കോളേജില്‍ പഠിക്കണം; 27 തവണ പ്രവേശന പരീക്ഷ എഴുതിയിട്ടും പാസാകാതെ 57കാരനായ കോടീശ്വരന്‍
ലിയാംഗ് ഷീ ഈയിടെയാണ് പ്രവേശന പരീക്ഷ എഴുതിയത്
ലിയാംഗ് ഷീ
ബെയ്ജിംഗ്: വ്യാജ സര്‍ട്ടിഫിക്കറ്റും വ്യാജ ബിരുദവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇങ്ങ് കേരളത്തില്‍ ചൂടുപിടിക്കുമ്പോള്‍ അങ്ങ് അയല്‍രാജ്യമായ ചൈനയില്‍ ഒരു കോടീശ്വരന്‍ ബിരുദത്തിനായി പരീക്ഷകള്‍ ഇങ്ങനെ എഴുതിക്കൊണ്ടിരിക്കുകയാണ്. ഒന്നും രണ്ടുമല്ല 27 തവണയാണ് 57കാരനായ കോടീശ്വരന്‍ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതിയത്.
ലിയാംഗ് ഷീ ഈയിടെയാണ് പ്രവേശന പരീക്ഷ എഴുതിയത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഇത്തവണയും ലീ പരാജയപ്പെട്ടു. കയ്യില്‍ ധാരാളം പണമുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസമില്ലാത്തത് ലിയാംഗിനെ സംബന്ധിച്ച് ഒരു വേദനയായിരുന്നു. ചൈനയിലെ പ്രശസ്തമായ സിചുവാന്‍ യൂണിവേഴ്സ്റ്റിയില്‍ ചേര്‍ന്ന് പഠിക്കുക എന്നതായിരുന്നു ഷീയുടെ ആഗ്രഹം. പ്രവേശന പരീക്ഷ പാസായാല്‍ മാത്രമേ ഇവിടെ അഡ്മിഷന്‍ ലഭിക്കൂ. പരീക്ഷയില്‍ പാസാകാന്‍ വേണ്ടി സന്യാസതുല്യമായ ജീവിതമാണ് ലിയാംഗ് ഷീ നയിച്ചത്. ദിവസവും 12 മണിക്കൂറാണ് പഠനത്തിനായി ഇയാള്‍ മാറ്റിവച്ചത്. മഹ്ജോംഗ് ഗെയിം കളിക്കുന്നത് നിര്‍ത്തി, മദ്യപാനം ഉപേക്ഷിച്ചു...ഇങ്ങനെ വിദ്യാഭ്യാസത്തിനായി ഇഷ്ടങ്ങള്‍ മുഴുവന്‍ ഉപേക്ഷിച്ചിട്ടും പരീക്ഷയില്‍ പാസാകന്‍ സാധിക്കാത്തതിന്‍റെ വിഷമത്തിലാണ് ലിയാംഗ്.
13 ദശലക്ഷം ഹൈസ്‌കൂൾ സീനിയർമാരോടൊപ്പം ലിയാംഗ് പ്രവേശന പരീക്ഷയെഴുതിയത്. ടെസ്റ്റിലെ പരമാവധി സ്കോർ 750 ആണ്. കൂടാതെ ചൈനയിലെ മികച്ച സർവ്വകലാശാലകളിൽ പ്രവേശനം നേടുന്നതിന് പരീക്ഷ എഴുതുന്നവർ 600 പോയിന്‍റില്‍ കൂടുതൽ നേടേണ്ടതുണ്ട്. ''ഫലം വരുന്നതിനു മുന്‍പെ തന്നെ ഒരു ഉന്നത സര്‍വകലാശാലയില്‍ പ്രവേശിക്കാൻ ആവശ്യമായ ഉയർന്ന സ്കോർ നേടാൻ എനിക്ക് കഴിയില്ലെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷെ സാധാരണക്കാര്‍ക്ക് അത് അപ്രാപ്യമാണെന്ന് ഞാന്‍ കരുതുന്നില്ല'' ലിയാംഗ് എഎഫ്‌പിയോട് പറഞ്ഞു.1983 മുതല്‍ ലിയാംഗ് പരീക്ഷ എഴുതുന്നുണ്ട്. പരീക്ഷ എഴുതുന്നവർ അവിവാഹിതരും 25 വയസ്സിന് താഴെയുള്ളവരുമാകണമെന്ന മുൻകാല നിയമങ്ങൾ കാരണം 14 തവണ പരീക്ഷ ഒഴിവാക്കിയിരുന്നു. പിന്നീട് ഈ നിയമങ്ങള്‍ 2001ല്‍ പിന്‍വലിച്ചു. 27 തവണ പരീക്ഷയിൽ പരാജയപ്പെട്ട ലിയാങ് അടുത്ത വർഷം വീണ്ടും പരീക്ഷ എഴുതുമോ എന്ന് ഉറപ്പില്ല.“മെച്ചപ്പെടുമെന്ന് എനിക്ക് ശരിക്കും പ്രതീക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ, അത് വീണ്ടും ചെയ്യുന്നതിൽ അർത്ഥമില്ല. ഞാൻ ശരിക്കും എല്ലാ ദിവസവും വളരെ കഠിനാധ്വാനം ചെയ്തു, ”അദ്ദേഹം പറഞ്ഞു.
മുൻ ഫാക്ടറി തൊഴിലാളിയായ ലിയാംഗ് കഠിനാധ്വാനത്തിലൂടെയാണ് ഈ നിലയിലെത്തിയത്. സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിൽ നിർമ്മാണ സാമഗ്രികളുടെ ബിസിനസ് നടത്തുകയാണ് ലിയാംഗ്. ''കോളേജ് വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ല എന്നത് എന്നെ സംബന്ധിച്ചിടത്തോളം അസുഖകരമായ ഒരു കാര്യമാണ്. സർവ്വകലാശാലയിൽ പോയി ഒരു ബുദ്ധിജീവിയാകാൻ ഞാൻ ആഗ്രഹിക്കുന്നു'' ലിയാംഗ് പറയുന്നു.
Adjust Story Font
16