Quantcast

യു.എ.ഇയുടെ കൃത്രിമോപഗ്രഹം ‘ഖലീഫസാറ്റ്’ വിക്ഷേപണം വിജയകരം

കൃത്രിമോപഗ്രഹ നിർമാണത്തിനും രൂപകൽപനക്കും ദക്ഷിണ കൊറിയയാണ് ഇമാറാത്തി എൻജിനീയർമാർക്ക് പരിശീലനം നൽകിയത്.

MediaOne Logo

Web Desk

  • Published:

    29 Oct 2018 8:21 AM GMT

യു.എ.ഇയുടെ കൃത്രിമോപഗ്രഹം ‘ഖലീഫസാറ്റ്’ വിക്ഷേപണം വിജയകരം
X

യു.എ.ഇയുടെ ഖലീഫസാറ്റ് വിക്ഷേപണം വിജയകരം. പൂർണമായും സ്വദേശി എൻജിനീയർമാർ രൂപകല്‍പ്പന ചെയ്ത് നിർമിച്ച കൃത്രിമോപഗ്രഹം യു.എ.ഇ സമയം രാവിലെ 8.08നാണ് വിക്ഷേപിച്ചത്. ജപ്പാനിലെ തനിഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഖലീഫസാറ്റ് വാനിലേക്ക് ഉയർന്നത്.

‘മിറ്റ് സുബിഷി ഹെവി ഇൻഡസ് ട്രീസി’ന്റെ എച്ച്.ആർ 2 റോക്കറ്റാണ്
കൃത്രിമോപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. റോക്കറ്റിൽ നിന്ന് വേർപെട്ട ഉപഗ്രഹം ലക്ഷ്യം സാക്ഷാത്കരിച്ചതായി അധികൃതര്‍ അറിയിച്ചു.

എച്ച്.ആർ 2 റോക്കറ്റ് 2001ലാണ് മിറ്റ് സുബിഷി വികസിപ്പിച്ചത്. വിക്ഷേപിച്ച്
മണിക്കൂറുകൾക്ക് ശേഷം ഖലീഫസാറ്റ് റോക്കറ്റിൽനിന്ന് വേർപെടുകയും ഊര്‍ജം നൽകാനുള്ള സൗരോർജ പാനലുകൾ വിടരുകയും ചെയ്തു. വിക്ഷേപണം നിരീക്ഷിക്കുന്നതിന് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രസംഘം ജപ്പാനിലെത്തിയിരുന്നു. വിക്ഷേപണം എം.ബി.ആർ.എസ്.സി വെബ്സൈറ്റിൽ തത്സമയം സംപ്രേഷണം ചെയ്തു. ആഹ്ലാദഹർഷത്തോടെയാണ് വിക്ഷേപണം യു.എ.ഇ ശാസ്ത്രലോകം വീക്ഷിച്ചത്.

കൃത്രിമോപഗ്രഹ നിർമാണത്തിനും രൂപകൽപനക്കും ദക്ഷിണ കൊറിയയാണ് ഇമാറാത്തി എൻജിനീയർമാർക്ക് പരിശീലനം നൽകിയത്. ഖലീഫസാറ്റിന്റെ വിക്ഷേപണം യു.എ.ഇയുടെ ദേശീയ ബഹിരാകാശ മേഖലക്ക് പുതിയ യുഗം നൽകിയതായി ദുബൈ കിരീടാവകാശിയും എം.ബി.ആർ.എസ്.സി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്
പറഞ്ഞു.

ഖലീഫസാറ്റ് അഞ്ച് വർഷം ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടാകും. ഉന്നത ഗുണമേന്മയുള്ള ചിത്രങ്ങള്‍ ഇത് എം.ബി.ആർ.എസ്.സിയിലേക്ക്
അയക്കും. നഗരാസൂത്രണത്തിനും ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും പ്രകൃതിദുരന്ത ഘട്ടങ്ങളിൽ ദുരിതാശ്വാസമെത്തിക്കുന്നതിനും ഈ ചിത്രങ്ങള്‍ ഉപയോഗിക്കാൻ സാധിക്കും.

TAGS :

Next Story