Quantcast

കൊളംബിയ വിമാനാപകടം; പിഞ്ചുകുഞ്ഞുള്‍പ്പെടെ നാലു കുട്ടികളെ ആമസോണ്‍ കാട്ടില്‍ ജീവനോടെ കണ്ടെത്തി

കൊളംബിയൻ ആമസോണിൽ അലഞ്ഞുതിരിയുകയായിരുന്ന കുട്ടികളെ അപകടം നടന്ന് 17 ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    18 May 2023 5:20 AM GMT

Colombian children found
X

ആമസോണ്‍ കാട്ടില്‍ സൈന്യം തിരച്ചില്‍ നടത്തുന്നു

കൊളംബിയ: കൊളംബിയയില്‍ വിമാനാപകടത്തെത്തുടർന്ന് കാണാതായ മൂന്നു കുട്ടികളെയും പിഞ്ചുകുഞ്ഞിനെയും ജീവനോടെ കണ്ടെത്തി. കൊളംബിയൻ ആമസോണിൽ അലഞ്ഞുതിരിയുകയായിരുന്ന കുട്ടികളെ അപകടം നടന്ന് 17 ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്.

പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും നാലും ഒമ്പതും വയസും പ്രായമുള്ള ആണ്‍കുട്ടികളും അവരുടെ 13 വയസുള്ള സഹോദരിയുമാണ് വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടില്‍ ദിവസങ്ങളോളം കഴിച്ചുകൂട്ടിയത്.കാട്ടുപഴങ്ങള്‍ കഴിച്ചാണ് കുഞ്ഞുങ്ങള്‍ വിശപ്പടക്കിയത്. തെക്കൻ മേഖലയിൽ വിമാനം തകർന്നതിനുശേഷം കാണാതായ നാല് കുട്ടികൾ മഴക്കാടിലൂടെ അലഞ്ഞുതിരിയുകയായിരുന്നുവെന്നാണ് കൊളംബിയൻ അധികൃതരുടെ നിഗമനം.അത്യധികം വിഷമകരമായ തിരച്ചിലിനു ശേഷം കുഞ്ഞുങ്ങളെ ജീവനോടെ കണ്ടെത്തിയതായി പ്രസിഡന്‍റ ഗുസ്താവോ പെട്രോ ബുധനാഴ്ച പറഞ്ഞു. "ഞങ്ങളുടെ സൈന്യത്തിന്‍റെ കഠിനമായ തിരച്ചിലിന് ശേഷം, ഗ്വാവിയറിൽ വിമാനാപകടത്തിൽ കാണാതായ നാല് കുട്ടികളെ ഞങ്ങൾ ജീവനോടെ കണ്ടെത്തി. രാജ്യത്തിന് ഇതു സന്തോഷനിമിഷം'' പെട്രോ ട്വിറ്ററില്‍ കുറിച്ചു. എന്നാൽ ഇവരെ കണ്ടെത്തിയതായി സ്ഥിരീകരണമില്ലെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മേയ് 1 ന് വിമാനം അപ്രത്യക്ഷമായതു മുതൽ നൂറിലധികം സൈനികർ സ്നിഫർ നായകളെ ഉപയോഗിച്ച് തിരച്ചിൽ നടത്തുകയാണ്.പൈലറ്റിന്‍റയും രണ്ട് പേരുടെയും മൃതദേഹങ്ങൾ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.സെസ്‌ന 206 ലഘുവിമാനം ആമസോണസ് പ്രവിശ്യയിലെ അരരാകുവാരയ്ക്കും ഗ്വാവിയർ പ്രവിശ്യയിലെ സാൻ ജോസ് ഡെൽ ഗ്വാവിയറിനുമിടയിൽ പറക്കുന്നതിനിടെയാണ് പുലർച്ചെ അപ്രത്യക്ഷമായത്.വിമാനം തകർന്നതിന്‍റെ കാരണം കൊളംബിയൻ അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും റഡാർ സംവിധാനത്തിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുന്നതിന് മിനിറ്റുകൾക്ക് മുമ്പ് പൈലറ്റ് എഞ്ചിൻ തകരാറുകൾ റിപ്പോർട്ട് ചെയ്തതായി രാജ്യത്തിന്‍റെ ദുരന്ത പ്രതികരണ വിഭാഗം അറിയിച്ചു.

TAGS :

Next Story