പരസ്യദാതാക്കളെ ഫേസ്ബുക്ക് കബളിപ്പിച്ചു
പരസ്യദാതാക്കളെ ഫേസ്ബുക്ക് കബളിപ്പിച്ചു
കഴിഞ്ഞ രണ്ട് വര്‍ഷമായി ഫേസ്ബുക്ക് ഉപഭോക്താക്കള്‍ കാണുന്ന വീഡിയോകളുടെ കണക്കിലാണ് പിശകുകള്‍ കണ്ടെത്തിയത്.
പരസ്യദാതാക്കള്‍ക്ക് ഫേസ്ബുക്ക് നല്‍കിയത് പെരുപ്പിച്ച കണക്കുകളെന്ന് കണ്ടെത്തല്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ഫേസ്ബുക്ക് ഉപഭോക്താക്കള്‍ കാണുന്ന വീഡിയോകളുടെ കണക്കിലാണ് പിശകുകള്‍ കണ്ടെത്തിയത്. തെറ്റ് സമ്മതിച്ച ഫേസ്ബുക്ക്, പക്ഷേ ബോധപൂര്‍വം കൃത്രിമം കാട്ടിയിട്ടില്ലെന്ന നിലപാടിലാണ്.
ഫേസ്ബുക്ക് ന്യൂസ്ഫീഡിലുള്ള വീഡിയോകള്‍ കണ്ടവരുടെ എണ്ണമനുസരിച്ചാണ് പരസ്യദാതാക്കള്‍ പ്രതിഫലമടക്കമുള്ള കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. ഉല്‍പന്നങ്ങളുടെ സ്വീകാര്യത മനസ്സിലാക്കാനും ഈ കണക്കുകള്‍ തന്നെയാണ് ആശ്രയം. എന്നാല്‍ വീഡിയോ കണ്ടവരുടെ എണ്ണത്തില്‍ 80 ശതമാനം വരെ പെരുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നാണ് ചില പരസ്യദാതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ വ്യൂവര്‍ഷിപ്പ് തകരാര്‍ പരിഹരിച്ചുകഴിഞ്ഞെന്ന നിലപാടിലാണ് ഫേസ്ബുക്ക്. ആവറേജ് ഡ്യൂറേഷന്‍ ഓഫ് വീഡിയോ വ്യൂവ്ഡ് എന്ന യൂനിറ്റിലാണ് തകരാറ് കണ്ടെത്തിയത്. വീഡിയോ കണ്ട ഉപഭോക്താക്കളുടെ എണ്ണം, സമയം തുടങ്ങിയ വിവരങ്ങളാണ് ഈ യൂനിറ്റ് ഉപയോഗിച്ച് കണ്ടെത്തുക. തെറ്റ് കണ്ടെത്തിയ വിവരം പരസ്യദാതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് സമ്മതിക്കുകയും ചെയ്തു.
പരസ്യങ്ങളുടെ സ്വീകാര്യത അളക്കാന്‍ ആവറേജ് വാച്ച് ടൈം എന്ന പുതിയ യൂനിറ്റാണ് കഴിഞ്ഞ മാസം മുതല്‍ ഫേസ്ബുക് ഉപയോഗിക്കുന്നത്. എന്നാല്‍ നിരക്ക് നിശ്ചയിക്കാന്‍ ഈ യൂനിറ്റ് മാത്രമല്ല പരസ്യദാതാക്കള്‍ ഉപയോഗിക്കുന്നതെന്ന് ഫേസ്ബുക്കിന്റെ വിശദീകരണത്തില്‍ പറയുന്നു. പല പരസ്യദാതാക്കളും ഫേസ്ബുക്കിന്റെ വിശദീകരണത്തില്‍ തൃപ്തരല്ല. വ്യൂവര്‍ഷിപ്പ് കണക്കാക്കുന്നതിലെ പിഴവ് ഒരു മൂന്നാം കക്ഷിയുടെ ഓഡിറ്റിങിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന നിലപാടിലാണ് പരസ്യകമ്പനികള്‍. 3 സെക്കന്റ് പ്ലേ ചെയ്ത വീഡിയോയെ വ്യൂവര്‍ഷിപ്പിന്റെ പരിധിയില്‍പെടുത്തിയ ഫേസ്ബുക് മുമ്പും വിമര്‍ശം ഏറ്റുവാങ്ങിയിട്ടുണ്ട്.
Adjust Story Font
16