റോഡ് സുരക്ഷാ കാമ്പയിനുമായി ദുബൈ പൊലിസ്
യു.എ.ഇയിൽ പരിക്കേറ്റ് മരിക്കുന്ന മൂന്ന് കുട്ടികളിൽ രണ്ടും റോഡപകടങ്ങളിൽ പെടുന്നവരാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു
വേനലവധിക്ക് ശേഷം സെപ്റ്റംബർ രണ്ടിന് സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി ദുബൈ പൊലീസ് കാമ്പയിൻ ആരംഭിച്ചു. 'വാഹനാപകടങ്ങളില്ലാത്ത ദിവസം' എന്ന പേരിലാണ് കാമ്പയിൻ.
ഡ്രൈവർമാരെക്കൊണ്ട് ദുബൈ പൊലീസിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യിക്കാൻ അധികൃതർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഗതാഗത നിയമങ്ങൾ പാലിക്കുമെന്ന് വെബ്സൈറ്റിൽ പ്രതിജ്ഞ ചെയ്യാൻ സാധിക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.
യു.എ.ഇയിൽ കുട്ടികളുടെ മരണത്തിന് പ്രധാന കാരണം റോഡപകടങ്ങളാണ്. പരിക്കേറ്റ് മരിക്കുന്ന മൂന്ന് കുട്ടികളിൽ രണ്ടും റോഡപകടങ്ങളിൽ പെടുന്നവരാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
കുട്ടികളെ ഇറക്കുന്ന സമയത്ത് സ്കൂൾ ബസിൻറ സിഗ്നൽ കണ്ടിട്ട് നിർത്താതെ പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും പത്ത് ബ്ലാക്ക് പോയൻറുമാണ് ശിക്ഷ. സിഗ്നൽ തെളിയിക്കാത്ത സ്കൂൾ ബസ് ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയൻറും ശിക്ഷ ലഭിക്കും. 24 ബ്ലാക്ക് പോയൻറ് വരെ എത്തിയാൽ ഡ്രൈവറുടൈ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കും. കഴിഞ്ഞ വർഷം സ്കൂൾ തുറന്ന് ആദ്യ ആഴ്ചയിലുണ്ടായ അപകടത്തിൽ മൂന്നുപേർ മരിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.
Adjust Story Font
16