കൊറിയൻ യുവതികൾക്കെതിരെ ലൈംഗികാതിക്രമം; ആസ്‌ത്രേലിയയിലെ 'ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി' നേതാവിന് 40 വർഷം തടവ്
ബിജെപിയെ പിന്തുണയ്ക്കുന്ന ആഗോളസംഘടനയായ 'ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി'യുടെ ആസ്ത്രേലിയയിലെ സ്ഥാപകരിൽ ഒരാളാണ് ശിക്ഷിക്കപ്പെട്ട ബലേഷ് ധൻഘഢ്.

ന്യൂഡൽഹി: കൊറിയൻ യുവതികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 'ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി' ആസ്‌ത്രേലിയ ഘടകം സ്ഥാപകരിലൊരാളായ ബലേഷ് ധൻഘഢിന് 40 വർഷം തടവ്. ബലാത്സംഗത്തിന് 13 കേസുകളും, ബലാത്സംഗം ചെയ്യാൻ ഉദ്ദേശിച്ച് ലഹരിവസ്തുക്കൾ നൽകിയതിന് ആറ് കേസുകളും, സമ്മതമില്ലാതെ ഇന്റിമേറ്റ് വീഡിയോകൾ പകർത്തിയതിന് 17 കേസുകളും, ലൈംഗികാതിക്രമം നടത്തിയതിന് മൂന്ന് കേസുകളുമാണ് ധൻഘഢിനെതിരെ ചുമത്തിയത്. മൊത്തത്തിൽ, 2018 ജനുവരി മുതൽ ഒക്ടോബർ വരെ ചെയ്തതായി കണ്ടെത്തിയ 39 കുറ്റങ്ങളാണ് ധൻഘഢിനെതിരെ ചുമത്തിയിരിക്കുന്നത്. 2023 ഏപ്രിലിൽ സിഡ്‌നി ജൂറി 39 കുറ്റങ്ങളിലും ബലേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
കൊറിയൻ യുവതികളോട് താത്പര്യമുണ്ടായിരുന്ന ബലേഷ് കൊറിയൻ-ഇഗ്ലീഷ് പരിഭാഷകരുടെ ജോലിയുണ്ടെന്ന് വ്യാജ പരസ്യം നൽകിയാണ് ഇരകളെ കണ്ടെത്തിയിരുന്നത്. പരസ്യം കണ്ട് ജോലി അന്വേഷിച്ചെത്തുന്ന യുവതികളെ ഹോട്ടലിലേക്കോ തന്റെ ഫ്‌ളാറ്റിലേക്കോ വരുത്തിയ ശേഷം മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങൾ ഇയാൾ ക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു.
മുറിയിലെ ക്ലോക്കിലാണ് ഇയാൾ ഒളിക്യാമറ സ്ഥാപിച്ചിരുന്നത്. ഈ ദൃശ്യങ്ങളെല്ലാം യുവതികളുടെ പേരുകൾ നൽകിയുള്ള പ്രത്യേകം ഫോൾഡറുകളിലാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു. വ്യാജപരസ്യത്തോട് പ്രതികരിച്ച യുവതികളുടെ പേരും ഇ-മെയിൽ വിലാസവും അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ലെഡ്ജറും ഇയാൾ സൂക്ഷിച്ചിരുന്നു. ഓരോ യുവതികൾക്കും ഇയാൾ നൽകിയ വിശേഷണങ്ങളും ലെഡ്ജറിൽ പ്രത്യേകമായാണ് രേഖപ്പെടുത്തിയിരുന്നത്. ഫോണിൽ ബന്ധപ്പെട്ട വിവരങ്ങൾ വിശദീകരിക്കുന്ന 'കോൾ നോട്ട്‌സ്', നേരിട്ട് കണ്ടതിന് ശേഷമുള്ള കാര്യങ്ങൾ രേഖപ്പെടുത്താൻ 'മീറ്റിങ് ഇൻഫോ', നേരിട്ട് കണ്ട സമയം തുടങ്ങിയ കോളങ്ങൾ ലെഡ്ജറിലുണ്ടായിരുന്നു. ബലേഷിന്റെ ലെഡ്ജറും ഇതിലെ വിവരങ്ങളുമാണ് അന്വേഷണത്തിനിടെ പൊലീസ് കണ്ടെടുത്ത പ്രധാന തെളിവ്.
ന്യൂ സൗത്ത് വെയിൽസിൽ സമാനമായ ഒരു കുറ്റകൃത്യവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജില്ലാ കോടതി ജഡ്ജി മൈക്കൽ കിങ് പറഞ്ഞു. വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നും ഇരകൾ ക്രൂരമായ പീഡനമാണ് നേരിട്ടതെന്നും ജഡ്ജി പറഞ്ഞു. ഇരകൾക്ക് മയക്കുമരുന്ന് നൽകി അവരുടെ അനുമതിയില്ലാതെയാണ് ലൈംഗിക പീഡനം നടത്തിയതെന്ന കുറ്റം ബലേഷ് നിഷേധിച്ചു. കൺസെന്റ് എന്നതിന് തനിക്കും നിയമത്തിനും രണ്ട് തരത്തിലുള്ള വ്യാഖ്യാനമാണ് ഉള്ളത് എന്നായിരുന്നു ബലേഷിന്റെ വാദം.
2018ൽ അറസ്റ്റിലാകുന്നത് വരെ ആസ്‌ത്രേലിയൻ ഇന്ത്യക്കാർക്കിടയിൽ ബിജെപിയുടെ മുഖമായിരുന്നു ബലേഷ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബന്ധമുണ്ടായിരുന്ന ബലേഷ് ഹിന്ദു കൗൺസിൽ ഓഫ് ആസ്‌ത്രേലിയയുടെ വക്താവായാണ് പ്രവർത്തിച്ചിരുന്നതെന്ന് 9 ന്യൂസ് റിപ്പോർട്ട് ചെയ്തു.
സിഡ്‌നി ട്രെയിൻസിൽ ലീഡ് ഡാറ്റ വിഷ്വലൈസേഷൻ കൺസൽട്ടന്റായിരുന്നു ബലേഷ് ധൻഘഢ്. 2018-ൽ ഒട്ടേറെ സ്ത്രീകളെ ചൂഷണംചെയ്ത വേളയിലെല്ലാം ഇയാൾ സിഡ്നി ട്രെയിൻസിലാണ് ജോലിചെയ്തിരുന്നത്. ബലാത്സംഗക്കേസിൽ അറസ്റ്റിലായ ബലേഷ് ജാമ്യം ലഭിച്ചതിന് പിന്നാലെ മറ്റു ചില വൻകിട കമ്പനികളിലും കരാറടിസ്ഥാനത്തിൽ ജോലിചെയ്തു. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും മാധ്യമസ്ഥാപനമായ എബിസിയുമാണ് ഒരു വർഷത്തെ കരാറിൽ ഇയാളെ ജോലിക്ക് നിയമിച്ചത്. 2019 മുതൽ 2021 വരെയുള്ള കാലയളവിലാണ് ബലേഷ് ഈ കമ്പനികളിൽ ജോലി ചെയ്തിരുന്നത്.
ബിജെപിയെ പിന്തുണയ്ക്കുന്ന ആഗോളസംഘടനയായ 'ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി'യുടെ ആസ്ത്രേലിയയിലെ സ്ഥാപകരിൽ ഒരാളാണ് ബലേഷ് ധൻഘഢ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2014-ൽ സിഡ്നിയിൽ ഒരുക്കിയ സ്വീകരണത്തിൽ ഇയാൾ സജീവസാന്നിധ്യമായിരുന്നു. അതേസമയം, ബലാത്സംഗക്കേസ് ഉയർന്നുവന്നതോടെ ബലേഷ് നേരത്തെ തന്നെ സംഘടനയിൽനിന്ന് രാജിവെച്ചിരുന്നതായാണ് ഓവർസീസ് ഫ്രണ്ട്സ് നൽകിയ വിശദീകരണം. 2018 ജൂലൈയിൽ ബലേഷ് സംഘടനയിൽനിന്ന് രാജിവെച്ചതാണെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം നിയമനടപടി നേരിടണമെന്നുമായിരുന്നു ആസ്േ്രതലിയ ഓവർസീസ് ഫ്രണ്ട്സ് നേതൃത്വത്തിന്റെ പ്രതികരണം.
Adjust Story Font
16