കോവിഡ് വ്യാപനവും ഐഫോൺ നിർമാണശാലയിലെ കലാപവും; ചൈനയിൽ അഞ്ചുദിവസത്തെ ലോക്ഡൗൺ
ഇന്നലെമാത്രം 31,444 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്
ബീജിംഗ്:ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇപ്പോൾ ചൈനയിലുള്ളത്. ബുധനാഴ്ച മാത്രം 31,444 കേസുകൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 13നുശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയേറെപ്പേർക്ക് കോവിഡ് ബാധിച്ചത്.
ഇവരിൽ 27,517 പേർക്കും പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്ന് നാഷണൽ ഹെൽത്ത് ബ്യുറോ പറയുന്നു. കോവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ലോക്ഡൗണടക്കമുള്ള കടുത്ത നിയന്ത്രണത്തിലേക്ക് അധികൃതർ കടക്കുമെന്നാണ് സൂചന. യാത്രാ നിയന്ത്രണവും പരിശോധന വ്യാപിപ്പിക്കലും ക്വാറന്റീനും അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നും അധികൃതർ സൂചിപ്പിക്കുന്നു.
അതേസമയം, ആപ്പിളിനായി ഐഫോൺ നിർമിച്ചു നൽകുന്ന ഏറ്റവും വലിയ കരാർ കമ്പനിയായ ഫോക്സ്‌കോണിന്റെ നിർമാണശാല സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അഞ്ചുദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.ഷെങ്ഷൗവിലുള്ള ലോകത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറിയിൽ തൊഴിലാളികൾ ശമ്പളവും ആനുകൂല്യങ്ങളും തരുന്നില്ലെന്നാരോപിച്ച് കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. തൊഴിലാളികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. കോവിഡ് നെഗറ്റീവ് പരിശോധന സർട്ടിഫിക്കറ്റില്ലാതെയോ അധികാരികളുടെ അനുമതിയില്ലാതെയോ ആ പ്രദേശങ്ങളിൽ താമസിക്കുന്നവർ നഗരം വിട്ടുപോകാനാവില്ല.അനാവശ്യമായി ആരും വീടു വിട്ടിറങ്ങരുതെന്നും പ്രാദേശിക ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച അർധരാത്രി മുതലാണ് ലോക്ക്ഡൗൺ.
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന നിയന്ത്രണങ്ങൾ 6 ദശലക്ഷത്തിലധികം ആളുകളെ അഥവാ നഗരത്തിലെ ജനസംഖ്യയുടെ പകുതിയോളം പേരെ ബാധിക്കും. ബുധനാഴ്ച വൈകിയാണ് ഉത്തരവ് പുറത്തിറക്കിയത്. എട്ട് ജില്ലകളിൽ താമസിക്കുന്നവർ അഞ്ച് ദിവസത്തെ കാലയളവിൽ എല്ലാ ദിവസവും ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് ബാധയാണ് ഫോക്സ്‌കോണിൽ പൊട്ടിപ്പുറപ്പെട്ട പ്രശ്നങ്ങൾക്കു പിന്നിലെന്നും ആരോപണമുണ്ട്. ഫാക്ടറിക്കുള്ളിൽ ക്വാറന്റീനിലുള്ളവർക്ക് നൽകുന്ന ഭക്ഷണം നിലവാരം കുറഞ്ഞതാണെന്നും കോവിഡ് പകരാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഒരുമാസമായി അവിടുത്തെ തൊഴിലാളികൾ താമസിക്കുന്ന ഡോർമിറ്ററികളിൽ നിരവധി പേർക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്. വസാമ്പത്തികമാന്ദ്യം കണക്കിലെടുത്ത് സമ്പൂർണ അടച്ചിടൽ ഉൾപ്പെടെയുള്ള സീറോ കോവിഡ് നയത്തിൽ ഇളവ് വരുത്താൻ ചൈനീസ് ഭരണകൂടം തയാറെടുക്കുന്നതിനിടെയാണ് രോഗവ്യാപനം.
Adjust Story Font
16