Quantcast

'ഞാൻ ചോക്കളേറ്റ് വാങ്ങാതിരുന്നാലും കുഴപ്പമില്ല, അവിടെയുള്ള കുട്ടികൾക്ക് വിശപ്പുണ്ടാകരുത്'; ഭൂകമ്പ ദുരിതബാധിതര്‍ക്ക് സമ്പാദ്യക്കുടുക്ക സംഭാവന ചെയ്ത് ഒമ്പതുവയസുകാരൻ

കഴിഞ്ഞ വർഷത്തെ ഭൂകമ്പത്തില്‍ നിന്ന് തലനാരിഴക്കായിരുന്നു ഈ ഒമ്പതുവയസുകാരനും കുടുംബവും രക്ഷപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    8 Feb 2023 4:35 AM GMT

Turkeys earthquake, Turkeys earthquake relief fund relief fund,9-year-old donates piggy bank money turkey earthquake,earthquake,syria earthquake,turkey syria earthquake,earthquake turkey,syria,turkey,syria turkey earthquake,earthquake in turkey,turkey earthquake now,turkey earthquake news,turkey earthquake 2023
X

അങ്കാറ: തുർക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ ഭൂകമ്പങ്ങളിൽ ആയിരക്കണക്കിന് പേർക്കാണ് ജീവൻ നഷ്ടമായത്. ഒരായുസ് മുഴുവൻ സമ്പാദിച്ചതെല്ലാം നിമിഷനേരം കൊണ്ട് തകർന്നടിഞ്ഞുപോയി. ഇനിയും പതിനായിരക്കണക്കിന് പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ .ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ടുപോയവർക്ക് ലോകത്തിന്റെ നാനാഭാഗത്ത് നിന്നും സഹായങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകയാണ്. അവരുടെ കൂട്ടത്തിലേക്ക് ഒരു ഒമ്പതുവയസുകാരനും തന്റെ പോക്കറ്റ് മണി സൂക്ഷിച്ച സമ്പാദ്യക്കുടുക്കയും ദുരിതബാധിതർക്ക് സംഭാവന ചെയ്തു.

നവംബറിൽ തുർക്കിയിലെ വടക്കുപടിഞ്ഞാറൻ ഡസ്സെ പ്രവിശ്യയിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിന്ന് താലനാരിഴക്ക് രക്ഷപ്പെട്ട അൽപാർസ്ലാൻ എഫെ ഡെമിർ എന്ന കുട്ടിയാണ് തന്റെ കൊച്ചു സമ്പാദ്യം തുർക്കി ജനതക്കായി സംഭാവന ചെയ്തത്.

ഭൂകമ്പത്തിന്റ ഭീതിയുയർത്തുന്ന ദൃശ്യങ്ങൾ ടിവിയിൽ കാണാനിടയായ എഫെ ഡെമിർ ആകെ അസ്വസ്ഥനായിരുന്നെന്നും അവർക്കായി തന്റെ സമ്പാദ്യക്കുടുക്ക നൽകട്ടെയെന്ന് ചോദിക്കുകയും ചെയ്തതായി അമ്മ സിനേം പറയുന്നു. കുട്ടിയും അമ്മയും ടർക്കിഷ് റെഡ് ക്രസന്റിന്റെ ഡസ്സെ ബ്രാഞ്ച് സന്ദർശിച്ച് പണം അധികൃതർക്ക് കൈമാറി. ഭൂകമ്പത്തെ അതിജീവിച്ചവർക്ക് ആശ്വാസവാക്കുകൾ കൊണ്ടൊരു കത്തും അവനെഴുതി.

''ഡൂസിൽ ഭൂകമ്പമുണ്ടായപ്പോൾ ഞാൻ വളരെ ഭയപ്പെട്ടിരുന്നു. കഴിഞ്ഞദിവസം രാജ്യത്തെ പല നഗരങ്ങളിലും ഉണ്ടായ ഭൂകമ്പത്തെപ്പറ്റി കേട്ടപ്പോൾ എനിക്കും ഇതേ ഭയമാണ് തോന്നിയത്. അതുകൊണ്ടാണ് മുതിർന്നവർ നൽകുന്ന പോക്കറ്റ് മണി അവിടെയുള്ള കുട്ടികൾക്ക് അയച്ചുകൊടുക്കാൻ തീരുമാനിച്ചത്,'' അവൻ പറയുന്നു.

'ഞാൻ ഇവിടെ ചോക്ലേറ്റ് വാങ്ങാതിരുന്നാലും കുഴപ്പമില്ല. അവിടെയുള്ള കുട്ടികൾക്ക് തണുപ്പോ വിശപ്പോ ഉണ്ടാകരുത്. ഞാൻ എന്റെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും അവിടെയുള്ള കുട്ടികൾക്ക് അയച്ചുകൊടുക്കും..'' ദുരിതബാധിതർക്കെഴുതിയ കത്തിൽ എഫെ ഡെമിർ എഴുതി.

തിങ്കളാഴ്ച പുലർച്ചെ, 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തുർക്കിയിലെ പലനഗരങ്ങളിലുമുണ്ടായത്. ഒമ്പത് മണിക്കൂറിന് ശേഷം, അതേ പ്രദേശത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.തുർക്കിയിലെ 10 പ്രവിശ്യകളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 8000 കവിഞ്ഞെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സിറിയയും ലെബനനും ഉൾപ്പെടെ മേഖലയിലെ പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. സിറിയയിലും ആയിരങ്ങൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ എട്ടുമടങ്ങ് വർധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്.

TAGS :

Next Story