കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: അന്താരാഷ്ട്ര കൊള്ളക്കാരെ പിടികൂടി ദുബൈ പൊലീസ്
വിവിധ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിയമനത്തിന്റെ മറവിൽ ഓൺലൈൻ വഴി പണം ഈടാക്കിയായിരുന്നു ഇവരുടെ പ്രധാന തട്ടിപ്പ്.
ഓൺലൈൻ തട്ടിപ്പിലൂടെ 32 ദശലക്ഷം ദിർഹത്തിലേറെ കൊള്ളയടിച്ച അന്താരാഷ്ട്ര സംഘം ദുബൈയിൽ അറസ്റ്റിലായി. സംഘത്തിലെ ഒമ്പത് ആഫ്രിക്കൻ സ്വദേശികളാണ് പിടിയിലായത്. 18 രാജ്യങ്ങളിലായി തുടങ്ങിയ 81 വ്യാജ സ്ഥാപനങ്ങൾ വഴിയായിരുന്നു ഇവരുടെ തട്ടിപ്പ്. നാല് ശതകോടി ദിർഹമിന്റെ തട്ടിപ്പിന് ഒരുക്കം നടക്കുന്നതിനിടെയാണ് സംഘം പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
ഫോക്സ് ഹണ്ട് എന്ന പേരിൽ ദുബൈ പൊലീസ് തുടക്കമിട്ട ഓപ്പേറേഷനിലാണ് അന്താരാഷ്ട്ര തട്ടിപ്പ് സംഘം അറസ്റ്റിലായത്. വിവിധ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിയമനത്തിന്റെ മറവിൽ ഓൺലൈൻ വഴി പണം ഈടാക്കിയായിരുന്നു ഇവരുടെ പ്രധാന തട്ടിപ്പ്. നിക്ഷേപകർക്ക് ലാഭം വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയിരുന്നു.
ഇമെയിൽ ഫിഷിംഗ് വഴി വിവരങ്ങൾ ചോർത്തുന്ന ഇവർ നിരവധി ക്രെഡിറ്റ് കാർഡുകളിൽ നിന്ന് പണം തട്ടിയിരുന്നു. 1126 ക്രെഡിറ്റുകൾ വഴി ഇവർ 32 ദശലക്ഷം ദിർഹം അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ ഇരകളിലൊളായി നിന്ന് കൊണ്ടാണ് പൊലീസ് ഇവരെ വലയിലാക്കിയതെന്ന് ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പറഞ്ഞു.
ദുബൈ പൊലീസിന്റെ ചരിത്രത്തിലെ തന്നെ വലിയ നേട്ടങ്ങളിലൊന്നാണ് ഇവരുടെ അറസ്റ്റ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ട് ലക്ഷത്തിലേറെ ഇമെയിലുകൾ ചോർത്തി നാല് ശതകോടി ദിർഹത്തിന്റെ തട്ടിപ്പിന് ഒരുക്കം നടക്കുന്നതിനിടെയാണ് ഇവർ വലയിലാകുന്നത്.
Adjust Story Font
16