Quantcast

ഇസ്രായേലിന് ആയുധക്കച്ചവടം; ആസ്‌ട്രേലിയൻ കടലിൽ കപ്പൽ തടഞ്ഞ് സാമൂഹികപ്രവർത്തകർ

ഫലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കിയും ഫലസ്തീൻ പതാകകൾ ഉയർത്തിയുമായിരുന്നു പ്രതിഷേധം

MediaOne Logo

Web Desk

  • Published:

    13 Nov 2023 11:29 AM GMT

Protesters on jet skis, small boats block Israeli cargo ship from docking at a Sydney port, Australian protesters block Israeli cargo ship at a Sydney port
X

സിഡ്‌നി: ഇസ്രായേൽ കപ്പൽ തടഞ്ഞ് ആസ്‌ട്രേലിയൻ സാമൂഹികപ്രവർത്തകർ. സിഡ്‌നി പോർട്ട് ബോട്ടണിയിലാണ് നൂറുകണക്കിന് ജെറ്റ് സ്‌കികളിൽ പ്രതിഷേധക്കാർ കപ്പലിനെ വളഞ്ഞത്. ഫലസ്തീൻ പതാകകളുമായെത്തിയ നൂറുകണക്കിനുപേർ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി.

ആസ്‌ട്രേലിയൻ ഫലസ്തീൻ ജസ്റ്റിസ് മൂവ്‌മെന്റ് എന്ന സംഘടനയാണ് ' ബ്ലോക്ക് ദ ബോട്ട്' എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഇസ്രായേൽ ചരക്കുകപ്പലായ 'സിം' ആണ് ഇവർ തടഞ്ഞത്. ഇസ്രായേലിലേക്ക് ആയുധം കൊണ്ടുപോകാനാണ് കപ്പൽ എത്തുന്നതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ഇസ്രായേൽ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെ മുഖ്യകൂട്ടാളികളാണ് ഇവരെന്നും ആരോപണമുണ്ട്.

ഇസ്രായേൽ ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന കാലത്തോളം അവരുടെ ഒരു കപ്പലിനെയും പോർട്ട് ബോട്ടണിയിലേക്കു കടത്തില്ലെന്ന് മൂവ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. കപ്പൽ തടയാൻ അനുവദിക്കില്ലെന്ന ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസിന്റെ മുന്നറിയിപ്പ് ലംഘിച്ച് ഇവർ പ്രതിഷേധവുമായി മുന്നോട്ടുപോകുകയായിരുന്നു. ഒരു സ്വതന്ത്ര രാജ്യത്താണു കഴിയുന്നതെന്നു കരുതി തുറമുഖത്തിറങ്ങി ആസ്‌ട്രേലിയയും ലോകത്തുടനീളമുള്ള പങ്കാളികളും തമ്മിൽ നടക്കുന്ന നിയമപരമായ വ്യാപാരത്തെ തടസപ്പെടുത്താനാകുമെന്ന് കരുതേണ്ടെന്നായിരുന്നു ക്രിസ് മിൻസിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ബുധനാഴ്ച മെൽബൺ തുറമുഖത്തിലും സമാനമായ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇസ്രായേൽ കപ്പലിലേക്ക് ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ പ്രതിഷേധക്കാർ തടഞ്ഞു. ബെൽജിയത്തിലും യു.എസിലെ ടകോമ തുറമുഖത്തിലും നടന്ന പ്രതിഷേധങ്ങളുടെ ചുവടുപിടിച്ചായിരുന്നു ഇത്.

അതിനിടെ, ഇസ്രായേലിനുള്ള ആയുധക്കച്ചവടം തടയണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം സാമൂഹിക പ്രവർത്തകർ ആസ്‌ട്രേലിയൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും ഗൂഢമായതും കണക്കില്ലാത്തതുമായ ആയുധക്കയറ്റുമതി നടത്തുന്ന രാജ്യമാണ് ആസ്‌ട്രേലിയയെന്നാണ് ഗ്രീൻസ് പാർട്ടി സെനറ്റർ ഡേവിഡ് ഷോബ്രിഡ്ജ് ആരോപിച്ചത്. ആർക്കൊക്കെ ഏതൊക്കെ ആയുധങ്ങളാണു നൽകുന്നതെന്ന് സർക്കാർ വെളിപ്പെടുത്തുന്നില്ല. ആയുധക്കച്ചവടത്തിൽനിന്ന് ആരാണു ലാഭമുണ്ടാക്കുന്നതെന്നും പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആസ്‌ട്രേലിയ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ നൽകുന്ന ആയുധങ്ങൾ ഉപയോഗിച്ചാണ് ഇസ്രായേൽ ഗസ്സയിൽ ആക്രമണം നടത്തുന്നതെന്ന് ഓസീസ് മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ആന്റണി ലോവെൻസ്‌റ്റൈൻ ആരോപിച്ചു. ഇസ്രായേലിനുള്ള ആയുധക്കച്ചവടത്തെ ആസ്‌ട്രേലിയയിലെ പ്രധാന പാർട്ടികളെല്ലാം പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Summary: Protesters on jet skis, small boats block Israeli cargo ship from docking at a Sydney port

TAGS :

Next Story