറ്ററിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവായി ലിൻഡ യക്കാറിനോയെ ഏപ്രിലിൽ നിയമിച്ച വേളയിൽ 'ലിൻഡയ്‌ക്കൊപ്പം പ്രവർത്തിച്ച് ഈ പ്ലാറ്റ്‌ഫോം x ആക്കി മാറ്റാൻ കാത്തിരിക്കുന്നു' എന്നാണ് മസ്‌ക് ട്വീറ്റു ചെയ്തിരുന്നത്. x.com (പിന്നീട് പേ പാലിൽ ലയിച്ചു), സ്‌പേസ് എക്‌സ് എന്നിവ മസ്‌കിനു കീഴിലെ മറ്റു കമ്പനികളാണ്.


ലിൻഡ യക്കാറിനോ


ഏപ്രിലിൽ ട്വിറ്റർ ലോഗോ മാറ്റി പകരം നായയുടെ ചിത്രം വച്ച മസ്‌കിന്റെ ട്വീറ്റ് ചർച്ചയായിരുന്നു. ഡോജ് കോയിൻ (Dogecoin) എന്ന ക്രിപ്‌റ്റോ കറൻസിയുടെ ചിഹ്നമായ ഷിബ ഇനു വർഗത്തിൽപ്പെട്ട നായയുടെ ചിത്രമാണ് നൽകിയിരുന്നത്. 2013ൽ അവതരിപ്പിക്കപ്പെട്ട ക്രിപ്‌റ്റോ കറൻസിയാണ് ഡോജ്‌കോയിൻ. ഇതിന് പിന്നാലെ കറൻസിയുടെ മൂല്യത്തിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരുന്നത്.

ലോഗോ മാറ്റത്തിന് പുറമേ, വെരിഫൈഡ് ബാഡ്‌ജോ ബ്ലൂ സബ്‌സ്‌ക്രിപ്ഷനോ ഇല്ലാത്ത ഉപയോക്താക്കൾക്ക് നേരിട്ട് എയക്കാൻ കഴിയുന്ന മെസ്സേജുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. സ്പാമും ബോട്ടും തടയുക എന്നതാണ് ലക്ഷ്യം. സബ്‌സ്‌ക്രിപ്ഷനു വേണ്ടി പണം മുടപ്പിക്കാനുള്ള നീക്കമാണ് ഇതെന്നും ആരോപണമുണ്ട്. ഇന്ത്യയിൽ 900 രൂപയാണ് ബ്ലൂ സബ്‌സ്‌ക്രിപ്ഷനു മുടക്കേണ്ടത്.




TAGS :
Next Story