ഇന്ത്യയിൽ മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വംശീയതയ്‌ക്കെതിരെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ
വിദ്യാർഥിനികൾക്ക് ഹിജാബ് ധരിക്കുന്നതിൽ വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി നിരവധി ആക്ടിവിസ്റ്റുകൾ രംഗത്തു വന്നിട്ടുണ്ട്
ഇന്ത്യയിൽ ഹിജാബുൾപ്പടെയുള്ള വിഷയങ്ങളിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന വംശീയതയ്ക്കതിരെ 57 രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ. കർണാടകയിൽ വിദ്യാർഥികൾക്ക് ഹിജാബിന് വിലക്കേർപ്പെടുത്തിയ നടപടി അതീവ ഗുരുതരമാണെന്ന് ഒ.ഐ.സി വ്യക്തമാക്കി. അതേസമയം ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ വർധിച്ചു വരുന്ന ആക്രമണത്തിൽ ഒ.ഐ.സി കേന്ദ്ര സർക്കാരിനെ ആശങ്കയറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ അക്രമം രൂക്ഷമായ സാഹചര്യത്തിൽ യു.എൻ മനുഷ്യാവകാശ കൗൺസിലും അന്താരാഷ്ട്ര സമൂഹവും ഇടപെടണം, ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തണമെന്നും മുസ്‌ലിംകളുടെ ജീവിത രീതിക്ക് സുരക്ഷ നൽകണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു. ആവർത്തിക്കുന്ന അക്രമങ്ങൾ മുസ്‌ലിം വിരോധം ഇന്ത്യയിൽ പടരുന്നതിന്റെ ലക്ഷണമാണെന്നും അക്രമികൾക്കെതിരെ ഇന്ത്യൻ സർക്കാർ നടപടിയെടുക്കണമെന്നും ഒ.ഐ.സി കൂട്ടിച്ചേർത്തു. ഇതിനോടകം തന്നെ വിദ്യാർഥിനികൾക്ക് ഹിജാബ് ധരിക്കുന്നതിൽ വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി നിരവധി ആക്ടിവിസ്റ്റുകൾ രംഗത്തു വന്നിട്ടുണ്ട്. ഹിജാബിന് പിന്തുണയറിയിച്ച് ഫ്രഞ്ച് മന്ത്രി എലിസബത്ത് മൊറേനോയും എത്തിയിരുന്നു. പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. ഹിജാബ് വിലക്കിനെതിരെ അമേരിക്കയിലടക്കം പ്രതിഷേധം കനക്കുകയാണ്. ഇതോടെ പ്രതിഷേധം അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിച്ചു.
എന്നാൽ കർണാടകയിൽ ഹിജാബ് വിലക്ക് കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഇടവളയ്ക്കു ശേഷം ഇന്ന് തുറന്ന സ്‌കൂളുകളിലെത്തിയ വിദ്യാർത്ഥികളെക്കൊണ്ട് അധികൃതർ ശിരോവസ്ത്രം നിർബന്ധിച്ച് അഴിപ്പിച്ചു. വഴങ്ങാത്തവരെ വീട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. മാണ്ഡ്യയിലെ ഒരു സർക്കാർ സ്‌കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ ഗേറ്റിനു പുറത്ത് പ്രധാനാധ്യാപിക തടയുന്നതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടു. വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളുമായി ഏറെനേരം വാക്കേറ്റമുണ്ടായെങ്കിലും സ്‌കൂൾ അധികൃതർ വഴങ്ങിയില്ല. ഒടുവിൽ ഹിജാബ് അഴിച്ചാണ് വിദ്യാർത്ഥിനികൾ ക്ലാസിലെത്തിയത്.
വിവാദങ്ങൾക്ക് തുടക്കം കുറിച്ച ഉഡുപ്പി ജില്ലയിലും ഇന്ന് സർക്കാർ സ്‌കൂളുകളിൽ ഹിജാബ് ധരിക്കുന്നത് തടഞ്ഞു. ഇവിടെ ഒരു സർക്കാർ സ്‌കൂളിൽ ഒൻപതാം ക്ലാസുകാരികൾക്ക് ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസിൽ വിലക്കേർപ്പെടുത്തി. ഒടുവിൽ ശിരോവസ്ത്രം അഴിച്ചാണ് ഇവരും ക്ലാസിൽ പ്രവേശിച്ചത്. ഷിമോഗയിൽ 10, ഒൻപത്, എട്ട് തരക്കാരായ 13 വിദ്യാർത്ഥികളെ ഹിജാബ് അഴിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് വീട്ടിലേക്ക് തിരിച്ചയച്ചു.
Adjust Story Font
16