ഗില്ലന്‍ബാരി സിന്‍ഡ്രോം തോറ്റു; അതിജീവനത്തിനുള്ള പ്രേരണയുമായി ഷാര്‍ജ പുസ്തകോല്‍സവത്തില്‍ മലയാളി എഴുത്തുകാരന്‍
ശരീരത്തെ തളര്‍ത്തിയിടാന്‍ നോക്കിയ അപൂര്‍വരോഗത്തെ തോല്‍പിച്ചാണ് രാസിത്ത് അശോകന്‍ തന്റെ പുസ്തകങ്ങളുമായി ഷാര്‍ജയില്‍ എത്തിയത്.
അതിജീവനത്തെ കുറിച്ച് കഥകളും പുസ്തകങ്ങളും ധാരാളമുണ്ടാകും. എന്നാല്‍, സാന്നിധ്യം പോലും അതിജീവനത്തിനുള്ള പ്രേരണയാക്കി മാറ്റുകയാണ് ഷാര്‍ജ പുസ്തകോല്‍സവത്തിലെത്തിയ ഒരു മലയാളി എഴുത്തുകാരന്‍. ശരീരത്തെ തളര്‍ത്തിയിടാന്‍ നോക്കിയ അപൂര്‍വരോഗത്തെ തോല്‍പിച്ചാണ് രാസിത്ത് അശോകന്‍ തന്റെ പുസ്തകങ്ങളുമായി ഷാര്‍ജയില്‍ എത്തിയത്.
മുപ്പത്തിരണ്ടാം വയസില്‍ ശരീരം പാടെ തളര്‍ത്തി കളഞ്ഞ വില്ലനായിരുന്നു രാസിത്തിന് ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം. 40 ദിവസത്തിലേറെ ഐ.സി.യു വാസം. എഴുന്നേറ്റൊന്ന് നില്‍ക്കാന്‍ പോലും ഒരു വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി വന്നു. പക്ഷെ, രോഗാവസ്ഥയിലും ചലിക്കുന്ന വിരലുകൊണ്ട് മൊബൈലില്‍ എഴുതി. സംഗീത ആല്‍ബം പുറത്തിറക്കി. രചനകള്‍ ശ്രദ്ധിക്കപ്പെടാന്‍ രോഗം കാരണമായതിനാല്‍ ആദ്യ പുസ്തകത്തിന് ഇങ്ങനെ പേരിട്ടു. നന്ദി...ഗില്ലന്‍ ബാരി സിന്‍ഡ്രോം. ഷാര്‍ജയിലേക്കുള്ള ഈ വരവും രാസിത്തിന് പോരാട്ടമാണ്.
ഒമ്പത് കഥകളടങ്ങുന്ന കാലങ്കോട് കോളനിയാണ് രാസിത്തിന്റെ പുതിയ പുസ്തകം. അന്ന് നിനക്കായ്, വയലറ്റ് പൂക്കള്‍ എന്നീ സംഗീത ആല്‍ബങ്ങളും വേറെയുണ്ട്. നന്ദി രാസിത്ത് അശോകന്‍, തളര്‍ന്നു പോകുമായിരുന്നവര്‍ക്ക് മുന്നില്‍ ഒരു തീപ്പൊരിയായി നിലയുറപ്പിക്കുന്നതിന്.
Adjust Story Font
16