ഉരുകിയൊലിച്ച് 'ലിങ്കൺ'; വാഷിംഗ്ടണിൽ കൊടുംചൂട്
പ്രതിമയുടെ തലയാണ് ആദ്യം ഉരുകിത്തുടങ്ങിയത്, പിന്നാലെ കാലും ഉരുകി
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടണിലെ കൊടുംചൂടിൽ ഉരുകിയൊലിച്ച് യുഎസ് മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ മെഴുകുപ്രതിമ. വാഷിംഗ്ടൺ ഡിസിയിലെ എലമെന്ററി സ്‌കൂളിന് മുന്നിലുള്ള പ്രതിമയാണ് ഉരുകിയത്. താപനില 37 ഡിഗ്രി സെൽഷ്യസ് കടന്നതിന് പിന്നാലെ ആയിരുന്നു സംഭവം.
അഭ്യന്തര യുദ്ധകാലത്ത് അഭയാർഥി ക്യാംപ് ആയിരുന്ന സ്ഥലത്താണ് നിലവിൽ എലമെന്ററി സ്‌കൂളുള്ളത്. ഇവിടെ സാൻഡി വില്യംസ് എന്ന കലാകാരി ഒരുക്കിയതാണ് ആറടി ഉയരത്തിലുള്ള പ്രതിമ. പ്രതിമയുടെ തലയാണ് ആദ്യം ഉരുകിത്തുടങ്ങിയത്. പിന്നാലെ കാലും ഉരുകി. മെഴുക് ഉരുകിയിറങ്ങി, പലയിടത്തായി അടിഞ്ഞിരിക്കുന്ന നിലയിലാണ് ഇപ്പോൾ പ്രതിമ.
മെഴുകുതിരിയെ പോലെ കാലക്രമേണ ഉരുകുന്ന രീതിയിലാണ് പ്രതിമ രൂപകല്പന ചെയ്തിരുന്നത്. എന്നാൽ വിചാരിച്ചതിലും ഏറെ നേരത്തെ ചൂട് പ്രതിമ ഉരുക്കിയതായി കൾച്ചറൽ ഡിസി വിശദീകരിച്ചു. ചൂടേറ്റ് വീഴുമെന്നായപ്പോൾ പ്രതിമയുടെ തല അധികൃതർ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ മെഴുക് മുഴുവനായി ഉരുകിയിറങ്ങി. പ്രതിമ ഇപ്പോൾ പുനഃസ്ഥാപിച്ചാൽ ചൂടേറ്റ് വീണ്ടും ഉരുകുമെന്നതിനാൽ വെയിലിന്റെ കാഠിന്യം കുറഞ്ഞതിന് ശേഷം ഈ നീക്കത്തെ കുറിച്ച് ആലോചിക്കാം എന്ന നിലപാടിലാണ് അധികൃതർ.
Adjust Story Font
16