Quantcast

ഗസ്സ യുദ്ധത്തിനിടെ ഐഡിഎഫ് വിട്ടത് ഉയർന്ന റാങ്കിലുള്ള 500ലേറെ സൈനികർ; ഇസ്രായേൽ സൈന്യത്തില്‍ പ്രതിസന്ധി

താൻ ഗസ്സയിൽ പോരാടിക്കൊണ്ടിരിക്കുമ്പോഴാണ് സ്വന്തം മകനോടും റിസർവ് സൈനികരുടെ കുടുംബാംഗങ്ങളായ വിദ്യാർഥികളോടും സ്‌കൂളിനു രണ്ടു സമീപനമെന്നാണ് ഒരു ഐഡിഎഫ് കമാന്‍ഡര്‍ പ്രതികരിച്ചത്

MediaOne Logo

Web Desk

  • Published:

    22 Dec 2024 3:01 PM GMT

Over 500 major Israeli officers leave IDF over Gaza war in 2024, Israel attack on Gaza
X

തെൽ അവീവ്: മേഖലയിൽ സംഘർഷം തുടരുന്നതിനിടെ ഇസ്രായേൽ സൈന്യത്തിൽ വൻ കൊഴിഞ്ഞുപോക്കെന്ന് റിപ്പോർട്ട്. ഏതാനും മാസങ്ങൾക്കിടെ 500ലേറെ സൈനികർ ഐഡിഎഫ് സേവനം ഉപേക്ഷിച്ചതായി ഹീബ്രു മാധ്യമമായ 'ഇസ്രായേൽ ഹായോം' റിപ്പോർട്ട് ചെയ്തു. മേജർ പദവിയിലുള്ള സൈനികരാണ് ഇവരെല്ലാമെന്ന് പത്രം സൂചിപ്പിക്കുന്നു.

2024ന്റെ മധ്യത്തിൽ ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ഉയർന്ന റാങ്കിലുള്ള സൈനികർ വൻ തോതിൽ സൈനിക സേവനം ഉപേക്ഷിച്ചത്. 2022ൽ 613 മേജർമാരാണ് ഐഡിഎഫ് വിട്ടത്. 2023 ഒക്ടോബറിൽ ഗസ്സയിൽ ആക്രമണം ആരംഭിച്ച ശേഷം കൊഴിഞ്ഞുപോക്ക് കുറഞ്ഞിരുന്നു. എന്നാൽ, യുദ്ധം മാസങ്ങൾ നീണ്ടതോടെ സൈനിക സേവനം ഉപേക്ഷിക്കുന്നവരുടെ എണ്ണം വീണ്ടും ഉയർന്നിരിക്കുകയാണ്. 2025ൽ ഇതിലും കൂടുതൽ പേർ സൈന്യം വിടുമെന്നാണ് 'ഇസ്രായേൽ ഹായോം' സൂചിപ്പിക്കുന്നത്.

മാസങ്ങളായി യുദ്ധഭൂമിയിൽ കഴിയുന്നതിലെ മാനസികസംഘർഷവും ശാരീരിക യാതനകളുമാണു സൈനികരുടെ കൊഴിഞ്ഞുപോക്കിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ, റിസർവ് സൈനികർക്ക് പൊതു അംഗീകാരവും ആകർഷകമായ സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഇതിനു പുറമെ ഇവരുടെ കുടുംബങ്ങൾക്കും സർക്കാർ പ്രത്യേക സഹായങ്ങളും സേവനങ്ങളും നൽകുന്നു. എന്നാൽ, സ്ഥിരാംഗങ്ങൾക്ക് നിർണിതമായ ശമ്പളം മാത്രമാണു യുദ്ധകാലത്തും ലഭിക്കുന്നതെന്ന് ഐഡിഎഫ് വിട്ട സൈനികർ പറയുന്നു.

സമാന സാഹചര്യങ്ങളിലാണ് റിസർവ് അംഗങ്ങളും സ്ഥിരാംഗങ്ങളും സൈനിക സേവനത്തിലുള്ളത്. സ്ഥിരം സൈനികർക്ക് കൂടുതൽ സമയവും കടുത്ത യുദ്ധമേഖലകളിലും പണിയെടുക്കേണ്ടിവരുന്നുണ്ട്. എന്നാൽ, റിസർവുകൾക്ക് ബോണസുകൾ അടക്കം 50,000 ഷെകൽ(ഏകദേശം 11.62 ലക്ഷം രൂപ) വരെ ലഭിക്കുമ്പോൾ ഐഡിഎഫിലെ സ്ഥിരാംഗങ്ങളുടെ ശമ്പളത്തിൽ കാര്യമായ മാറ്റമില്ല. അർഹിക്കുന്ന ആനുകൂല്യങ്ങളും നഷ്ടപരിഹാരത്തുകയും ലഭിക്കുന്നില്ലെന്നും ഇവർ പരാതിയായി പറയുന്നുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

'എന്റെ മകനൊപ്പം റിസർവ് സൈനികരുടെ കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇവർക്ക് സ്‌കൂളിന്റെ പ്രത്യേക അംഗീകാരങ്ങളും സഹായങ്ങളും ലഭിക്കുന്നുണ്ട്. എന്നാൽ, സൈന്യത്തിൽ സ്ഥിരാംഗമായ എന്റെ മകന് ഇതൊന്നുമില്ല. ഞാൻ ഗസ്സയിൽ പോരാടിക്കൊണ്ടിരിക്കുമ്പോഴാണിത്. ഇത് എന്റെ മകന് എങ്ങനെ ഉൾക്കൊള്ളാനാകും'-ഒരു സൈനിക കമാൻഡർ 'ഇസ്രായേൽ ഹായോമി'നോട് വെളിപ്പെടുത്തിയതാണിത്.

ലബനാനിലും ഗസ്സയിലുമുള്ള സൈനിക നടപടികൾക്കു പുറമെ ഇറാനിൽനിന്നും ഹൂതികളിൽനിന്നും ഭീഷണി നേരിടുമ്പോഴാണ് ഐഡിഎഫിൽ സൈനികരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നത്. ഐഡിഎഫ് വിട്ടുപോകുന്നവർക്കു പുറമെ പുതിയ റിക്രൂട്ട്‌മെന്റിലും പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ജൂനിയർ ഓഫിസർമാർക്കു പുറമെ കമാൻഡർമാർ ഉൾപ്പെടെയുള്ള മുതിർന്ന സൈനികരും വിവേചനം ചോദ്യംചെയ്തു രംഗത്തെത്തിയിട്ടുണ്ടെന്നാണു വിവരം.

പ്രതിസന്ധി മറികടക്കാൻ ഐഡിഎഫ് പരിഹാര നടപടികൾ തുടരുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമല്ലെന്ന് ഇസ്രായേൽ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പരസ്യമായി പ്രഖ്യാപിക്കാതെ കമാൻഡർമാർക്ക് ആനുകൂല്യങ്ങൾ നൽകുകയും വിരമിക്കൽ കാലാവധി നീട്ടുകയുമെല്ലാം ചെയ്തിരുന്നു. എന്നാൽ, കൂട്ടക്കൊഴിച്ചിൽ തടയാൻ ഇതു മതിയാകില്ലെന്നാണു വിലയിരുത്തൽ.

ഇസ്രായേലിന്റെ സുരക്ഷയ്ക്കു തന്നെ ഈ പ്രവണത ഭീഷണിയായി മാറിയിരിക്കുകയാണെന്ന് ഐഡിഎഫ് നേതൃത്വവും ആശങ്കപ്പെടുന്നുണ്ട്. വിദഗ്ധരും പരിചയസമ്പന്നരുമായ സൈനികരെയാണ് ഐഡിഎഫിനു നഷ്ടപ്പെടുന്നത്. ഇത് സേനാ നേതൃത്വത്തിൽ വലിയ ശൂന്യത സൃഷ്ടിക്കും. ഇത് അതിവിദൂരമല്ലാത്ത ഭാവിയിൽ സൈന്യത്തിന്റെ കാര്യക്ഷമതയെ തന്നെ ബാധിക്കുമെന്നുമുള്ള ആശങ്കയും നിലനിൽക്കുന്നുണ്ട്.

Summary: Over 500 major Israeli officers leave IDF over Gaza war in 2024: Reports

TAGS :

Next Story