ഇംപീച്ച് ചെയ്ത ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട്
രാജ്യത്ത് ഇതാദ്യമായാണ് നിലവിലെ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്
സോൾ: പട്ടാള നിയമം ഏര്‍പ്പെടുത്തിയതിന് ഇംപീച്ച്‌മെന്റ് നേരിടുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂൻ സുക് യോളിനെതിരെെ അറസ്റ്റ് വാറണ്ട്. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് സോള്‍ വെസ്‌റ്റേണിലെ കോടതിയാണ് യോളിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് നിലവിലെ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്.
യോളിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി കറപ്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഫോര്‍ ഹൈ റാങ്കിങ് ഓഫീഷ്യല്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. പട്ടാള നിയമം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രസിഡന്റിനെതിരെ ഉന്നതതല അന്വേഷണം നടക്കുകയാണ്. അറസ്റ്റ് വാറണ്ട് നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് ജനുവരി ആറ് വരെ സമയമുണ്ട്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം 48 മണിക്കൂർ മാത്രമേ യൂനിനെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കസ്റ്റഡിയിൽ ലഭിക്കുകയുള്ളു.
ഡിസംബര്‍ 3ന് രാജ്യത്ത് പട്ടാള നിയമം ഏര്‍പ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രസിഡന്റ് യൂന്‍ സുക് യോളിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്ത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുക ലക്ഷ്യമിട്ടായിരുന്നു യൂന്‍ രാജ്യത്ത് പട്ടാള നിയമം ഏര്‍പ്പെടുത്തിയത്. എന്നാൽ പാർലമെന്റിന് അകത്തും പുറത്തും വലിയ പ്രതിഷേധങ്ങൾ ഉണ്ടായതോടെ ആറ് മണിക്കൂറിന് ശേഷം യൂൻ പട്ടാളനിയമം റദ്ദാക്കുകയായിരുന്നു.
പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് ഇപ്പോള്‍ ഭരണഘടനാ കോടതിയുടെ പരിഗണനയിലാണ്. അതിനിടെ, മുന്‍ പ്രധാനമന്ത്രിയും ഇടക്കാല പ്രസിഡന്റുമായ ഹാന്‍ ഡക്ക് സൂവിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസും പാര്‍ലമെന്റ് അംഗീകരിച്ചിട്ടുണ്ട്. ഭരണഘടനാ കോടതിയിലെ ഒഴിവുകൾ നികത്താൻ മൂന്ന് ജസ്റ്റിസുമാരെ നിയമിക്കാത്തതിനെ തുടർന്നാണ് ഹാന്‍ ഡക്ക് സൂവിനെതിരെ പ്രതിപക്ഷം ഇംപീച്ച്മെന്റ് പ്രമേയം സമര്‍പ്പിച്ചത്. നിലവിൽ ധനമന്ത്രി ചോയ് സാങ് മോക്കാണ് ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റിരിക്കുന്നത്.
Adjust Story Font
16