എയർ ഇന്ത്യ എക്സ്പ്രസിന് ദുബൈയിൽ വിലക്ക്
കോവിഡ് രോഗികൾക്ക് യാത്ര അനുവദിച്ചതാണ് കാരണം. ഇന്ന് മുതൽ ഒക്ടോബർ രണ്ട് വരെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈയിലേക്ക് വരാനാവില്ല
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ വിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ തുടർന്നാണ് നടപടി. രണ്ടുതവണ ഗുരുതരമായ പിഴവ് ആവർത്തിച്ചു. രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികിൽസാ ചെലവും വിമാനകമ്പനി വഹിക്കണമെന്നും ദുബൈ അധികൃതർ നോട്ടീസ് നൽകി. നോട്ടീസിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. കോവിഡ് പോസറ്റീവ് റിസൽറ്റുള്ള യാത്രക്കാരെ രണ്ട് തവണ സുരക്ഷചട്ടങ്ങൾ ലംഘിച്ച് ദുബൈയിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബൈ സിവിൽ ഏവിയേഷൻ എയർ ഇന്ത്യ എക്സ്പ്രസിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ന് മുതൽ ഒക്ടോബർ രണ്ട് വരെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈയിലേക്ക് വരാനാവില്ല. ഈമാസം നാലിന് ജെയ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് കോവിഡ് പോസിറ്റാവാണെന്ന് റിസൽറ്റുമായി യാത്രക്കാരൻ ദുബൈയിലെത്തിയതെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. രോഗിയുടെ പേരും പാസ്പോർട്ട് നമ്പറും, യാത്ര ചെയ്ത് സീറ്റ് നമ്പറും ഉൾപ്പെടെ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. മുമ്പും സമാനമായ സംഭവമുണ്ടായതിനാൽ സെപ്റ്റംബർ രണ്ടിന് ദുബൈ അധികൃതർ എയർ ഇന്ത്യ എക്സ്പ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും, പിഴവ് ആവർത്തിച്ച സാഹചര്യത്തിലാണ് 15 ദിവസത്തേക്ക് വിമാനങ്ങൾ താൽകാലികമായി റദ്ദാക്കിയത്. ഇതിന് പുറമെ രോഗിയുടെയും ഒപ്പം യാത്രചെയ്തവരുടെയും ചികിൽസാ ക്വാറന്റയിൻ ചെലവുകൾ എയർ ലൈൻ വഹിക്കണം. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് മിഡിലീസ്റ്റ് റീജണൽ മാനേജർ മോഹിത് സെയിനിന് അയച്ച നോട്ടീസിൽ അതോറിറ്റി വ്യക്തമാക്കി. ദുബൈയിലേക്കുള്ള വിമാനങ്ങൾ ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തേക്കും.
Adjust Story Font
16