വൈകാരിക പോസ്റ്റുകള്‍ വൈറലാകാതെ കടിഞ്ഞാണിടാന്‍ ഫേസ്ബുക്ക്
വൈകാരികമായ പോസ്റ്റുകള്‍ പ്രചരിക്കുന്നത് നിയന്ത്രിക്കാനായി തങ്ങളുടെ അല്‍ഗോരിതത്തില്‍ തന്നെ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്കും മാര്‍ക്ക് സുക്കര്‍ബര്‍ഗും
അത്യന്തംവൈകാരികമായ വിവരങ്ങള്‍ അതിവേഗത്തില്‍ വൈറലാകുന്നത് ഫേസ്ബുക്കിന് പലരാജ്യങ്ങളിലും തലവേദനയാവുകയാണ്. പല സര്‍ക്കാരുകളും ഇത്തരം പോസ്റ്റുകള്‍ പ്രചരിക്കുന്നത് നിയന്ത്രിക്കണമെന്ന ആവശ്യം ഔദ്യോഗികമായി തന്നെ ഫേസ്ബുക്കിനോട് ഉന്നയിച്ചു കഴിഞ്ഞു. വൈകാരികമായ പോസ്റ്റുകള്‍ പ്രചരിക്കുന്നത് നിയന്ത്രിക്കാനായി തങ്ങളുടെ അല്‍ഗോരിതത്തില്‍ തന്നെ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്കും മാര്‍ക്ക് സുക്കര്‍ബര്‍ഗും.
'ഫേസ്ബുക്കിലെ വൈകാരികമായ പോസ്റ്റുകള്‍ പലതുമാണ് കൂടുതല്‍ പേരിലേക്കെത്തുന്നത്. ഇതില്‍ പലതും ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേഡുകളുടെ അതിരിലൂടെ സഞ്ചരിക്കുന്നവയാണ്. ഇത്തരം പോസ്റ്റുകളാണ് വളരെ വേഗം വൈറലാകുന്നതും. ഇത്തരം നിയമവിരുദ്ധ പോസ്റ്റുകളുടെ അരികില്‍ നില്‍ക്കുന്നവയുടെ പ്രചാരം കുറക്കാനാണ് തീരുമാനം' മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിന്റെ സോഷ്യല്‍മീഡിയ നയം വ്യക്തമാക്കി.
നയപരമായ പലകാര്യങ്ങളിലും ഫേസ്ബുക്ക് വലിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുകയാണ്. പരാതിയുള്ള പോസ്റ്റുകളില്‍ തീരുമാനമെടുക്കുന്നത് മൂന്നാമതൊരു കമ്പനിയെ ഏല്‍പ്പിക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. നിലവില്‍ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ഫേസ്ബുക്ക് തന്നെയാണ്. തങ്ങളുടെ കണ്ടന്റ് പോളിസി സംബന്ധിച്ച യോഗങ്ങളുടെ തീരുമാനങ്ങള്‍ പൂര്‍ണ്ണമായും പരസ്യമാക്കാനും ഫേസ്ബുക്ക് തയ്യാറായേക്കും.
Adjust Story Font
16