വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ലയുടെ മിസൈൽ വർഷം; ഏഴുപേർ കൊല്ലപ്പെട്ടു
മെറ്റൂലയിൽ അഞ്ചുപേരും ഹൈഫയിൽ രണ്ടുപേരുമാണു കൊല്ലപ്പെട്ടത്
തെൽ അവീവ്: വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം. മെറ്റൂല, ഹൈഫ എന്നിവിടങ്ങളിലുണ്ടായ റോക്കറ്റ് വർഷത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. കാർഷിക മേഖലയിലാണ് ആക്രമണം നടന്നതെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു.
മെറ്റൂലയിൽ അഞ്ചുപേരും ഹൈഫയിൽ രണ്ടുപേരുമാണു കൊല്ലപ്പെട്ടത്. മെറ്റൂലയിൽ പ്രാദേശിക സമയം ഇന്നു രാവിലെയാണ് ഹിസ്ബുല്ല ആക്രമണം നടന്നത്. ഇതോടെ ഏതാനും മാസങ്ങൾക്കിടയിൽ വടക്കൻ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉച്ചയ്ക്കുശേഷം വടക്കൻ ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലബനാനിൽനിന്ന് നിരവധി മിസൈലുകൾ എത്തിയതായാണ് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചത്. വൈകീട്ട് നാലു മണിക്ക് അപ്പർ ഗലീലിയിലും പടിഞ്ഞാറൻ ഗലീലിയിലും സെൻട്രൽ ഗലീലിയിലും ഹൈഫ ബേയിലുമായി 25 മിസൈലുകൾ പതിച്ചതായാണു വിവരം. ഏതാനും മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം നിർവീര്യമാക്കിയതായും ഐഡിഎഫ് അവകാശപ്പെടുന്നു.
ഇതിനു ശേഷവും ഗലീലിയുടെ വിവിധ ഭാഗങ്ങളിലും ഹൈഫയിലും മാർഗാലിയോട്ടിലും ആക്രമണം നടന്നതായാണു വിവരം. ഇവിടെ നിരന്തരം അപായ സൈറണുകൾ മുഴങ്ങിയെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Summary: 7 killed in Hezbollah's missile attack at Northern Israel's Haifa and Metula
Adjust Story Font
16