Quantcast

ശൈഖ് ഹസീനയുടെ പ്രസംഗങ്ങള്‍ വിലക്കി ബംഗ്ലദേശ് കോടതി

ശൈഖ് ഹസീന നടത്തിയത് വിദ്വേഷ പ്രസംഗമാണെന്ന് കോടതി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-12-06 09:11:35.0

Published:

6 Dec 2024 9:06 AM GMT

ശൈഖ് ഹസീനയുടെ പ്രസംഗങ്ങള്‍ വിലക്കി ബംഗ്ലദേശ് കോടതി
X

ധാക്ക: മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പ്രസംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബംഗ്ലദേശ് കോടതി. ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂട മേധാവി മുഹമ്മദ് യൂനുസ് വംശഹത്യയുടെ സൂത്രധാരനാണെന്ന ശൈഖ് ഹസീനയുടെ ആരോപണത്തിന് പിന്നാലെയാണ് കോടതിയുടെ നീക്കം. ഹസീനയുടെ പ്രസംഗങ്ങള്‍ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പൊതുജനങ്ങളുമായി പങ്കുവെക്കരുതെന്ന് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

ശൈഖ് ഹസീന നടത്തിയത് വിദ്വേഷ പ്രസംഗമാണെന്ന് കോടതി പറഞ്ഞു. ഹസീനയുടെ പ്രസംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കണമെന്നും അതിന്റെ വ്യാപനം തടയണമെന്നും അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാരുടെ ഹരജി പരിഗണിച്ച് ജസ്റ്റിസ് ഗുലാം മുര്‍തസ മസുംദാറാണ് ഉത്തരവിട്ടതെന്ന് വാര്‍ത്ത ഏജന്‍സിയായ ബംഗ്ലാദേശ് സംഗബാദ് സങ്‌സ്ത റിപ്പോര്‍ട്ട് ചെയ്തു.

മുഹമ്മദ് യൂനുസിനേയും ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികളേയും വിമര്‍ശിച്ചു കൊണ്ടുള്ള പ്രസംഗം ശൈഖ് ഹസീനയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ സ്വാധീനിക്കുമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകനായ ഗോലം മുനവര്‍ ഹുസൈന്‍ തമീമിന്റെ വാദം. തുടര്‍ന്നാണ് ശൈഖ് ഹസീന അടുത്തിടെ നടത്തിയതും, മുന്‍പ് നടത്തിയതുമായ എല്ലാ പ്രസംഗങ്ങളും നിരോധിച്ച് ബംഗ്ലാദേശ് കോടതി ഉത്തരവിറക്കിയത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി വിഭാഗം, ബംഗ്ലാദേശ് കമ്യൂണിക്കേഷന്‍ റഗുലേറ്ററി കമീഷന്‍ എന്നിവര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. പുറത്താക്കപ്പെട്ടതിന് ശേഷം ആദ്യമായി ശൈഖ് ഹസീന നടത്തുന്ന പൊതുപ്രസംഗം കൂടിയായിരുന്നു ഇത്.

TAGS :

Next Story