സംഘർഷത്തിന് പിന്നാലെ ഹരിയാനയിലെ നൂഹിൽ പൊളിച്ചുനീക്കിയത് 443 കെട്ടിടങ്ങളെന്ന് സർക്കാർ
നടപടി 283 മുസ്‌ലിംങ്ങളെയും 71 ഹിന്ദുക്കളെയും ബാധിച്ചുവെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു
നൂഹില്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നു
ഡല്‍ഹി: സംഘർഷത്തിന് പിന്നാലെ ഹരിയാനയിലെ നൂഹിൽ പൊളിച്ചുനീക്കിയത് 443 കെട്ടിടങ്ങളെന്ന് സർക്കാർ.162 സ്ഥിരം കെട്ടിട്ടങ്ങളും 281 താല്‍ക്കാലിക കെട്ടിടങ്ങളുമാണ് പൊളിച്ചത്. നടപടി 283 മുസ്‌ലിംങ്ങളെയും 71 ഹിന്ദുക്കളെയും ബാധിച്ചുവെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
കഴിഞ്ഞ മാസം 31ന് വി.എച്ച്.പിയും ബജ്‍റംഗ്‍ദളും സംഘടിപ്പിച്ച ജലാഭിഷേക് യാത്രക്കിടെ സംഘർഷമുണ്ടായതിന് പിന്നാലെയാണ് സർക്കാർ കെട്ടിട്ടങ്ങൾ പൊളിച്ചുനീക്കിയത്. അനധികൃത കെട്ടിടങ്ങളാണ് പൊളിച്ച് നീക്കിയതെന്നും സർക്കാർ നടപടികൾ പാലിച്ചിട്ടുണ്ടെന്നും നൂഹ് ഡെപ്യൂട്ടി കമ്മീഷണർ ധീരേന്ദ്ര ഖഡ്ഗത പറഞ്ഞു. പൊളിക്കൽ നടപടി ജാതിയുടെയോ മതത്തിന്‍റെയോ അടിസ്ഥാനത്തിൽ അല്ലെന്നും ധീരേന്ദ്ര ഹരിയാന -പഞ്ചാബ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഈ മാസം ആദ്യം നടത്തിയ പൊളിക്കാൻ നടപടിക്കെതിരെ ഹരിയാന -പഞ്ചാബ് ഹൈക്കോടതി കേസെടുക്കുകയും പൊളിക്കൽ നിർത്തിവെക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ക്രമസമാധാനത്തിന്‍റെ മറവിൽ വംശീയ ഉന്മൂലനം നടത്താൻ ശ്രമിക്കുന്നുണ്ടോ എന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. കൂടാതെ ഒരു പ്രത്യേക സമൂഹത്തിന്‍റെ കെട്ടിടങ്ങൾ മാത്രമാണോ ലക്ഷ്യം ഇടുന്നതെന്നും കോടതി ചോദിച്ചു. ഇതിനെ തുടർന്നാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
Adjust Story Font
16