ദമസ്‌കസിൽ ഇറാൻ എംബസിക്ക് നേരെ ആക്രമണം; കെട്ടിടം അടിച്ചു തകർത്തു
ഖാസിം സുലൈമാനിയുടെയും ഹസൻ നസ്റുല്ലയുടേയും ചിത്രങ്ങൾ നശിപ്പിച്ച് അക്രമികൾ
ദമസ്‌കസ്: സിറിയയിലെ ഇറാൻ എംബസിക്കുനേരെ ആക്രമണം. ദമസ്‌കസിലെ എംബസി കെട്ടിടം അടിച്ചു തകർത്തു. ഓഫീസിലെ ഫയലുകൾ നശിപ്പിച്ച നിലയിലാണെന്ന് അറബ് മാധ്യമമായ അൽ അറേബ്യ റിപ്പോർട്ട് ചെയ്തു. എംബസിക്ക് പുറത്ത് പതിച്ചിരുന്ന ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയുടെയും ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുല്ലയുടേയും ചിത്രങ്ങൾ അക്രമികൾ നശിപ്പിച്ചു. ആക്രമണത്തിന് പിന്നാലാരാണെന്ന് വ്യക്തമല്ല.
ഇന്നലെ രാത്രിയാണ് വിമതസേന ദമസ്‌കസിലെത്തിയത്. വിമതസേനയക്ക് കാര്യമായ ഒരു ചെറുത്തുനിൽപ്പും നേരിടേണ്ടി വന്നില്ല. അപ്പോഴേക്കും പ്രസിഡൻ്റ് ബശ്ശാറുൽ അസദ് നാടുവിട്ടിരുന്നു. അസദ് രക്ഷപ്പെട്ടതോടെ സൈനികരും യൂണിഫോം ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങി. സിറിയയെ മോചിപ്പിച്ചതായി സർക്കാരിന്റെ ഔദ്യോഗിക ടിവിയിലൂടെ എച്ച്ടിഎസ് സംഘം പ്രഖ്യാപിച്ചു.
ദമസ്‌കസ് പിടിച്ചെടുത്തെങ്കിലും വിമതസേനാംഗങ്ങൾ സർക്കാർ സ്ഥാപനങ്ങൾ കയ്യേറുന്നത് വിലക്കി എച്ച്ടിഎസ് നേതാവ് അബൂ മുഹമ്മദ് അൽജൂലാനി രംഗത്തെത്തിയിരുന്നു. നിലവിൽ പ്രധാനമന്ത്രിയുടെ ഭരണത്തിനു കീഴിലാണ് സ്ഥാപനങ്ങൾ. ഔദ്യോഗികമായി കൈമാറ്റം ചെയ്യുന്നതുവരെ അവിടെ പ്രവേശിക്കരുതെന്നാണ് എച്ച്ടിഎസ് അറിയിക്കുന്നത്. സർക്കാരിന്റെ നടത്തിപ്പിനായി പ്രതിപക്ഷവുമായി കൈകോർക്കാൻ തയാറാണെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാസി ജലാലിയും അറിയിച്ചു.
Adjust Story Font
16