യു.എ.ഇയുടെ ഖലീഫസാറ്റ് വിക്ഷേപണത്തിന് ഒരുങ്ങി
യു.എ.ഇയുടെ ഖലീഫസാറ്റ് വിക്ഷേപണത്തിന് ഒരുങ്ങി. പൂർണമായും സ്വദേശി എൻജിനീയർമാർ നിർമിക്കുകയും രൂപകൽപന ചെയ്യുകയും ചെയ്ത കൃത്രിത്രിമോപഗ്രഹം തിങ്കളാഴ്ച യു.എ.ഇ സമയം രാവിലെ 8.08ന് വിക്ഷേപിക്കും. ജപ്പാനിലെ തനിഗാഷിമ ബഹിരാകാശ കേന്ദ്രത്തിന്റെ യോഷിനോബു വിക്ഷേപണ സമുച്ചയത്തിൽനിന്നാണ് ഖലീഫസാറ്റ് വാനിലേക്ക് ഉയരുക. ജപ്പാന്റെ വിക്ഷേപണ സംവിധാനം ആദ്യമായാണ് യു.എ.ഇ ഉപയോഗിക്കുന്നത്.
മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസിെൻറ എച്ച് 2 എ റോക്കറ്റാണ് കൃത്രിമോപഗ്രഹത്തെ വഹിക്കുക. എച്ച്.ആർ 2 റോക്കറ്റ് 2001ലാണ് മിറ്റ്സുബിഷി വികസിപ്പിച്ചത്. ഇൗ റോക്കറ്റിന്റെ 37 ദൗത്യങ്ങളിൽ ഒന്ന് മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ. വിക്ഷേപിച്ച് മണിക്കൂറുകൾക്ക് ശേഷം ഖലീഫസാറ്റ് റോക്കറ്റിൽനിന്ന് വേർപെടുകയും ഉൗർജം നൽകാനുള്ള സൗരോർജ പാനലുകൾ വിടരുകയും ചെയ്യും. വിക്ഷേപണം നിരീക്ഷിക്കുന്നതിന് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രസംഘം ജപ്പാനിലെത്തിയിട്ടുണ്ട്. ജപ്പാൻ ദേശീയ ബഹിരാകാശ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന തനിഗാഷിമ ബഹിരാകാശ കേന്ദ്രത്തിലാണ് ഇവർ വിക്ഷേപണവും തുടർ പുരോഗതിയും വീക്ഷിക്കുക. വിക്ഷേപണം എം.ബി.ആർ.എസ്.സി വെബ്സൈറ്റിൽ തത്സമയം സംപ്രേഷണം ചെയ്യും.
കൃത്രിമോപഗ്രഹ നിർമാണത്തിനും രൂപകൽപനക്കും ദക്ഷിണ കൊറിയയാണ് ഇമാറാത്തി എൻജിനീയർമാർക്ക് പരിശീലനം നൽകിയത്.
ഖലീഫസാറ്റിന്റെ വിക്ഷേപണം യു.എ.ഇയുടെ ദേശീയ ബഹിരാകാശ മേഖലക്ക് പുതിയ യുഗം നൽകുമെന്നും യു.എ.ഇക്ക് പുതിയ നേട്ടം രേഖപ്പെടുത്തുമെന്നും ദുബൈ കിരീടാവകാശിയും എം.ബി.ആർ.എസ്.സി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു.
വിക്ഷേപണത്തിന് ശേഷം ഖലീഫസാറ്റ് അഞ്ച് വർഷം ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടാകും. ഉന്നത ഗുണമേന്മയുള്ള ഫോട്ടോകൾ ഇത് എം.ബി.ആർ.എസ്.സിയിലേക്ക് അയക്കും. നഗരാസൂത്രണത്തിനും ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും പ്രകൃതിദുരന്ത ഘട്ടങ്ങളിൽ ദുരിതാശ്വാസമെത്തിക്കുന്നതിനും ഇൗ ഫോട്ടോകൾ ഉപയോഗിക്കാൻ സാധിക്കും.
Adjust Story Font
16