വീട്ടുതടങ്കൽ അഭ്യൂഹത്തിന് വിട; ഷി ജിൻപിങിനെ 'കണ്ടുകിട്ടി'
ചൈനീസ് പ്രസിഡൻറിന്റെ അസാന്നിധ്യം സംബന്ധിച്ച് വ്യാപക ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നിരുന്നത്
ബെയ്ജിങ്: വീട്ടുതടങ്കൽ അഭ്യൂഹങ്ങൾക്കടക്കം അറുതിവരുത്തി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പൊതുചടങ്ങിൽ പ്രത്യക്ഷപ്പെട്ടു. ബീജിങിൽ നടന്ന എക്‌സിബിഷൻ വേദിയിലാണ് ചൊവ്വാഴ്ച ഷി ജിൻപിങ് പങ്കെടുത്തത്. കഴിഞ്ഞ നൂറ്റാണ്ടിൽ ചൈന കൈവരിച്ച നേട്ടങ്ങൾ വിവരിക്കുന്ന എക്‌സിബിഷനിലാണ് പ്രസിഡൻറ് പങ്കെുടത്തതെന്ന് ഗവൺമെൻറ് വാർത്താഏജൻസിയായ ഷിൻഹുവ റിപ്പോർട്ട് ചെയ്തു. രണ്ടുവർഷത്തിനിടയിൽ ആദ്യമായി സെപ്തംബർ മധ്യത്തിൽ നടത്തിയ വിദേശയാത്രക്ക് ശേഷം ഇദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സെപ്തംബർ 16ന് അർധരാത്രിയാണ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്ക് ശേഷം ഉസ്‌ബെക്കിസ്ഥാനിൽ നിന്ന് ഷി ജിൻപിങ് തിരിച്ചെത്തിയത്. കോവിഡ് മഹാവ്യാധിക്ക് മുമ്പ് 2020 ജനുവരിയിൽ മ്യാൻമറിലേക്കാണ് അദ്ദേഹത്തിന്റെ വിദേശയാത്ര നടന്നിരുന്നത്.
വിദേശയാത്രയെ തുടർന്നുണ്ടായ പ്രസിഡൻറിന്റെ അഭാവം ചൈനയുടെ കടുത്ത കോവിഡ് പ്രോട്ടോക്കോൾ മൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്രാ യാത്ര നടത്തി രാജ്യത്തെത്തുന്നവർ ഏഴുദിവസം ഹോട്ടൽ ക്വാറൻൈറയ്‌നും മൂന്നു ദിവസം വീട്ടുക്വാറൻൈറയ്‌നും നടത്തണമെന്നാണ് നിയമം. ഇതിന് മുമ്പ് ചൈനീസ് ഭരണത്തിലുള്ള ഹോങ്കോങിൽ പോയി വന്നപ്പോഴും രണ്ടാഴ്ചയോളം ചൈനീസ് പ്രസിഡൻറ് പൊതുവേദികളിലുണ്ടായിരുന്നില്ല. ഹോങ്കോങിലെ ചൈനീസ് ഭരണത്തിന്റെ 25ാം വാർഷികം ആഘോഷിക്കുന്നതിൽ പങ്കെടുക്കാനായിരുന്നു യാത്ര. ഷാങ്ഹായ് ഉച്ചകോടിയിൽ ഷി ജിൻപിങ് വിരുന്നിൽ പങ്കെടുത്തിരുന്നില്ല. മിക്കപ്പോഴും മാസ്‌ക് ഉപയോഗിക്കുകയും ചെയ്തു.
ചൈനീസ് പ്രസിഡൻറിന്റെ അസാന്നിധ്യം സംബന്ധിച്ച് വ്യാപക ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നിരുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർണായക സമ്മേളനം ഒക്ടോബർ 16-ന് നടക്കാനിരിക്കെ പ്രസിഡന്റിനെ കാണാതായത് പല അഭ്യൂഹങ്ങൾക്കും വഴിവെച്ചിരുന്നു. ഷി ജിൻപിങ് വീട്ടുതടങ്കലിലാണെന്നാണ് ഒരു കൂട്ടർ പറഞ്ഞു. ചൈനീസ് പട്ടാളമായ പീപ്പിൾസ് ലിബറേഷൻ ആർമി(പി.എൽ.എ.) തലസ്ഥാനമായ ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും അഭ്യൂഹങ്ങളുണ്ടായി.
ഇതിനിടെ ബെയ്ജിങ് വിമാനത്താവളത്തിൽനിന്ന് ആറായിരത്തിലേറെ സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്നും വാർത്തവന്നു. ഉസ്‌ബെക്കിസ്ഥാനിലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനിൽക്കാതെ ഷി ജിൻപിങ് മടങ്ങിയിരുന്നു. ചൈനീസ് പട്ടാള മേധാവി സ്ഥാനത്ത് നിന്ന് ഷിയെ നീക്കം ചെയ്തുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അട്ടിമറി ആരോപിച്ച് ന്യൂ ഹൈലാൻഡ് വിഷൻ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ച സന്ദേശം വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയായിരുന്നു. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അർത്ഥശൂന്യമാണെന്നാണ് ചൈനീസ് നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നത്. ഷി ജിൻപിങ്ങിനെപ്പോലെ ശക്തനായ നേതാവിനെ അട്ടിമറിക്കാൻ, സ്വാധീനം കുറഞ്ഞ ഹു ജിന്താവോയ്ക്കും സംഘത്തിനും എളുപ്പമല്ലെന്ന് അവർ പറഞ്ഞു. പാർട്ടി കോൺഗ്രസോടെ ഷി മൂന്നാമതും ചൈനീസ് പ്രസിഡന്റായി അധികാരത്തിലെത്തുമെന്ന് ഏറക്കുറെ ഉറപ്പാണെന്നും നിരീക്ഷകർ പറഞ്ഞിരുന്നു. ഷി വിമർശകരായ രണ്ട് മുൻ മന്ത്രിമാർക്ക് ഈ ആഴ്ച വധശിക്ഷ ലഭിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നിരീക്ഷകരുടെ പ്രതികരണം.
After a break, Chinese President Xi Jinping appeared at the public ceremony
Adjust Story Font
16