Quantcast

ആസ്ത്രേലിയയില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ കുട്ടികള്‍ക്ക് വിലക്ക്; പ്രായപരിധി നിശ്ചയിക്കും

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിലക്ക് ബാധകമാണ്

MediaOne Logo

Web Desk

  • Updated:

    2024-09-12 02:05:54.0

Published:

11 Sep 2024 5:50 AM GMT

Social Media Platforms
X

സിഡ്നി: ആസ്ത്രേലിയില്‍ വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതില്‍ കുട്ടികള്‍ക്ക് വിലക്ക്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രായപരിധി നിശ്ചയിക്കുമെന്ന് പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് എക്സില്‍ കുറിച്ചു. എല്ലാ അച്ഛനമ്മമാര്‍ക്കുമായുള്ള സന്ദേശത്തില്‍ പ്രായപരിധി നിശ്ചയിച്ച് കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് വിലക്കുന്നതിനായി നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിലക്ക് ബാധകമാണ്. ഈ വര്‍ഷം അവസാനത്തോടെ നിയമം പാസാക്കി നടപ്പിലാക്കുമെന്ന് ആസ്ത്രേലിയന്‍ ഗവണ്‍മെന്‍റ് അറിയിച്ചു. ഒക്ടോബർ അവസാനത്തോടെ പ്രായപരിധി അന്തിമമാക്കും. പ്രായപരിധി 14 വയസ് അല്ലെങ്കിൽ 16 വയസ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 13 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സോഷ്യൽ മീഡിയ കമ്പനികളെ നിർബന്ധിക്കുന്നതിനുള്ള കരട് നിയമങ്ങൾ സൗത്ത് ആസ്ത്രേലിയൻ പ്രാദേശിക സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

"കുട്ടികളെ മൊബൈല്‍ ഫോണുകളില്‍ നിന്നും ഒഴിവാക്കി മൈതാനങ്ങളിലും നീന്തൽക്കുളങ്ങളിലും ടെന്നീസ് കോർട്ടുകളിലും കാണാൻ ഞാൻ ആഗ്രഹിക്കുന്നു," ആല്‍ബനീസ് പറഞ്ഞു. "സാമൂഹിക മാധ്യമങ്ങൾ സാമൂഹിക ദ്രോഹത്തിന് കാരണമാകുമെന്ന് ഞങ്ങൾക്കറിയാവുന്നതിനാൽ അവര്‍ സമൂഹത്തിലുള്ളവരുമായി ഇടപെടണമെന്നും നല്ല അനുഭവങ്ങളുണ്ടാകണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു'' ആസ്ത്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കുട്ടികളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം സിഗരറ്റിലോ മദ്യത്തിലോ നിന്ന് വ്യത്യസ്‌തമല്ലെന്ന് പ്രസ്താവിച്ച സർക്കാർ എത്രയും വേഗം നിയമം കൊണ്ടുവരുമെന്നും ആവര്‍ത്തിച്ചു.

നിലവിൽ, ആസ്ത്രേലിയയിൽ, മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും അഡല്‍റ്റ് വെബ്‌സൈറ്റുകൾക്കും ഒരു ഉപയോക്താവ് ഒരു നിശ്ചിത പ്രായത്തിന് മുകളിലാണെന്ന് സ്ഥിരീകരിക്കാൻ ഒരു ബോക്‌സിൽ ടിക്ക് ചെയ്യേണ്ടതുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പുതിയ ഉപയോക്താക്കൾക്ക് നിശ്ചിത പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും (ഇന്‍സ്റ്റഗ്രാം- 13, ഫേസ്ബുക്ക്-14)) പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം നേടുന്നതിനായി പലരും വ്യാജ ജനനത്തീയതി സമർപ്പിക്കുന്നു.

കോവിഡ് മഹാമാരിയുടെ സമയത്താണ് ആസ്ത്രേലിയയില്‍ 8-12 വയസിനിടയിലുള്ളവരുടെയും 13-18 മധ്യേ പ്രായമുള്ളവരുടെയും സോഷ്യല്‍മീഡിയി ഉപയോഗം ഗണ്യമായി വര്‍ധിച്ചത്. കോമൺ സെൻസ് മീഡിയയുടെ പഠനമനുസരിച്ച്, 8 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾ ഒരു ദിവസം ശരാശരി അഞ്ചര മണിക്കൂർ സ്‌ക്രീനുകളിൽ ചെലവഴിക്കുകയും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. കൗമാരപ്രായത്തിലുള്ളവര്‍ പ്രതിദിനം എട്ടര മണിക്കൂറാണ് മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്നത്.

TAGS :

Next Story