Quantcast

ബംഗ്ലാദേശിൽ അവാമി ലീഗ് പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ; 91 പേർ കൊല്ലപ്പെട്ടു

സംവരണ വിഷയത്തിൽ പ്രക്ഷോഭം നടത്തിയവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ പ്രതിഷേധം.

MediaOne Logo

Web Desk

  • Published:

    5 Aug 2024 1:45 AM GMT

91 killed in Bangladesh as Sheikh Hasina supporters, protesters clash
X

ധാക്ക: ബംഗ്ലാദേശിൽ ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 91 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. സർക്കാർ മേഖലയിലെ തൊഴിൽ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യത്തോടെയാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

സംവരണം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിൽ വൻ പ്രക്ഷോഭമുണ്ടായിരുന്നു. 150ലധികം പേർ കൊല്ലപ്പെടുകയും 1000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംവരണവിഷയത്തിൽ ബംഗ്ലാദേശ് സുപ്രിംകോടതി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് അന്നത്തെ പ്രക്ഷോഭം അയഞ്ഞത്.

എന്നാൽ അന്ന് പ്രക്ഷോഭം നടത്തിയവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ പ്രതിഷേധം. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങി സാമൂഹികമാധ്യമങ്ങളെല്ലാം സർക്കാർ നിർദേശത്തെ തുടർന്ന് പ്രവർത്തനം നിർത്തിവച്ചു. 4ജി ഇന്റർനെറ്റ് സേവനം ലഭ്യമാക്കരുതെന്ന് മൊബൈൽ ഓപ്പറേറ്റർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, ബം​ഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ നിര്‍ദേശിച്ചു. സില്‍ഹറ്റിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ അധികാരപരിധിയിൽ താമസിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഓഫീസുമായി ബന്ധപ്പെടാനും നിർദേശം നൽകി.

TAGS :

Next Story