നിയമവും പരിശോധനയും കര്‍ശനമാക്കാന്‍ യു.എ.ഇ
സന്ദർശക തൊഴിലന്വേഷണ വിസ അപേക്ഷക്ക് കരുതൽ നിക്ഷേപം ഏർപ്പെടുത്തിയേക്കും. അനധികൃതമായി തങ്ങുന്നവരുടെ വിമാന ടിക്കറ്റ് ചാർജ് അവരുടെ രാജ്യങ്ങളുടെ എംബസികൾ വഹിക്കണമെന്ന വ്യവസ്ഥയും വന്നേക്കും.
യുഎഇയിലെ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ നിയമങ്ങളും പരിശോധനകളും കർശനമാകുമെന്ന് സൂചന. ഒപ്പം കുറ്റവാളികളും അപകടകാരികളുമായ ആളുകൾ രാജ്യത്ത് എത്തുന്നതും തങ്ങുന്നതും തടയുന്നതിനും ശക്തമായ നീക്കങ്ങൾ ഉണ്ടാവും.
സന്ദർശക വിസയിലും ടൂറിസ്റ്റ് വിസയിലും എത്തിയവരാണ് നിയമ ലംഘകരിൽ അധികവും എന്നത് വ്യക്തമായതിനാൽ ഇത്തരം അനിഷ്ട സാഹചര്യങ്ങൾ ഭാവിൽ ഉണ്ടാവാത്ത രീതിയിൽ നിയമങ്ങൾ കർശനമാക്കാനാണ് ആലോചന. മൂന്നു മുതൽ ആറു മാസം വരെ നീളുന്ന തൊഴിലന്വേഷക വിസ ഏർപ്പെടുത്തി ഇത്തരം നിയമലംഘനങ്ങൾ ഇല്ലാതാക്കാൻ ‘ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻറ് സിറ്റിസൺഷിപ്പ്’ അധികൃതർ ആലോചിക്കുന്നുണ്ട്.
സന്ദർശക തൊഴിലന്വേഷണ വിസ അപേക്ഷക്ക് കരുതൽ നിക്ഷേപവും ഏർപ്പെടുത്തിയേക്കും. കാലാവധി കഴിയുമ്പോൾ ഇവർ നിയമം ലംഘിക്കാനെ നാട്ടിലേക്ക് മടങ്ങുമെന്ന് ഉറപ്പാക്കുവാനാണ് ഇൗ പദ്ധതി. അതിനൊപ്പം അനധികൃതമായി തങ്ങുന്നവരുടെ വിമാന ടിക്കറ്റ് ചാർജ് അവരുടെ രാജ്യങ്ങളുടെ എംബസികൾ വഹിക്കണമെന്ന വ്യവസ്ഥയും വന്നേക്കും.
പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ രാജ്യമൊട്ടുക്കും കർശന പരിശോധനകളാണ് ആരംഭിക്കുകയെന്ന് റസിഡൻസി അഫയേഴ്സ് ഡയറക്ടർ ബ്രിഗേഡിയർ സഇൗദ് റകാൻ അൻ റഷീദി, നിയമോപദേഷ്ടാവ് ഡോ. യൂസുഫ് അൽ ശരീഫ് എന്നിവർ വ്യക്തമാക്കി. വലിയ പിഴയും തടവുമുൾപ്പെടെ ശിക്ഷകളുമുണ്ടാവും. നാടുകടത്തുകയും ചെയ്യും. രേഖകളില്ലാത്ത, ശരിയായ വിസയിലല്ലാത്ത ആളുകളെ ജോലിക്ക് നിയോഗിക്കുന്ന സ്പോൺസറും ബിസിനസുകാരും ഒാരോ തൊഴിലാളിയുടെ പേരിലും അര ലക്ഷം ദിർഹം വരെ പിഴ ഒടുക്കേണ്ടി വരും. നിയമലംഘനം ആവർത്തിച്ചാൽ അത് ഒരു ലക്ഷമായി ഉയരും. തൊഴിൽ കേന്ദ്രങ്ങൾ, താമസ സ്ഥലങ്ങൾ, ഫാമുകൾ എന്നിവയിലെല്ലാം കർശനമായ പരിശോധനയാണ് ആരംഭിക്കുക
Adjust Story Font
16