Quantcast

പറക്കുന്നതിനിടെ കോക്പിറ്റിൽ പൈലറ്റുമാരുടെ കൂട്ടത്തല്ല്; രണ്ടുപേർക്ക് സസ്‌പെൻഷൻ

വിമാനം ടേക്ക്ഓഫ് ചെയ്ത് ഉടനെ തന്നെയാണ് തർക്കം തുടങ്ങിയതെന്നും ക്യാബിൻ ക്രൂ അംഗങ്ങൾ ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയതെന്നും റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Published:

    29 Aug 2022 6:48 AM GMT

പറക്കുന്നതിനിടെ കോക്പിറ്റിൽ  പൈലറ്റുമാരുടെ കൂട്ടത്തല്ല്; രണ്ടുപേർക്ക് സസ്‌പെൻഷൻ
X

പാരിസ്: വിമാനത്തിന്റെ കോക്പിറ്റിൽ തല്ല് കൂടിയ രണ്ടുപൈലറ്റുമാരെ സസ്‌പെന്റ് ചെയ്ത് എയർഫ്രാൻസ്. ജനീവയിൽ നിന്ന് പാരീസിലേക്കുള്ള യാത്രയ്ക്കിടെ ആകാശത്ത് വെച്ചാണ് പൈലറ്റുമാർ കോക്പിറ്റിൽ വെച്ച് വാക്കേറ്റവും ഉന്തും തള്ളും നടന്നത്. സ്വിറ്റ്സർലൻഡിലേക്ക് എത്തുന്നതിന് മുമ്പാണ് ഇരുവരും തമ്മിൽ തർക്കം നടന്നതെന്നും എന്നാൽ വിമാനം സുരക്ഷിതമായി ഇറക്കിയെന്നും എയർ ഫ്രാൻസ് അറിയിച്ചു.

വിമാനം ടേക്ക്ഓഫ് ചെയ്ത് ഉടനെ തന്നെയാണ് തർക്കം തുടങ്ങിയതെന്നും രൂക്ഷമായതോടെ ക്യാബിൻ ക്രൂ അംഗങ്ങൾ ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയതെന്ന് സ്വിറ്റ്സർലൻറിലെ ലാ ട്രിബ്യൂൺ എന്ന പത്രം റിപ്പോർട്ട് ചെയ്തു. വിമാനം ലാന്റ് ചെയ്യുന്നത് വരെ ഒരു കാബിൻ അംഗം കോക്പിറ്റിൽ നിലയുറപ്പിച്ചതെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. തർക്കത്തിന്റെ കാരണം വ്യക്തമല്ലെന്നും ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനെ അറിയാതെ അടിച്ചതാണ് തുടക്കമെന്നും റിപ്പോർട്ടുകളുണ്ട്.

ചില എയർ ഫ്രാൻസ് പൈലറ്റുമാർ സുരക്ഷയുമായി ബന്ധപ്പെട്ട നടപടികൾ പാലിക്കുന്നതിൽ കണിശത പുലർത്തുന്നില്ല എന്ന് ഫ്രാൻസിൻറെ വ്യോമയാന അന്വേഷണ ഏജൻസിയായ ബിഇഎ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കോക്പിറ്റിലെ കൈയാങ്കളി വാർത്ത പുറത്ത് വന്നത്.

റിപ്പബ്ലിക് ഓഫ് കോംങ്കോയിൽ നിന്ന് പാരിസിലേക്ക് 2020 ഡിസംബറിൽ എയർ ഫ്രാൻസ് വിമാനം യാത്ര തിരിച്ചപ്പോഴുണ്ടായ ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട സംഭവമാണ് ബിഇഎ റിപ്പോർട്ടില്‍ പ്രധാനമായും എടുത്തുപറയുന്നത്. ഇന്ധന ചോർച്ചയുണ്ടായപ്പോൾ പൈലറ്റുമാർ വിമാനം തിരിച്ചുവിട്ടെങ്കിലും ഈ ഘട്ടത്തിൽ പാലിക്കേണ്ട നടപടികളായ എൻജിനിലേക്കുള്ള വൈദ്യുതി വിഛേദിക്കുക, എത്രയും പെട്ടെന്ന് തന്നെ വിമാനം ലാൻഡ് ചെയ്യുക തുടങ്ങിയ നടപടികൾ സ്വീകരിച്ചില്ലെന്നും ബിഇഎയുടെ റിപ്പോർട്ടിൽ പറയുന്നു. വിമാനം സുരക്ഷിതമായി ഇറക്കിയെങ്കിലും എന്‍ജിന് തീ പിടിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നതായും ബിഇഎയുടെ റിപ്പോർട്ടിലുണ്ട്. 2017 നും 2022 നും ഇടയിൽ സമാനമായ മൂന്ന് സംഭവങ്ങള്‍ ഉണ്ടായിരുന്നതായും അതിലെല്ലാം പൈലറ്റുമാർ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story