Quantcast

യു.എ.ഇയുടെ കോവിഡ് വാക്സിൻ 'ഹയാത്ത്' ഉടൻ പുറത്തിറക്കും

അബുദാബി ജി42, ചൈനയുടെ സിനോഫാം എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

MediaOne Logo

Web Desk

  • Published:

    30 March 2021 1:58 AM GMT

യു.എ.ഇയുടെ കോവിഡ് വാക്സിൻ ഹയാത്ത് ഉടൻ പുറത്തിറക്കും
X

ചൈനീസ് സഹകരണത്തോടെ യു.എ.ഇ തദ്ദേശീയമായി നിർമ്മിക്കുന്ന കോവിഡ് വാക്സിൻ 'ഹയാത്ത്' ഉടൻ പുറത്തിറക്കും. അബുദാബി ജി42ന്‍റെയും ചൈനയുടെ സിനോഫാമിന്‍റെയും സംയുക്ത സംരംഭമായാണ് വാക്സിന്‍ നിര്‍മ്മാണം.

കഴിഞ്ഞ ഡിസംബറിൽ യു.എ.ഇ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയ സിനോഫാം വാക്സിനാണ് ഹയാത്ത് വാക്സ് എന്ന പേരിൽ പുറത്തിറങ്ങുക. ജീവിതം എന്നാണ് അറബ് വാക്കായ ഹയാത്തിന്‍റെ അര്‍ത്ഥം.

യു.എ.ഇ വിദേശ അന്താരാഷ്ട്രകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ചേർന്നാണ് വാക്സിൻ ഉത്പാദന പദ്ധതി പ്രഖ്യാപിച്ചത്. യു.എ.ഇ- ചൈന ബന്ധത്തില്‍ ചരിത്രപരമായ ഘട്ടമാണിതെന്നും ആഗോളതലത്തിൽ കോവിഡ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് ഇത് കരുത്തേകുമെന്നും ശൈഖ് അബ്ദുല്ല പറഞ്ഞു. രാജ്യത്ത് വിവേചനമില്ലാതെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇയിൽ നിന്ന് വാക്സിൻ ഉത്പാദിപ്പിക്കുന്നത് കോവിഡിനെതിരായ പോരാട്ടത്തിൽ സുപ്രധാന ചുവടുവെപ്പാകുമെന്ന് ജി42 സി.ഇ.ഒ പെങ് ഷിയാവോ അഭിപ്രായപ്പെട്ടു. യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കും വാക്സിൻ വേഗത്തിൽ ലഭ്യമാക്കും. ഇതിനു പുറമെ മറ്റു രാഷ്ട്രങ്ങളിലേക്ക് വാക്സിൻ കയറ്റുമതിക്ക് സാഹചര്യമൊരുക്കുകയും ചെയ്യും.

വാക്സിന്‍ ഉത്പ്പാദനത്തിനായി അബുദാബി ഖലീഫ ഇൻഡസ്ട്രിയൽ സോണിൽ ശാസ്ത്ര ഗവേഷണ വികസന കേന്ദ്രവും ആരംഭിക്കും. അറബ് ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ഗവേഷണ കേന്ദ്രം വരുന്നത്. ഈ വർഷം പ്രവർത്തനമാരംഭിക്കുന്ന കേന്ദ്രത്തിൽ നിന്ന് വർഷത്തിൽ 20കോടി വാക്സിൻ ഡോസുകൾ ഉത്പാദിപ്പിക്കപ്പെടും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story