'ശ്രീലങ്കൻ ജനതക്കൊപ്പം..'; 25 മില്യൺ ഡോളറിന്റെ അധിക സഹായവുമായി ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയക്ക് പുറമേ വിവിധ രാജ്യങ്ങൾ ശ്രീലങ്കക്ക് സഹായഹസ്തം നീട്ടിയിരുന്നു. എന്നിട്ടും ശ്രീലങ്കൻ ജനതയുടെ ദുരിതങ്ങൾക്ക് അറുതി വരുത്താനായില്ല.
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കക്ക് 25 മില്യൺ ഡോളർ അധികസഹായം നൽകുമെന്ന് ഓസ്‌ട്രേലിയ. ഏഴ് പതിറ്റാണ്ടിനിടെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. ഭക്ഷണം, ചികിത്സ എന്നിങ്ങനെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയുടെ ഇടപെടൽ.
'വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തിൽ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം നിൽക്കാനാണ് ഓസ്‌ട്രേലിയയുടെ തീരുമാനം'; ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. നേരത്തെ 75 മില്യൺ ഡോളർ സഹായം ഓസ്‌ട്രേലിയ ശ്രീലങ്കയിലേക്ക് എത്തിച്ചിരുന്നു. ഓസ്‌ട്രേലിയക്ക് പുറമേ വിവിധ രാജ്യങ്ങൾ ശ്രീലങ്കക്ക് സഹായഹസ്തം നീട്ടിയിരുന്നു. എന്നിട്ടും ശ്രീലങ്കൻ ജനതയുടെ ദുരിതങ്ങൾക്ക് അറുതി വരുത്താനായില്ല.
യുഎൻ ഏജൻസികൾ വഴി സഹായം എത്തിക്കാനാണ് ഓസ്‌ട്രേലിയയുടെ തീരുമാനം. പോഷകാഹാരം, ആരോഗ്യം, ശുദ്ധമായ കുടിവെള്ളം, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് പിന്തുണ നൽകുക എന്നിവയാണ് ലക്ഷ്യമെന്ന് ഓസ്‌ട്രേലിയൻ അധികൃതർ പ്രതികരിച്ചു.
Adjust Story Font
16