ബന്ദികളെ ഉപേക്ഷിച്ചോ ഇസ്രായേൽ? സ്മോട്രിച്ചിനെതിരെ ഹമാസ് തടവിലാക്കിയവരുടെ കുടുംബം
- ഹമാസ് പൂർണമായും കീഴടങ്ങുന്നതുവരെ ഗസ്സയിൽ ആക്രമണം തുടരണമെന്നും ബെസാലെൽ സ്മോട്രിച്ച് ആവശ്യപ്പെട്ടിരുന്നു.
ജറുസലേം: വെടിനിർത്തൽ കരാർ എങ്ങുമെത്താത്ത സാഹചര്യത്തിൽ ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെതിരെ ഇസ്രായേലി ബന്ദികളുടെ കുടുംബാംഗങ്ങൾ രംഗത്ത്. പാർലമെന്റിലടക്കം പ്രതിഷേധം ശക്തമാക്കുകയാണ് തടവുകാരുടെ കുടുംബം. യുദ്ധം അവസാനിപ്പിക്കാനും ബന്ധുക്കളെ നാട്ടിലേക്ക് കൊണ്ടുവരാനുമുള്ള കരാറിനെ സ്മോട്രിച്ച് എതിർത്തതിനെതിരെയാണ് പ്രതിഷേധം.
ഇസ്രായേലിന്റെ സുരക്ഷക്ക് കരാർ ഒരു ദുരന്തമായിരിക്കുമെന്നാണ് സ്മോട്രിച്ച് നേരത്തെ പറഞ്ഞത്. ഹമാസ് പൂർണ്ണമായും കീഴടങ്ങുന്നതുവരെ ഗസ്സയിൽ ആക്രമണം തുടരണമെന്നും തീവ്ര വലതുപക്ഷക്കാൻ കൂടിയായ ബെസാലെൽ സ്മോട്രിച്ച് ആവശ്യപ്പെട്ടിരുന്നു. സ്മോട്രിച്ചിന്റെ പ്രസ്‌താവനക്ക് പിന്നാലെ രൂക്ഷ വിമർശനങ്ങളാണ് ഇസ്രായേലിൽ നിന്ന് തന്നെ ഉയർന്നത്.
2023 ഒക്ടോബർ 7ന് ഹമാസ് ബന്ദികളാക്കിയവരുടെ ഫോട്ടോകളുമായി നിരവധി കുടുംബങ്ങൾ ഇസ്രായേൽ പാർലമെന്റിലെ കമ്മിറ്റി മുറിയിലേക്ക് ഇരച്ചുകയറി. സ്മോട്രിച്ച് തടവുകാരെ ഉപേക്ഷിച്ചുവെന്ന് ആരോപിച്ച് മുദ്രാവാക്യം വിളിച്ച് അവർ പ്രതിഷേധിച്ചു. സാഹചര്യങ്ങൾ അനുകൂലമാണ്, ഒരു കരാറിലെത്തേണ്ട സമയമാണിത്. ഒരു മന്ത്രിയെന്ന നിലയിൽ ബന്ദികളെ തിരിച്ചുകൊണ്ടുവരുന്നതിനെ എങ്ങനെയാണ് എതിർക്കാൻ കഴിയുകയെന്നും കുടുംബാംഗങ്ങൾ ചോദിക്കുന്നു.
ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അന്തിമ വെടിനിർത്തൽ കരാറിന്റെ കരട് ഇസ്രായേലിനും ഹമാസിനും ഖത്തർ കൈമാറിക്കഴിഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗസ്സയിൽ നിന്ന് ഘട്ടം ഘട്ടമായി സൈന്യത്തെ പിൻവലിക്കുന്നതാണ് നിർദേശങ്ങളിൽ ഒന്ന്. ഇതിനോടൊപ്പം ബന്ദികളെ കൈമാറുന്നതും ഘട്ടംഘട്ടമായി നടക്കും. കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ഇസ്രായേൽ ചാര സംഘടനയായ മൊസാദിന്റെ തലവനും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധിയും ഖത്തർ പ്രധാനമന്ത്രിയും തമ്മിലുള്ള ചർച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാറിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. ട്രംപ് അധികാരമേല്‍ക്കും മുമ്പ് വെടിനിര്‍ത്തല്‍ സാധ്യമാക്കാനാണ് ശ്രമിക്കുന്നത്.
വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കഴിഞ്ഞ ഞായറാഴ്‌ച ഫോണിലൂടെ സംസാരിച്ചിരുന്നു. ജനുവരി 20ന് മുമ്പ് അതായത് ട്രംപ് അധികാരമേല്‍ക്കും മുമ്പ് വെടിനിർത്തൽ കരാറിലെത്താനാണ് യുഎസ് ശ്രമിക്കുന്നത്. ഇതിനായി യുഎസ് ഉദ്യോഗസ്ഥർ കിണഞ്ഞുപരിശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കരാറിനെ തുടക്കം മുതൽ തന്നെ ഇസ്രായേൽ എതിർത്തിരുന്നു. ഹമാസുമായുള്ള ഏതൊരു കരാറും ഇസ്രായേലിന് തോൽവിയും അപമാനവും ആയിരിക്കുമെന്ന് സ്മോട്രിച്ച് ഇസ്രായേൽ പാർലമെന്റിലെ ചർച്ചക്കിടെ പറഞ്ഞിരുന്നു. ഹമാസിന് കീഴടങ്ങുന്ന കരാറിന്റെ ഭാഗമാകില്ലെന്നും സ്മോട്രിച്ച് ഉറപ്പിച്ച് പറഞ്ഞു. ഇതിനെതിരെയാണ് ബന്ദികളുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ഗസ്സയിൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഗസ്സ സിറ്റിയിലെ സലാ അൽ-ദിൻ സ്‌കൂളിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ച് ഫലസ്‌തീനികൾ കൊല്ലപ്പെട്ടു. തിങ്കളാഴ്‌ച പുലർച്ചെ മുതൽ ഗസ്സയിൽ ആകെ 33 ഫലസ്‌തീനികൾ കൊല്ലപ്പെട്ടതായി മെഡിക്കൽ സ്രോതസുകളെ ഉദ്ധരിച്ച് അൽ ജസീറ അറബിക് റിപ്പോർട്ട് ചെയ്യുന്നു.
വടക്കൻ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ഉപരോധം 100 ദിവസം പിന്നിടുമ്പോഴാണ് ആക്രമണം കടുപ്പിക്കുന്നത്. ആക്രമണം ആരംഭിച്ചതിനുശേഷം ഏകദേശം 5,000 പേർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്‌തിട്ടുണ്ടെന്ന് ഫലസ്‌തീൻ ഉദ്യോഗസ്ഥർ പറയുന്നു. 2023 ഒക്ടോബർ 7 മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ വംശഹത്യയിൽ കുറഞ്ഞത് 46,584 ഫലസ്‌തീനികൾ കൊല്ലപ്പെടുകയും 109,731 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
Adjust Story Font
16