യുഎസിലെ സ്‌കൂളിൽ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു
വിസ്‌കോൺസിനിലെ അബൻഡന്റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂളിൽ അവിടെ പഠിക്കുന്ന വിദ്യാർഥി തന്നെയാണ് വെടിവെപ്പ് നടത്തിയത്.
വാഷിങ്ടൺ: യുഎസിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. യുഎസ് സംസ്ഥാനമായ വിസ്‌കോൺസിനിലെ അബൻഡന്റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂളിൽ അവിടെ പഠിക്കുന്ന വിദ്യാർഥി തന്നെയാണ് വെടിവെപ്പ് നടത്തിയത്. ഒരു ടീച്ചറും മറ്റൊരു വിദ്യാർഥിയുമാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ വിദ്യാർഥിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 17-കാരിയായ വിദ്യാർഥിനിയാണ് വെടിയുതിർത്തത് എന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ക്ലാസിലിരിക്കുമ്പോഴാണ് കുട്ടി ടീച്ചർക്കും സഹപാഠികൾക്കും നേരെ വെടിയുതിർത്തത്. അക്രമം നടത്തിയ വിദ്യാർഥിയെയും സംഭവസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി മാഡിസൺ പൊലീസ് ചീഫ് ഷോൺ ബാർണസ് പറഞ്ഞു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
വിദ്യാർഥി ആക്രമണം നടത്താൻ കാരണമെന്താണെന്ന് വ്യക്തമല്ല. വിദ്യാർഥിയുടെ കുടുംബം അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് സാക്ഷികളായ വിദ്യാർഥികളെ ചോദ്യം ചെയ്യില്ലെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് സാക്ഷികളായവർ സ്വമേധയാ മുന്നോട്ട് വന്നാൽ മൊഴി രേഖപ്പെടുത്തുമെന്നും ഷോൺ ബാർണസ് പറഞ്ഞു. ആക്രമണസമയത്ത് സ്‌കൂളിലുണ്ടായിരുന്ന എല്ലാവരും ഇരകളാണ്. അവരെ മാനസികമായി സമ്മർദത്തിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16