Quantcast

പുതുവർഷത്തിലും ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ; 2025ലെ ആദ്യ ഇരയായി എട്ട് വയസുകാരൻ ആദം

വടക്കൻ ജബാലിയ, ഗസ്സ സിറ്റി, തെക്കൻ ഖാൻ യൂനിസ് എന്നിവിടങ്ങളിലും പുതുവത്സര ദിനത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തി

MediaOne Logo

Web Desk

  • Updated:

    2025-01-01 16:33:55.0

Published:

1 Jan 2025 4:30 PM GMT

പുതുവർഷത്തിലും ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ; 2025ലെ ആദ്യ ഇരയായി എട്ട് വയസുകാരൻ ആദം
X

ഗസ്സസിറ്റി: ഇസ്രായേലിന്റെ ഗസ്സ വംശഹത്യയുടെ 2025ലെ ആദ്യ ഇരയായി എട്ട് വയസുകാരന്‍ ആദം ഫർഹല്ല. പുതുവര്‍ഷം പുലര്‍ന്നതിന് പിന്നാലെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് ആദം ഉള്‍പ്പെടെ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്. 27 കാരനായ ഖുലൂദ് അബു ദാഹറാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ഫലസ്തീനി.

ബുധനാഴ്ച പുലർച്ചെ ബുറൈജ് ക്യാമ്പിലെ അബുദാഹർ എന്നയാളുടെ കുടുംബ വീടിന് നേരെ ഇസ്രായേൽ സൈന്യം ബോംബെറിയുകയായിരുന്നു. ഈ ആക്രമണത്തിലാണ്‌ ആദം ഫർഹല്ല കൊല്ലപ്പെടുന്നത്. മൃതദേഹത്തിനരികെ കുട്ടിയുടെ ഛേദിക്കപ്പെട്ട കാല്‍ പിടിച്ചുനില്‍ക്കുന്നൊരു ഫലസ്തീനിയൻ കൗമാരക്കാരന്റെ ഹൃദയഭേദകമായ ചിത്രം പ്രാദേശിക സാമൂഹിക പ്രവർത്തകരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

പട്ടിണിയിലും കൊടും തണുപ്പിലും ഉറങ്ങുകയായിരുന്ന ഫര്‍ഹാന് സംഭവിച്ചതാണിതെന്ന്, കൗമാരക്കാരൻ കരഞ്ഞുകൊണ്ട് പറയുന്നതും വീഡിയോയിൽ കേള്‍ക്കാം.

അതേസമയം വടക്കൻ ജബാലിയ, ഗസ്സ സിറ്റി, തെക്കൻ ഖാൻ യൂനിസ് എന്നിവിടങ്ങളിലും പുതുവത്സര ദിനത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ കുറഞ്ഞത് 29 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണങ്ങൾക്ക് പുറമെ കൊടുംതണുപ്പും മഴയും ഗസ്സയില്‍ ദുരിതം വിതക്കുകയാണ്. യുദ്ധത്തിൽ തകർന്ന പ്രദേശത്തുടനീളമുള്ള ആയിരക്കണക്കിന് ടെന്റുകള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഏഴ് കുട്ടികളാണ് ശൈത്യം ബാധിച്ച് മരിച്ചതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

' ശൈത്യംകാരണവും മിസൈലുകൾ ഞങ്ങളുടെ മേൽ പതിക്കുമെന്ന ഭയത്താലും മൂന്ന് ദിവസമായി ഉറങ്ങിയിട്ടില്ലെന്ന് പറയുകയാണ് മധ്യഗസ്സയില്‍ നിന്ന് കുടിയിറക്കപ്പെട്ട് ഇപ്പോൾ ബൈത്ത് ലാഹിയയിൽ താമസിക്കുന്ന സമ ദരാബിഹ് എന്ന വനിത. 'രണ്ട് ദിവസം മുമ്പാണ് ഞങ്ങളുടെ പുറകിലുള്ള അൽ-വഫാ ഹോസ്പിറ്റലിന് നേരെ ബോംബെറിഞ്ഞത്. അതിന്റെ, കഷ്ണങ്ങൾ ഇവിടെ വരെ എത്തി'-സമ ദരാബിഹ് പറഞ്ഞു.

അതേസമയം 2023 ഒക്‌ടോബർ മുതൽ ആരംഭിച്ച ഇസ്രായേല്‍ ആക്രമണത്തില്‍ 45,500-ലധികം ഫലസ്തീനികളാണ് ഇതിനകം കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഒരു ലക്ഷത്തിലധികം പേർക്കാണ് പരിക്കേറ്റത്. വീടുകളും സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെ ഗസ്സയുടെ 90 ശതമാനം അടിസ്ഥാന സൗകര്യങ്ങളും ഇസ്രായേൽ ഇതിനകം തന്നെ നശിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ ഔദ്യോഗിക കണക്ക് മാത്രമാണെന്നും കൃത്യമായ മരണം രണ്ട് ലക്ഷത്തിലധികമാണെന്നുമാണ് വിലയിരുത്തല്‍. അതേസമയം ഗസ്സയിലെ യുദ്ധക്കുറ്റങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരെ കഴിഞ്ഞ നവംബറിലാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അന്താരാഷ്ട്ര നീതിന്യായ കോടതിയിലും വംശഹത്യ കേസ് ഇസ്രായേൽ നേരിടുന്നുണ്ട്.

TAGS :

Next Story