Quantcast

ഗസ്സ ആക്രമണം അവസാനിപ്പിക്കാന്‍ ഇടപെടും; പരമാധികാര ഫലസ്തീന്‍ ഉള്‍പ്പെട്ട ദ്വിരാഷ്ട്ര പരിഹാരം അനിവാര്യം-ഷി ജിന്‍പിങ്

ഫലസ്തീന് യുഎന്നിൽ പൂർണാംഗത്വം നൽകണമെന്നും ചൈനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    29 Nov 2024 10:23 AM GMT

2-state solution fundamental to peace in Palestine: Chinese President Xi Jinping, International Day of Solidarity with the Palestinian People, International Palestinian Solidarity Day,
X

ബെയ്ജിങ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാൻ ഇടപെടുമെന്ന് പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. പരമാധികാര ഫലസ്തീൻ രാഷ്ട്രം ഉൾപ്പെടുന്ന ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കൽ മേഖലയിലെ സമാധാനത്തിനു പരമപ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ഫലസ്തീൻ ഐക്യദാർഢ്യദിനത്തിന്റെ ഭാഗമായി നടന്ന യുഎൻ യോഗത്തിലേക്ക് അയച്ച സന്ദേശത്തിലാണ് ചൈനീസ് പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഷി ജിൻപിങ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട യുഎൻ രക്ഷാസമിതി പ്രമേയങ്ങൾ നടപ്പാക്കി മേഖലയിലെ സംഘർഷത്തിനു പരിഹാരമുണ്ടാക്കണം. ഇതിനായി ചൈന അന്താരാഷ്ട്ര സമൂഹവുമായി ചേർന്നു പ്രവർത്തിക്കും. യുഎൻ ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ്(യുഎൻആർഡബ്യുഎ) വഴി ഗസ്സയ്ക്കുള്ള മാനുഷിക സഹായം അയയ്ക്കുമെന്നം അദ്ദേഹം അറിയിച്ചു.

ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കൽ ഫലസ്തീനിലെ സമാധാനത്തിനു പരമപ്രധാനമാണെന്നും ചൈനീസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. 1967ലെ അതിർത്തിക്കനുസൃതമായി കിഴക്കൻ ജറൂസലം തലസ്ഥാനമായി സമ്പൂർണ പരമാധികാരമുള്ള ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കണം. സ്വതന്ത്ര രാഷ്ട്രവും നിലനിൽപ്പും ഉൾപ്പെടെ ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്കെല്ലാം ചൈനയുടെ ഉറച്ച പിന്തുണയുണ്ടാകും. ദ്വിരാഷ്ട്ര ഫോർമുലയുടെ അടിസ്ഥാനത്തിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ പരിഹാരത്തിനായുള്ള ശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും ഷി ജിൻപിങ് അറിയിച്ചു.

ഫലസ്തീന് യുഎന്നിൽ പൂർണാംഗത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളിച്ചു ഫലപ്രദമായ അന്താരാഷ്ട്ര സമാധാന സമ്മേളനം സംഘടിപ്പിക്കണമെന്ന ആവശ്യവും ചൈനീസ് പ്രസിഡന്റ് ഉയർത്തി.

Summary: 2-state solution 'fundamental' to peace in Palestine: Chinese President Xi Jinping

TAGS :

Next Story